തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍ പള്ളികളേക്കാളും മസ്ജിദുകളേക്കാളും കൂടുതല്‍ തുക അമ്പലങ്ങളില്‍ നിന്നും കറന്റ് ബില്ലായി ഈടാക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്.
തികച്ചും വസ്തുതാവിരുദ്ധമായ പ്രചരണമാണിതെന്ന് കെ.എസ്.ഇ.ബി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കില്‍ തന്നെയാണ് വൈദ്യുതി ബില്‍ ഈടാക്കുന്നതെന്ന് കണക്കുകള്‍ നിരത്തികൊണ്ട് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
‘വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന Quasi Judicial Body അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്.
500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാര്‍ജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.’ കെ.എസ്.ഇ.ബിയുടെ പോസ്റ്റില്‍ പറയുന്നു.
വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് വ്യത്യസ്തമായ നിരക്കിലാണ് കേരളത്തില്‍ കറന്റ് ബില്‍ ഈടാക്കുന്നതെന്ന വിദ്വേഷ പ്രചരണം കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ആരംഭിക്കുന്നത്. വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജ് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടന്നത്. ‘മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്. ക്രിസ്ത്യന്‍ പള്ളി – 2.85/, മസ്ജിദ്- 2.85/, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ. ഈ വിവേചനത്തിന് കാരണമെന്തെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ’ എന്നായിരുന്നു ഈ വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജ്.
ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നാണ് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കെ.എസ്.ഇ.ബി എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ കഴിയില്ല.
വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.’
വര്‍ഗീയ ധ്രുവീകരണവും പൊതുമേഖല സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കലുമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം വ്യാജപ്രചരണങ്ങളുടെ ലക്ഷ്യമെന്നും അതില്‍ കേരള ജനത വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക