'മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ല'; ദീപികയുടെ വിമര്‍ശനത്തിന് മറുപടിയുമായി ശബരീനാഥ്
Kerala News
'മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ല'; ദീപികയുടെ വിമര്‍ശനത്തിന് മറുപടിയുമായി ശബരീനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th September 2021, 4:54 pm

തിരുവനന്തപുരം: നാര്‍ക്കോട്ട് ജിഹാദ് എന്ന പാല ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ നിലപാട് എടുത്തിതിന് താനടക്കമുള്ളവരെ വിമര്‍ശിച്ച ദീപിക പത്രത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍.

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടിയെന്നും പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോയെന്നുമുള്ള വിമര്‍ശനത്തിനാണ് മറുപടിയുമായി ശബരിനാഥന്‍ രംഗത്ത് എത്തിയത്.

യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളതെന്നും അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും ശബരിനാഥന്‍ പറഞ്ഞു.

പാല ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പ് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ടെന്നും വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന പേരിലായിരുന്നു ദീപിക പത്രത്തിലെ ലേഖനം. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതാണ് സത്യം എന്ന നിലപാട് എടുത്ത യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാനും ശബരീനാഥന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാട്ടി. നൂലില്‍ കെട്ടി ഇറക്കപ്പെട്ട ശബരിനാഥന് പാലായിലെ യൂത്തു കോണ്‍ഗ്രസുകാരെ അറിയണമെന്നില്ല. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുകയും ചെയ്യുമെന്നും ലേഖനം പറഞ്ഞിരുന്നു.

ഒരു ദേവാലയത്തില്‍ മെത്രാന്‍ നല്‍കിയ ഉപദേശത്തിനെതിരെ മെത്രാസന മന്ദിരത്തിലേയ്ക്ക് മാര്‍ച്ച് നടത്താനും മറ്റും മുതിരുന്നവരാണോ മതസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍. ഇവര്‍ക്കു വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ മതേതരത്വം വാദിക്കുന്നത് എന്നും ദീപികയുടെ ലേഖനത്തില്‍ ഉണ്ട്.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപം പഠിച്ചും വിലയിരുത്തിയുമാണ്. ഉന്നയിച്ച ആശങ്കകള്‍ സംബന്ധിച്ച വിശദീകരണം കൊടുക്കുവാനോ തയ്യാറാകാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചു പറയാന്‍ കാണിച്ച തിടുക്കം മുസ്‌ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി തോമസും ബിഷപ്പിന്റെ വാക്കുകളെ അപലപിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാണ്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം എന്നും ദീപിക ലേഖനത്തില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദീപിക ലേഖനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്‌ലിം തീവ്രവാദികളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്ന തരത്തില്‍ സംസാരിച്ചതെന്നായിരുന്നു ലേഖനത്തിലെ വിമര്‍ശനം.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാത്മാരാണ്. നാര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പ് എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജില്‍ ‘ ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പു രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തും.

ദീപികയിലെ വരികള്‍ ഇതാണ് ‘…….. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ’

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

KS  Sabrinath responds to Deepika’s criticism