| Tuesday, 19th July 2022, 7:58 pm

​ഗൂഢാലോചന: കെ.എസ്. ശബരിനാഥിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വകവരുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥിന് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ പൊലീസിന് മുന്നിൽ ഹാജരാക്കണം, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സമാന കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മൂന്ന് ദിവസങ്ങളിലായി അന്വേഷണ സംഘത്തിന് മുന്നിൽ ശബരിനാഥ് ഹാജരാകേണ്ടതുണ്ട്. ബോണ്ടും ജാമ്യത്തിന് ബാധകമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു ശബരിനാഥിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കണമെന്നും മറ്റ് പ്രതികളോടൊപ്പം ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോൺ താൻ നൽകാമെന്ന് ശബരിനാഥ് ഉറപ്പുനൽകിയതോടയൊണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമക്കേസിൽ കെ.എസ് ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പി്ചചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം തേടിയിരുന്നു. ഈ ജാമ്യ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകനാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.

ഗൂഢാലോചന ആരംഭിക്കുന്നത് ശബരിനാഥില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ശബരിനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘സി.എം കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍…… വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലല്ലോ,’ എന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ശബരിനാഥ് സന്ദേശമയച്ചത്.

എന്നാല്‍, ഇത്തരം നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരിനാഥ് തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Content Highlight: KS sabarinath got bail from sessions court

We use cookies to give you the best possible experience. Learn more