ഇനി ഒരു മൗലവിയും മേക്ക് ഓവര്‍ ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.....
Opinion
ഇനി ഒരു മൗലവിയും മേക്ക് ഓവര്‍ ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.....
കെ.എസ്.എ കരീം
2019 Mar 23, 10:08 am
Saturday, 23rd March 2019, 3:38 pm

 

“നിങ്ങളൊരു മനോഹരമായ വീട് നിര്‍മിച്ച് അതിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടാല്‍ മോഷ്ടാക്കള്‍ കയറി വിഹരിക്കും.” സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലാത്തതാണ് അവര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും കാരണം എന്ന് സ്ഥാപിക്കാന്‍ മത പ്രഭാഷകരും പുരോഹിതരും ഫേസ്ബുക്ക് മതപ്രബോധകരുമെല്ലാം സ്ഥിരമായി പറയുന്ന ഉദാഹരണമാണിത്.

പുരോഗമന ചിന്ത പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന ഒരു സംഘത്തിന്റെ പള്ളിയില്‍ ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ കേട്ട വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ ഹൈലൈറ്റും ഇതു തന്നെയായിരുന്നു. ആസിഫ എന്ന ബാലികയെ കൂട്ട ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ആ കുഞ്ഞിന്റെ വസ്ത്രധാരണം മോശമായിട്ടാണോ മൗലവീ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്നും ഇനിയും ഇതേ മട്ടിലാണ് പ്രസംഗങ്ങളെങ്കില്‍ അടുത്തയാഴ്ച മുതല്‍ തനിക്ക് നമസ്‌കരിക്കാന്‍ വീടു മതിയെന്നുമാണ് പള്ളി കഴിഞ്ഞു മടങ്ങവെ വിശ്വാസിയായ ഒരു യുവതി പറഞ്ഞത്.

വിശ്വാസികള്‍ക്ക് സദാചാര സ്റ്റഡി ക്ലാസുകളെടുക്കുന്ന മത പ്രഭാഷകരും പുരോഹിതരും മറ്റും നടത്തിയ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരുന്നുണ്ട്. തുറന്നിട്ട വാതിലുകളിലൂടെയല്ല, ഓടു പൊക്കിയും വാതില്‍ കുത്തിത്തുറന്നും നടത്തിയ നാണംകെട്ട പീഡനങ്ങള്‍.

ധാര്‍മിക സദാചാര മുല്യത്തകര്‍ച്ചയില്‍ അത്യധികം വേവലാതിപ്പെടുന്നവരാണ് മുസ്‌ലിം പൗരോഹിത്യം. മതപാഠശാലകളും പള്ളി ദര്‍സുകളും ഋഷ്യശൃംഗന്‍മാരെ വാര്‍ത്തെടുക്കുന്ന നഴ്‌സറികളാണ്. കാരണം ലൈംഗിക സദാചാരം തന്നെ.

സ്വവര്‍ഗ ലൈംഗികതയും വിവാഹേതര ലൈംഗികതയും കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഏറ്റവും കൂടുതല്‍ കാമ്പയിനിംഗ് നടത്തിയത് ഈ വിഭാഗമാണ്. മിമ്പറുകളില്‍നിന്ന് (പ്രസംഗ പീഠം) അതിന്റെ അലയൊലി ഇനിയും വിട്ടുപോയിട്ടില്ല. അയല്‍ക്കാരന്റെ കിടപ്പു മുറിയില്‍ അസമയത്ത് വിളക്ക് തെളിഞ്ഞാല്‍ ലൈംഗിക സദാചാര ബോധത്താല്‍ അസ്വസ്ഥമാകുന്ന മനസ്സാണ് സദാചാര വാദികളുടേത്. ലൈംഗിക പീഡന കഥകള്‍ ഹരം പകരുന്ന ഹോട്ട് പീസും. സദാചാര പ്രഘോഷകര്‍ ഇത്തരം കഥകള്‍ തങ്ങളുടെ പ്രഭാഷണങ്ങളില്‍ എരിവും പുളിയും ചേര്‍ത്ത് കേസ് സ്റ്റഡിയായി അവതരിപ്പിക്കും. അടുത്തകാലത്ത് പുറത്തുവന്ന മീ ടൂ വെളിപ്പെടുത്തലുകള്‍ തങ്ങളുടെ സദാചാര കാഴ്ചപ്പാടുകളുടെ കാലിക പ്രസക്തിയാണെന്ന് അവര്‍ അവകാശപ്പെടുന്നു.

