| Monday, 6th May 2019, 2:35 pm

കലക്ടറുടെ നിര്‍ദേശം മറികടന്ന് ശാന്തിവനത്തില്‍ ടവര്‍ നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം; കെ.എസ്.ഇ.ബി എത്തിയത് വന്‍ പൊലീസ് സന്നാഹത്തോടെ

ജംഷീന മുല്ലപ്പാട്ട്

പറവൂര്‍: ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നുള്ള എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നിര്‍ദേശം മറികടന്ന് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബോര്‍ഡിന്റെ നീക്കം.

വന്‍ പൊലീസ് സന്നാഹത്തോടെയാണ് കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ശാന്തിവനത്തില്‍ എത്തിയിരിക്കുന്നത്. ഇന്നു വൈകീട്ട് നാലു മണിക്ക് സമര സമിതിയുമായി കലക്ടര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കെ.എസ്.ഇ.ബി പൊലീസുമായി സ്ഥലത്തെത്തിയിരിക്കുന്നത്.

‘പണി തുടങ്ങാന്‍ വേണ്ടി പൊലീസുകാരെ കൂട്ടിയാണ് കെ.എസ്.ഇ.ബി വന്നിട്ടുള്ളത്. ഇനി സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ല. ഇന്നു നാലുമണിക്ക് കലക്ടര്‍ വിളിച്ച മീറ്റിങ്ങില്‍ കെ.എസ്.ഇ.ബിക്ക് എന്തെങ്കിലും അനുമതി ലഭിക്കും എന്ന് പ്രതീക്ഷിച്ചാവാം അവര്‍ പൊലീസിനെ കൂട്ടി വന്നത്. മീറ്റിങ്ങിനു ശേഷം ശാന്തിവനത്തില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഒരറിവുമില്ല.

പണി തുടങ്ങാന്‍ പോകുകയാണെങ്കില്‍ കെ.എസ്.എ.ബിക്ക് സംരക്ഷണം കൊടുക്കാനാണ് വന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. നിലവിലെ റൂട്ടില്‍ തന്നെ ടവര്‍ സ്ഥാപിക്കണം എന്ന് സമ്മതിപ്പിക്കാനായിരിക്കാം കലക്ടര്‍ മീറ്റിംഗ് വിളിച്ചിരിക്കുന്നത്. അതിലെ തീരുമാനം അറിഞ്ഞാല്‍ പെട്ടെന്നു തന്നെ പണി തുടങ്ങാനാവും കെ.എസ്.ഇ.ബി പൊലീസ് സംരക്ഷം നേടിയിരിക്കുന്നത്’- മീന മേനോന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കലക്ടറുടെ നിര്‍ദേശത്തെ മറികടന്ന് പൊലീസിനേയും കൂട്ടി കെ.എസ്.ഇ.ബി എത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ടവര്‍ നിര്‍മാണം തുടങ്ങാന്‍ കെ.എസ്.ഇ.ബി രാവിലെ തന്നെ എത്തിയിരുന്നു. പണി പുനരാരംഭിക്കാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി അറിയച്ചതനുസരിച്ച് പൊലീസ് എത്തുകയായിരുന്നു. മരങ്ങള്‍ കുറച്ചേ മുറിക്കൂ, നിങ്ങള്‍ ടവര്‍ നിര്‍മാണം തുടങ്ങാന്‍ സമ്മതിക്കണം എന്ന് പറയാനാവാം കലക്ടര്‍ മീറ്റിംഗ് വിളിപ്പിച്ചിരിക്കുന്നത്’- കുസുമം ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം വേണ്ടെന്ന് വെക്കില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞിരുന്നു. കാടു നശിപ്പിച്ചില്ലെങ്കില്‍ പ്രോജക്ട് നിന്നുപോകുമെന്നാണ് എം.എം മണി പറഞ്ഞത്. എന്നാല്‍ സി.പി.ഐ.എമ്മിന്റെ എറണാകുളം ലോക്സഭാ സ്ഥാനാര്‍ഥി പി.രാജീവ് ശാന്തിവനം സന്ദര്‍ശിക്കുകയും അതിന്റെ പാരിസ്ഥിതിക പ്രാധാന്യം ബേധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടവര്‍ വേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മെയ് രണ്ടിനാണ് കെ.എസ്.ഇ.ബിക്ക് കലക്ടര്‍ മുഹമ്മദ് സഫീറുള്ളനിര്‍ദേശം നല്‍കിയത്. ടവര്‍ നിര്‍മിക്കാന്‍ കുഴിയെടുത്തതിന്റെ സ്ലറി (ചളി) നീക്കം ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു. സ്ലറി നീക്കം ചെയ്യാന്‍ വനം വകുപ്പ് മേല്‍നോട്ടം വഹിക്കണമെന്നും ടവറിന്റെ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് അധികാരികളുടെ ഇടപെടല്‍ ഉണ്ടായത്. പരിസ്ഥിതി- സാഹിത്യ- സിനിമാ മേഖലയിലുള്ളവര്‍ സമരത്തില്‍ പങ്കാളികളായിരുന്നു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. നേരെ പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലെക്ക് മാറ്റിയപ്പോള്‍ സിഗ്-സാഗ് രീതിയിലാണ് കടന്നുപോകുന്നത്.

കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ പറഞ്ഞിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ടവര്‍ നിര്‍മാണം തുടങ്ങിയ പിറ്റേദിവസം ഡൂള്‍ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO WATCH THIS VIDEO:

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more