| Friday, 2nd April 2021, 10:01 am

അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു; സര്‍ക്കാരിനെതിരെ അഴിമതിയാരോപണവുമായി ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറില്‍ കെ.എസ്.ഇ.ബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു.

കരാറുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഹരിപ്പാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കയ്യിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുള്ള കരാറിലാണ് കെ.എസ്.ഇ.ബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറാണ് ഒപ്പുവെച്ചത്. ചെന്നിത്തല ആരോപിച്ചു.

നിലവില്‍ യൂണിറ്റിന് രണ്ടുരൂപാ നിരക്കില്‍ സോളാര്‍ ലഭ്യമാണെന്നിരിക്കേ 2.82 രൂപാ നിരക്കില്‍ ആണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടായിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പില്‍നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതല്‍ കൊടുക്കേണ്ടി വരും.

25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഒരു രൂപക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്രയും വലിയ സൈകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSEB Adani agreement Ramesh Chennithala raises corruption allegation against govt

We use cookies to give you the best possible experience. Learn more