തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെ അറസ്റ്റ് നാണംകെട്ട സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാവിലെ ശബരിനാഥ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം തേടുകയും ചെയ്തിരുന്നു. ഈ ജാമ്യ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകനാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചാണ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇതിലും ഭേദം പൊലീസ് ഈ പണി നിര്‍ത്തി സി.പി.ഐ.എമ്മിന്റെ പോഷക സംഘടനകളില്‍ വല്ലതിലും ചേര്‍ന്ന് പിണറായി വിജയന് വിടുപണി ചെയ്യുന്നതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സമയവും രേഖകളും ഹാജരാക്കാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.
വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചന ആരംഭിക്കുന്നത് ശബരിനാഥില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ശബരിനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.