തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയുടെ അധിക്ഷേപത്തെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിക്കുകയാണ് അബ്ദുറഹ്‌മാന്‍ ചെയ്തതെന്ന് ശബരീനാഥന്‍ പറഞ്ഞു.
‘പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ഇത്തരം സങ്കുചിത ചിന്താഗതികള്‍ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അബ്ദുറഹ്‌മാന്‍ കല്ലായി രംഗത്തെത്തി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിയാസിനെതിരായ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്.
‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്‌മാന്‍ കല്ലായി പറഞ്ഞു.
സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.
ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോള്‍ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികള്‍, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു.
എന്നാല്‍ ഇതേ സദസ്സില്‍ ശ്രീ അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും.