കെ.എസ്. സേതുമാധവന്റെ മരണത്തോടെ മലയാളത്തിനും രാജ്യത്തിനും നഷ്ടമാകുന്നത് സിനിമയ്ക്ക് നവഭാവുകത്വം നല്‍കിയ കലാകാരനെ. ക്യാമറയ്ക്ക് പിന്നില്‍ കണിശതയോടെ പെരുമാറിയ കെ.എസ്. സേതുമാധവന്റെ കലാമികവാണ് മലയാളത്തിനും തമിഴിനും ദേശീയതലത്തില്‍ സ്ഥിരമായ ഇടമുണ്ടാക്കുന്നത്.
മലയാളത്തിന് ആറ് ദേശീയ അവാര്‍ഡുകള്‍ സേതുമാധവന്റെ സിനിമകള്‍ നല്‍കി. ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണി തീരാത്ത വീട് എന്നിവ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ഓപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം അച്ഛനും ബാപ്പയും എന്ന ചിത്രത്തിനും ലഭിച്ചു. തമിഴില്‍ ആദ്യമായി ഒരു സിനിമ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് സേതുമാധവന്‍ സംവിധാനം ചെയ്ത മറുപക്കമായിരുന്നു.
1995 ല്‍ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സ്ത്രീ എന്ന സിനിമ സംവിധാനം ചെയ്തതും സേതുമാധവനായിരുന്നു. സംവിധാനരംഗത്ത് മറ്റൊരാള്‍ക്കും എത്തിപിടിക്കാനാവാത്ത നേട്ടം!
നാല് തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.
കഴിഞ്ഞ കാലത്തേയും ഇപ്പോഴത്തേയും സൂപ്പര്‍താരങ്ങളെല്ലാം സേതുമാധവന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. അതില്‍ കമല്‍ഹാസനേയും മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും ജഗതിയേയും ആദ്യമായി മലയാള വെള്ളിത്തിരയിലെത്തിച്ചു എന്ന നേട്ടവും സേതുമാധവന് സ്വന്തം.
സേതുമാധവന്റെ ആദ്യ ചിത്രമായ കണ്ണും കരളിലുമാണ് കമല്‍ഹാസന്‍ ആദ്യമായി മലയാളത്തില്‍ ബാലതാരമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സത്യന്റെ മകനായിട്ടായിരുന്നു കമല്‍ അഭിനയിച്ചത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ കമലിനെ മലയാളത്തില്‍ ആദ്യമായി നായകനാക്കിയതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന സിനിമയിലാണ് കമല്‍ മലയാളത്തില്‍ ആദ്യമായി നായകനാകുന്നത്. ഇതേ സിനിമയിലൂടെ മറ്റൊരു പ്രതിഭയും മലയാള ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവെച്ചു, ജഗതി ശ്രീകുമാര്‍!
1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും അഭിനയരംഗത്തേക്ക് എത്തുന്നത്. ദേശീയ പുരസ്‌കാരം നേടിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി എത്തുന്നത്.
1961 മുതല്‍ 91 വരെയുള്ള 30 വര്‍ഷങ്ങളില്‍ 57 മലയാള ചിത്രങ്ങളും ആറ് തമിഴ് ചിത്രങ്ങളും രണ്ട് ഹിന്ദി ചിത്രങ്ങളും ഓരോ കന്നഡ, തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു.
നസീര്‍, സത്യന്‍, തിക്കുറിശ്ശി, കമല്‍ഹാസന്‍, എം.ജി.ആര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം സേതുമാധവന്റെ സിനിമകളിലൂടെ മികച്ച വേഷങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ചു.
ക്യാമറയ്ക്ക് പിന്നിലെ തന്റെ കണിശത കൊണ്ട് സാക്ഷാല്‍ എം.ജി.ആറിനെ പോലും സെറ്റിലേക്ക് കൃത്യസമയത്ത് എത്തിച്ച അനുഭവവമുണ്ട് സേതുമാധവന്.
എം.ജി.ആറിനെ കേന്ദ്ര കഥാപാത്രമാക്കി ‘നാളെ നമതെ’യുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം. രാവിലെ 9 മണിക്കാണ് ഷൂട്ടിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ, ആദ്യത്തെ രണ്ട് ദിവസും 10.45 നാണ് എം.ജി.ആര്‍ എത്തിയത്.
അതോടെ സേതുമാധവന്‍ എം.ജി.ആറിനോട് ഇങ്ങനെ ചോദിച്ചു ‘നാളെ നിങ്ങള്‍ എപ്പോഴാണ് വരിക? നാളെയും നിങ്ങള്‍ 10.45നാണ് വരുന്നതെങ്കില്‍ എനിക്ക് ഷെഡ്യൂള്‍ പുനഃക്രമീകരിക്കണം. വെറുതെ സമയം കളയാനാവില്ല”
ഇത് കേട്ട് സ്റ്റുഡിയോയിലുള്ളവര്‍ പകച്ചുപോയെങ്കിലും അടുത്ത ദിവസം എം.ജി.ആര്‍ കൃത്യം ഒമ്പത് മണിയ്ക്ക് സെറ്റിലുണ്ടായിരുന്നു.
സമാനമായി പ്രേം നസീറിനോടും തിക്കുറിശ്ശിയോടും പെരുമാറേണ്ടി വന്നതിനെക്കുറിച്ചും സേതുമാധവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിലിരുന്നു സിഗരറ്റ് വലിക്കുകയായിരുന്ന നസീറിനോടും തിക്കുറിശ്ശിയോടും പുറത്ത് പോയി സിഗരറ്റ് വലിക്കണമെന്ന് സേതുമാധവന്‍ പറഞ്ഞു. ഇത് കേട്ടതോടെ രണ്ടുപേരും ഒരക്ഷരം മിണ്ടാതെ പുറത്തേക്കുപോവുകയായിരുന്നു.