നരകത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുളളത് സ്ത്രീകളെയാണ് എന്നൊരു സ്ത്രീ വിരുദ്ധ പ്രസ്താവന പ്രവാചകന്റെ വായില്‍ തിരുകിവെക്കാനും മുസ്‌ലിം പുരോഹിതന്‍മാര്‍ക്ക് മടിയില്ല. ഒരാണും പെണ്ണും അടുത്തിരുന്നാല്‍ മുന്നാമതായി അവിടെ പിശാചുമുണ്ടാവും എന്നാണ് പ്രൊഫഷണല്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഡി.ടി.എസ് ശബ്ദത്തില്‍ വിളിച്ചുകൂവുന്നത്. മുസ്‌ലിംകളിലെ യാഥാസ്ഥിതിക വിഭാഗം പൊതുരംഗങ്ങളിലും ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പെടുത്തിയിട്ടുള്ളത് “ഫിത്‌നയുടെ ബാബ്” (കുഴപ്പത്തിന്റെ വാതില്‍) അടക്കുന്നതിന് വേണ്ടിയാണ്.

കല്ല്യാണ പന്തിയിലും മതപ്രബോധന സദസ്സിലും ക്ലാസ് മുറികളിലും കര്‍ട്ടന്‍. താഴ്ന്ന ക്‌ളാസുകളില്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്‌ളാസ് മുറികള്‍. പ്രത്യേകം പ്രത്യേകം കലോത്സവങ്ങള്‍, (പൗരാണിക ഗോത്ര സമൂഹങ്ങളിലൊക്കെ ഇങ്ങനെയായിരുന്നത്രെ.)

Also read:രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത് : പ്രഖ്യാപനം ഉച്ചയോടെയെന്ന് സൂചന

കല്യാണച്ചടങ്ങുകളില്‍ വീഡിയോഗ്രഫി നിരോധിക്കുക, സ്ത്രീ പ്രാതിനിധ്യമില്ലാത്ത സംഘടനാ സംവിധാനങ്ങള്‍, എല്ലാം ലൈംഗിക സദാചാരം മുന്‍നിര്‍ത്തിയുള്ള നിയന്ത്രമാണത്രെ. ചില മുസ്‌ലിം യാഥാസ്ഥിതിക വിഭാഗങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല, അത് രക്ഷാകര്‍ത്താവാണെങ്കില്‍ പോലും. രാജ്യത്ത് നിലനില്‍ക്കുന്ന മിശ്ര വിദ്യാഭ്യാസ രീതി തന്നെ നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരും തങ്ങളുടെ കാമ്പസുകളില്‍ അഥിതികളായി എത്തുന്ന സ്ത്രീകള്‍ വരെ സ്ഥാപനത്തിന്റെ ഡ്രസ്‌കോഡ് പാലിക്കമെന്ന് നിര്‍ബന്ധം പിടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ലൈംഗിക സദാചാരത്തിന്റെ പേരില്‍. എന്നാല്‍ സ്വയം ബോധ്യപ്പെടാത്ത, പാലിക്കാത്ത കാര്യങ്ങളാണ് അവര്‍ പ്രബോധനം ചെയ്യുന്നതെന്നാണ് വര്‍ത്തമാന കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മതപാഠ ശാലകളില്‍ ലിംഗ വ്യത്യാസം കൂടാതെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉസ്താദുമാരുടെ കഥകള്‍ ഒട്ടനവധി പുറത്തു വന്നിട്ടുണ്ട്. അവരെല്ലാം ലോ പ്രൊഫൈല്‍ പള്ളിത്തൊഴിലാളികളാണെന്ന് പറഞ്ഞ് തള്ളിക്കളയാറാണ് സമുദായ സ്‌നേഹികള്‍. എന്നാല്‍ അടുത്തകാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ സദാചാര ഭ്രംശങ്ങള്‍ താഴെ തട്ടില്‍ ഒതുങ്ങുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്. വിദേശത്ത് നിന്ന് മടങ്ങിവന്ന അറിയപ്പെടുന്ന പണ്ഡിതനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത് അയാളുടെ ക്‌ളാസിലെ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു എന്ന പരാതിയിലാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൊണ്ട് പോയത് ഗുരുവായൂരിലേക്കാണ്. ക്ഷേത്ര നഗരങ്ങളില്‍ ആള്‍ത്തിരക്ക് കുടുതലായത് കാരണം ധാരാളം ഹോട്ടലുകളുണ്ടാവും ആരുടെയും ശ്രദ്ധ പതിയുകയുമില്ല.

തലസ്ഥാന നഗരിയിലെ പള്ളിയില്‍ നിന്ന് മുഖ്യ പുരോഹിതന്‍ രായ്ക്കുരാമാനം പലായനം ചെയ്തതും പെണ്ണുകേസിലായിരുന്നു. പിന്നീടിയാളെ സംഘടനയില്‍ നിന്ന് പുറത്താക്കി. പ്രമുഖ പ്രഭാഷകനും പളളി ഇമാമുമായ പണ്ഡിത സംഘടനാ നേതാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനപ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയിലായി. സംഭവത്തെകുറിച്ച് അന്വേഷിച്ച മഹല്ല് കമ്മിറ്റിയും സംഘടനയും അദ്ദേഹത്തെ ജോലിയില്‍നിന്നും സംഘടനയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ജീന്‍സോ ലഗ്ഗിന്‍സോ പോലുള്ള അനിസ്‌ലാമിക വേഷംധരിച്ച് നരകത്തിലെ വിറകാകാന്‍ കച്ചകെട്ടിയിറങ്ങിയ പെണ്‍കുട്ടിയെയോ വത്തക്കാ ഷേപ്പില്‍ കട്ട് ചെയ്ത ചുരിദാര്‍ ധരിച്ച യുവതിയേയോ ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടിയേയോ കണ്ട് പ്രലോഭിതനായ ആളല്ല ടിയാന്‍. കൃത്യമായ പ്‌ളാനിംഗോടെയാണ് കാര്യങ്ങള്‍ നീക്കിയത്.

Also read:“രാഹുലിന് സ്മൃതി ജിയെ ഭയം; വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ പരാജയം മുന്നില്‍ കണ്ട്”; അവകാശവാദവുമായി ബി.ജെ.പി നേതാക്കള്‍

സ്‌കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടിയെ കാത്തുനിന്ന് കാറില്‍ കയറ്റി വനപ്രദേശത്ത് കൊണ്ടു പോയി പീഡിപ്പിക്കുന്നു. സംശയം തോന്നാതിരിക്കാന്‍ പര്‍ദ്ദധരിപ്പിക്കുന്നു. സ്വന്തം മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയെ കൊണ്ട് വിളിപ്പിച്ച് മാതാവിനോട് സംസാരിപ്പിക്കുന്നു. കൃത്യമായ ക്രിമിനല്‍ ബുദ്ധിയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പ്‌ളാന്‍ ചെയ്യാന്‍ കഴിയുക. ടിപ്പിക്കല്‍ വുമണൈസര്‍മാരുടെ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊണ്ടവര്‍.

എന്തുകൊണ്ട് ധാര്‍മിക സദാചാര മൂല്യങ്ങളുടെ പ്രചാരകരായ മതപുരോഹിതന്മാര്‍ വഴിതെറ്റിപ്പോകുന്നു. കാരണം കണ്ടെത്താന്‍ ഒരു പാട് കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടിവരും. പരമ്പരാഗത പള്ളി ദര്‍സുകള്‍ തിയോളജി പഠിക്കാന്‍ സൗകര്യമുള്ള ഇന്റഗ്രേറ്റഡ് കോളേജുകളായി പരിവര്‍ത്തിപ്പിക്കണം. പള്ളികളുടെ വസ്തു ശില്പ ഭംഗിയില്‍ കാലോചിത മാറ്റങ്ങള്‍ വന്നു. ഗ്രാനൈറ്റും മാര്‍ബിളും അറേബ്യന്‍ പരവതാനിയും സി.സി.ടി.വി ക്യാമറയും ഉണ്ടായി പക്ഷേ ദര്‍സിന്റെ ബൗദ്ധിക നിലവാരം മാത്രം മാറിയിട്ടില്ല.

നിലവിലുള്ള അത്തരം കോളേജുകളുടെ സിലബസ് കാലികമായി പരിഷ്‌കരിക്കണം. മത വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളും സിലബസിന്റെ ഭാഗമാകണം. സംഘടനകളുടെ ബ്രാന്റഡ് പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുന്ന രീതി മാറി ഇഷ്ടമുള്ള വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമുണ്ടാകണം. ഇത്തരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. അവര്‍ക്ക് ആരോഗ്യകരമായി ഇടപഴകാന്‍ അവസരം നല്‍കണം. എന്തിനാടാ ചക്കരേ നീ ഖത്തീബാകാന്‍ പോയത് എന്ന് ഒരൂ സഹപാഠിയായ പെണ്‍കുട്ടിക്ക് മത പണ്ഡിതനോട് ചോദിക്കാന്‍ പറ്റുന്ന തരത്തില്‍ സുതാര്യമായിരിക്കണം ആ ബന്ധങ്ങള്‍.

ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പെടുത്തണം. പുരോഹിത വൃത്തി ഒരു തൊഴിലായി അംഗീകരിക്കണം. മാന്യമായ വേതനം നല്‍കി അവരുടെ ആത്മാഭിമാനം ഉയര്‍ത്തണം. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എട്ടുമണിക്കൂര്‍ വിനോദം എന്ന രീതി മത തൊഴില്‍ മേഖലയിലും നടപ്പാക്കണം. താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് സൗകര്യം നല്‍കണം. വീടുകളില്‍ നിന്ന് ഭക്ഷണം നല്‍കുന്ന രീതി അവസാനിപ്പിക്കണം. പുരോഹിതന്മമാരുടെ ജീവിതം സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുന്ന രീതി ബന്ധപ്പെട്ട സമുദായം അവസാനിപ്പിക്കണം.

സാധാരണ വിശ്വാസികള്‍ക്കുള്ള എല്ലാ പൗര / മൗലികാവകാശങ്ങളും പുരോഹിതന്‍മാര്‍ക്കും വകവെച്ച് കൊടുക്കണം. ഐ.എസ്.എല്‍ കാണാനും കയ്യടിക്കാനും ആര്‍ത്ത് ചിരിക്കാനുമുള്ള അവകാശം മൗലവിമാര്‍ക്കും വകവെച്ച് കൊടുക്കണം. ഫിലിം ഫെസ്റ്റുകളിലും ലിറ്റററി ഫെസ്റ്റുകളിലും സാന്നിധ്യമറിയിക്കാന്‍ അവസരമുണ്ടാകണം. ബീച്ചില്‍ പോകാനും ഗസല്‍ സന്ധ്യകളില്‍ “നീലവെളിച്ചം നിലാമഴ പെയ്യുന്ന ഭോജനശാലതന്‍ കോണില്‍” പാട്ട് കേട്ട് ഭാര്യയുടെ തോളില്‍ തലചായ്ച്ചിരിക്കാന്‍ ബാഖവിമാര്‍ക്കും ഖാസിമിമാര്‍ക്കും കഴിയണം.

നോമ്പും പെരുന്നാളും കഴിഞ്ഞ് എന്‍ഫീല്‍ഡ് ബൈക്കില്‍ തവാംഗിലേക്ക് കുട്ടുകാരോടൊപ്പം റൈഡ് പോകാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകണം. സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൂം രാഷ്ട്രീയം പറയാനും അവര്‍ക്ക് സ്വാതന്ത്ര്യം വേണം. അവരുടെ സര്‍ഗാത്മകത പരമാവധി ചൂഷണം ചെയ്ത് സമുദായത്തിന് മുതല്‍കൂട്ടാക്കണം. ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മതപാഠശാലയില്‍ പഠിപ്പിക്കാനും മാത്രമായി അവരുടെ സേവനം ഒതുക്കരുത്. സമുദായത്തിലെ വിവിധ പ്രോജക്റ്റുകളില്‍ അവര്‍ക്ക് അവസരം നല്‍കണം. അഞ്ച് നേരത്തെ നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും ദിവസത്തില്‍ ഒന്നര മണിക്കൂര്‍ കുട്ടികളെ മതം പഠിപ്പിക്കാനും 24 മണിക്കൂര്‍ ഒരാളെ തളച്ചിടുന്നത് അയാളെ മടിയനും അലസനുമാക്കാനേ ഉപകരിക്കൂ. അലസനായ മനുഷ്യന്റെ മനസ്സ് പിശാചിന്റെ പണിശാലയായി മാറും എന്നാണ് പറയുന്നത്. ഇനിയും മത നേതൃത്വം ഈ പ്രതിസന്ധി തിരിച്ചറിയാത്ത പക്ഷം മേക്ക് ഓവര്‍ ചെയ്ത മുഖവുമായി ജീന്‍സും ടി ഷര്‍ട്ടുമണിഞ്ഞ മൗലവിമാര്‍ പൊലീസ് സ്റ്റേഷനില്‍ നമ്ര ശിരസ്‌കരായി നില്‍ക്കും. ഉത്തമ സമുദായാംഗങ്ങള്‍ പ്രതികളാകുന്ന പോക്‌സോ കേസുകളൂടെ എണ്ണം ഇനിയും പെരുകും.