| Monday, 17th June 2024, 4:33 pm

ഗീവര്‍ഗീസ് കൂറിലോസ് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്നെന്ന് കെ.എസ്. രാധാകൃഷ്ണന്‍; മറുപടിയുമായി സഹപാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗീവര്‍ഗീസ് കൂറിലോസിനെതിരെ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഗീവര്‍ഗീസ് കൂറിലോസ് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗമായിരുന്നെന്നും പി.യു.സി.എല്‍ (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) മനുഷ്യാവകാശ സംഘടനയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നെന്നുമാണ് കെ.എസ്. രാധാകൃഷ്ണന്റെ പരാമര്‍ശം. എ.ബി.സി മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

എന്നാല്‍ ഇതിനെതിരെ ഗീവര്‍ഗീസ് കൂറിലോസിന്റെ സഹപാഠിയും മുന്‍ സി.പി.ഐ.എം നേതാവുമായ സെബാസ്റ്റ്യന്‍ വട്ടമറ്റം രംഗത്തെത്തി. ഗീവര്‍ഗീസ് കൂറിലോസിനെ അധിക്ഷേപിക്കും വിധമാണ് രാധാകൃഷ്ണന്‍ അഭിമുഖം നല്‍കിയിരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. അതിനുവേണ്ടി കൂട്ടുപിടിച്ചിരിക്കുന്നത് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച പരാമര്‍ശങ്ങളുടെ വസ്തുതയെ കുറിച്ച് സെബാസ്റ്റ്യന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നാമത്തേത്, സെബാസ്റ്റ്യന്‍ വട്ടമറ്റവും ജോര്‍ജ് മാത്യു കൂറിലോസും ചങ്ങനാശേരിയില്‍ കളരിപ്പറമ്പ് കോളനിയിലെ സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതാണ്. ഈ വിവരം തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് കിട്ടിയതാവാമെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

സെബാസ്റ്റ്യന്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തുപാകുന്നത് 1981ല്‍ ആണ്. പിന്നാലെ മൂന്ന് വര്‍ഷത്തെ നൈജീരിയന്‍ ജീവിതത്തിന് ശേഷം 1985ല്‍ നാട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ജോര്‍ജ് മാത്യു എന്ന സെമിനാരി വിദ്യര്‍ത്ഥിയെ പരിചയപ്പെടുന്നത്. അക്കാലത്തുതന്നെ കൂറിലോസിന്റെ ആദ്യ പുസ്തകമായ ‘ഗ്രീന്‍ ലിബറേഷന്‍’ സെബാസ്റ്റ്യന്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു.


ഈക്കാര്യം വ്യക്തമാക്കിയാണ് സെബാസ്റ്റ്യന്‍ രാധാകൃഷ്ണന്റെ ആദ്യ പരാമര്‍ശത്തെ പ്രതിരോധിക്കുന്നത്. 1981ന് മുമ്പ് ഗീവര്‍ഗീസ് കൂറിലോസ് തന്റെ പാര്‍ട്ടി ബ്രാഞ്ചിലുണ്ടായിരുന്നെന്ന രാധാകൃഷ്ണന്റെ വാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതിന് തെളിവായി ഒന്നും തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇല്ലെന്നും സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

പി.യു.സി.എല്‍ ടീമുമായി കേണിച്ചിറയ്ക്ക് പോയപ്പപ്പോള്‍ സെബാസ്റ്റ്യനോടൊപ്പം ജോര്‍ജ് മാത്യുവും ഉണ്ടായിരുന്നു എന്നാണ് കെ.എസ്. രാധാകൃഷ്ണന്റെ രണ്ടാമത്തെ വാദം. ഇതിന്റ ടീം ലീഡര്‍ വിന്‍സെന്റ് പാനികുളങ്ങര രാധാകൃഷ്ണന്റെ സുഹൃത്താണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ‘വിന്‍സന്റ് ഇപ്പോള്‍ കാനഡയിലുണ്ട്. ഒന്ന് വിളിച്ചു ചോദിച്ച് ഉറപ്പുവരുത്താമായിരുന്നല്ലോ. അപ്പോള്‍പിന്നെ ഇങ്ങനെ പച്ചക്കള്ളമൊക്കെ വിളിച്ചു പറയാന്‍ പറ്റില്ലല്ലോ, അല്ലേ? ആര്‍ക്കോ വേണ്ടി സ്വയമൊരു നുണഫാക്ടറി ആകേണ്ടിവന്നതില്‍ ഈ മനുഷ്യനോട് എനിക്ക് സഹതാപമേ ഉള്ളു,’ എന്ന് സെബാസ്റ്റ്യന്‍ ഇതില്‍ പ്രതികരിച്ചു.

Content Highlight: KS Radhakrishnan said Geevarghese Kourilos was in the CPIM branch committee

We use cookies to give you the best possible experience. Learn more