| Monday, 27th December 2021, 5:59 pm

സ്വന്തം തലയില്‍ തീ കത്തിച്ച് കാപ്പി വെച്ച ആളല്ലേ? ഭാര്യ നല്‍കിയ ആത്മവിശ്വസത്തില്‍ ഡ്യൂപ്പില്ലാതെ ചെയ്തു; ഷിബു കത്തിച്ച പൈലി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയില്‍ വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഷിബുവിന്റെ മുതലാളിയായ ചായക്കടക്കാരന്‍ പൈലി. സിനിമയില്‍ ഷിബുവിനോടും ഉഷയോടുമുള്ള അയാളുടെ പെരുമാറ്റം സിനിമ കാണുന്ന ആര്‍ക്കും വെറുപ്പുളവാക്കുന്നതായിരുന്നു. നാടകത്തില്‍ സിനിമയിലെത്തിയ കെ.എസ്. പ്രതാപനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ അവസാന രംഗങ്ങളില്‍ ഷിബു പൈലിയെ കത്തിക്കുന്നുണ്ട്. ഈ ഭാഗം താന്‍ ഡ്യൂപ്പില്ലാതെയാണ് അവതരിപ്പിച്ചത് എന്ന് പറയുകയാണ് പ്രതാപന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതാപന്‍ തന്നെ കത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ വിവരിച്ചത്.

ഡ്യൂപ്പില്ലാതെ കത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ഞെട്ടിയെന്നും പിന്നീട് ഭാര്യയെ വിളിച്ചു സംസാരിച്ചുവെന്നും പ്രതാപന്‍ പറയുന്നു. ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തില്‍ നിങ്ങള്‍ സ്വന്തം തലയില്‍ തീ കത്തിച്ച് കാപ്പി വെച്ച ആളല്ലേ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാല്‍ അങ്ങട്ട് ചെയ്യെന്ന് ഭാര്യ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

എത്ര ശതമാനം ഗ്യാരണ്ടി തന്റെ ശരീരത്തിന് നല്‍കാമെന്ന് ചോദിച്ചപ്പോള്‍ ഇരുന്നൂറ് ശതമാനമെന്ന് സ്റ്റണ്ട് മാസ്റ്റര്‍ പറഞ്ഞുവെന്നും അതിനുശേഷം ചെയ്യാമെന്ന് മറുപടി നല്‍കുകയും ചെയ്തുവെന്നും പ്രതാപന്‍ പറയുന്നു. അങ്ങനെ ശരീരം മുഴുവന്‍ തുണി ചുറ്റി താന്‍ തന്നെ ആ രംഗം ചെയ്തുവെന്നും എന്നാല്‍ സിനിമയില്‍ ആ സീന്‍ എത്ര സമയം ഉണ്ട് എന്നതിനെ പറ്റി താന്‍ വേവലാതിപ്പെടുന്നേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിന്നല്‍ മുരളി …. ഏറെ സന്തോഷം സിനിമയില്‍ ഈ തയ്യാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷെ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കര്‍ണ്ണാടകയിലെഒരു വിദൂര ഗ്രാമത്തില്‍ സെറ്റിട്ട്, ഷിബു നാട് മുഴുവന്‍ കത്തിച്ച് താണ്ഡവമാടുമ്പോള്‍ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്, അതെടുക്കാനായിരുന്നു ഈ തയ്യാറെടുപ്പ്. ലൊക്കേഷനില്‍ ഞാന്‍ അവസാന നിമിഷമാണ് അറിഞ്ഞത് തീപിടിക്കുന്നുണ്ട് എന്ന്.

സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദര്‍ പഴയ പരിചയം പുതുക്കിയിട്ട് (അജഗജാന്തരത്തില്‍ വച്ച് പരിചയപെട്ടിരുന്നു) പറഞ്ഞു ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്, അതായത് ഞാന്‍ നിന്ന് കത്തണമെന്ന്. പറഞ്ഞ ആ നിമിഷം ഞാന്‍ ഒന്ന് ഞെട്ടി. അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു. ഞാന്‍ തീരുമാനം അറിയിക്കാന്‍ രണ്ട് മിനിറ്റ് ചോദിച്ചു.

ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് അലോചന.
സന്ധ്യ ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തില്‍ നിങ്ങള്‍ സ്വന്തം തലയില്‍ തീ കത്തിച്ച് കാപ്പി വെച്ച ആളല്ലെ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാല്‍ അങ്ങട്ട് ചെയ്യ്. ഫോണ്‍ വച്ചു: ഞാന്‍ ഒന്നും മിണ്ടിയില്ല.

സംവിധായകന്‍ ബേസില്‍, നടന്റെ തീരുമാനം എന്ന ശരീരഭാഷയില്‍ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റര്‍
ശിവപ്രസാദ് കെ.വി. എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ ടു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാന്‍ ശിവനെ നോക്കി മനസില്‍ പറഞ്ഞു.

ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട് (സുപ്രീം സുന്ദര്‍) ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി, മാസ്റ്റര്‍ പറഞ്ഞു ഇരുന്നൂറ് ശതമാനം, ഞാന്‍ ചെയ്യാം. പിന്നെ ഒരുക്കം, ശരീരം മുഴുവന്‍ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന് സോഡ ഒഴിച്ച് കൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാന്‍ അസിസ്റ്റന്‍ഡ് ഡയറക്റ്റര്‍ റീസ് തോമസിനോട് ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും ഒരു രണ്ട് പെഗ് എവിടെന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞു.

റീസ് വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാന്‍ കേട്ടു പക്ഷെ പല വോക്കിയില്‍ നിന്നും ‘പ്രതാപേട്ടന്‍ പെഗ് ചോദിക്കുന്നുണ്ടേ ‘ എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാന്‍ കേട്ടു പക്ഷെ ആ പെഗ് എന്നെ തേടി വന്നതേയില്ല.

ഒടുവില്‍ ഒരുക്കം പൂര്‍ത്തിയായി തണുത്ത് വിറച്ച് കാമറയുടെ മുന്‍പിലേക്ക് ആദ്യം ഒരു റിഹേഴ്‌സല്‍. രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോള്‍ ചുറ്റും നിന്നവര്‍ കൈയ്യടിച്ചു. സിനിമയില്‍ ആ സീന്‍ എത്ര സമയം ഉണ്ട് എന്ന് ഞാന്‍ വേവലാതിപ്പെടുന്നേയില്ല. ഞാന്‍ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല. പക്ഷെ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്.

പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കള്‍ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു പക്ഷെ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്‌ക്ക് എലമെന്റുണ്ടാകും എന്ന് ഞാന്‍ മനസിലാക്കുന്നു. എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുര്‍ബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്. അയാള്‍ ആത്മവിശ്വാസിയായ് മാറുന്നത് മിന്നല്‍ മുരളി ഞങ്ങള്‍ക്കെല്ലാര്‍ക്കും അതാണ് തന്നത്. ആത്മവിശ്വാസം, ഊര്‍ജ്ജം, ധൈര്യം, ഒരു മിന്നല്‍ ഒരോ മനുഷ്യനും ഏല്‍ക്കട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ks prathapan said that he didn’t use dupe for the fire scene

We use cookies to give you the best possible experience. Learn more