തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍. വാട്‌സാപ്പ് ഗ്രൂപ്പില്‍ ആശയം പങ്കുവച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച ശബരിനാഥന്‍ തന്നെ പോലെയൊരു പൊതുപ്രവര്‍ത്തകന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളാ പൊലീസിനെ ഞാന്‍ ഒരിക്കലും കുറ്റംപറയില്ല. അവരെ നിയന്ത്രിക്കുന്നവരുടെ വീഴ്ച തന്നെയാണിത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെക്കൊണ്ട് എന്തും ചെയ്യിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മിടുക്കരായ ഓഫീസര്‍മാരെ ഇത്തരം ചട്ടുകങ്ങളായി ഉപയോഗിക്കുന്നുണ്ട്. കോടതിയും പൊളിറ്റിക്കല്‍ സര്‍ക്കിളും മീഡിയാസുമൊക്കെ ശക്തമായ കേരളത്തില്‍ ഇങ്ങനെയൊരു നടപടി നടക്കില്ല എന്ന് സര്‍ക്കാരിന് എന്തുകൊണ്ട് മനസിലാകുന്നില്ല. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലെയോ പുടിന്റെ റഷ്യ പോലെയോ അല്ല, ഇത് കേരളമാണെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ഇന്നലെ 12 മണിക്കൂര്‍ നടന്ന നാടകത്തിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും ശബരിനാഥന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. ആ സമരത്തിന്റെ ഭാഗമായുള്ള ഒരു നിര്‍ദേശമാണ് ഞാന്‍ നല്‍കിയത്. അതില്‍ എന്ത് തെറ്റാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടിക്കും താനും സംഘടനയും തയ്യാറാണെന്നും ശബരിനാഥന്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ശബരിനാഥന്റെ പ്രതികരണം.