| Tuesday, 19th July 2022, 1:58 pm

പൊലീസ് ഈ പണി നിര്‍ത്തി പിണറായി വിജയന് വിടുപണി ചെയ്യുന്നതാണ് നല്ലത്; ശബരീനാഥന്റെ അറസ്റ്റ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെ അറസ്റ്റ് നാണംകെട്ട സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാവിലെ ശബരിനാഥ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം തേടുകയും ചെയ്തിരുന്നു. ഈ ജാമ്യ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകനാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചാണ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇതിലും ഭേദം പൊലീസ് ഈ പണി നിര്‍ത്തി സി.പി.ഐ.എമ്മിന്റെ പോഷക സംഘടനകളില്‍ വല്ലതിലും ചേര്‍ന്ന് പിണറായി വിജയന് വിടുപണി ചെയ്യുന്നതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സമയവും രേഖകളും ഹാജരാക്കാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.

വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചന ആരംഭിക്കുന്നത് ശബരിനാഥില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ശബരിനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘സി.എം കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍…… വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലല്ലോ,’ എന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബരിനാഥ് സന്ദേശമയച്ചത്.

എന്നാല്‍, ഇത്തരം നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരിനാഥ് തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വന്‍ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ യാത്രാ വിലക്കും ഇന്‍ഡിഗോ വിമാന കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.

CONTENT HIGHLIGHTS: KS Sabarinathan’s arrest is cowardice of shameless government and Chief Minister Shafi Parampil MLA

We use cookies to give you the best possible experience. Learn more