സ്പ്രിംക്ലറില്‍ ശബരിനാഥിന്റെ യൂ ടേണ്‍; അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പിന് കേസ് നേരിടുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എ
sprinklr
സ്പ്രിംക്ലറില്‍ ശബരിനാഥിന്റെ യൂ ടേണ്‍; അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പിന് കേസ് നേരിടുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 10:10 am

കോഴിക്കോട്: സ്പ്രിംക്ലര്‍ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസ് നേരിടുന്നെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടില്ലെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. 24 ന്യൂസ് ചാനലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശബരിനാഥന്റെ പരാമര്‍ശം.

ചര്‍ച്ചയില്‍ പങ്കെടുത്ത സൈബര്‍ വിദഗ്ധന്‍ ജതിന്‍ ദാസ് പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സ്പ്രിംക്ലര്‍ കമ്പനി അമേരിക്കയില്‍ നേരിടുന്ന കേസ് ഐ.പി തെഫ്റ്റാണെന്നും ഡാറ്റാ മോഷണമല്ലെന്നും ജതിന്‍ ദാസ് പറഞ്ഞു.

ഇതോടെയാണ് ശബരിനാഥന്‍ പ്രതിപക്ഷം ഡാറ്റാ തട്ടിപ്പ് എന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞത്. ബൗദ്ധിക സ്വത്ത് തട്ടിപ്പ് കേസ് സംബന്ധിച്ചുള്ളത് തന്നെയാണ് പ്രതിപക്ഷവും പറഞ്ഞത്.

എന്നാല്‍ വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ ഡാറ്റാ തട്ടിപ്പെന്ന് പറഞ്ഞിട്ടുണ്ടെന്ന് ചര്‍ച്ച നയിച്ച ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ശബരിനാഥന്‍ സമ്മതിച്ചില്ല. സ്പ്രിംക്ലര്‍ ഡാറ്റാ തട്ടിപ്പ് കേസ് നേരിടുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും അതില്‍ താന്‍ ജതിന്‍ ദാസിനെ വെല്ലുവിളിക്കുന്നെന്നും ശബരി പറഞ്ഞു.

തങ്ങള്‍ പറഞ്ഞത് 27-ാം തിയതി മുതല്‍ 2-ാം തിയതി വരെ ഒരു കരാറുമില്ലാതെ കമ്പനിയ്ക്ക് ഡാറ്റാ കൊടുത്തുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 15 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പ്രിംക്ലര്‍ അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസ് നേരിടുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ലറെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

’50 മില്യണ്‍ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ പാര്‍ട്ണറായ മറ്റൊരു കമ്പനി 2 വര്‍ഷമായി അമേരിക്കയില്‍ കേസ് നടത്തുന്നു ഇവര്‍ക്കെതിരെ. ഡാറ്റാ തട്ടിപ്പാണ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. അതീവഗൗരവതരമായ പ്രശ്നമാണിത്’, എന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

ചാനല്‍ ചര്‍ച്ചകളില്‍ മറ്റ് യു.ഡി.എഫ് നേതാക്കളും സ്പ്രിംക്ലര്‍ ഡാറ്റാ തട്ടിപ്പ് കേസ് നേരിടുന്ന കമ്പനിയാണെന്ന് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: