സിനിമാക്കാര്‍ക്കിടയിലെ ആനപ്രേമിയാണ് നടന്‍ ജയറാം. എന്നാല്‍ കടുത്ത ആനപ്രേമിയും അനകളോട് നിരന്തരം അടുത്ത് ഇടപഴകുകയും ചെയ്യുന്ന ജയറാം ആനയുടെ ശബ്ദം കേട്ട് പേടിച്ചോടിയ കഥപറയുകയാണ് മിമിക്രി താരം കെ.എസ്.പ്രസാദ്.
കലാഭവനില്‍ ജയറാമിനൊപ്പം കലാരംഗത്ത് സജീവമായിരുന്ന കെ.എസ്.പ്രസാദ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആനയുടെ ശബ്ദം കേട്ട് പേടിച്ചോടിയ ജയറാമിന്റെ കഥ പറയുന്നത്.
‘ജയറാം ഇന്നത്തെ പോലെ തന്നെ അന്നും വലിയ ആനപ്രേമിയായിരുന്നു. പ്രോഗ്രാമുകള്‍ക്ക് പോകാന്‍ ട്രൂപ്പ് വണ്ടിയില്‍ കയറിയാല്‍ അദ്ദേഹം ആനക്കഥകള്‍ പറയാന്‍ തുടങ്ങും. ചില സമയങ്ങളില്‍ എനിക്ക് മനസിലാകാറില്ല. ആനയെ പറ്റി തന്നെയാണോ സംസാരിക്കുന്നത് എന്ന് സംശയമായാരിക്കും. കാരണം ആനകളുടെ പേര് പറഞ്ഞായിരിക്കും അദ്ദേഹം കഥകള്‍ പറയുക.
ഒരിക്കല്‍, മൈസൂരിലേക്ക് ഒരു പ്രോഗ്രാമിന് പോയി. ബത്തേരി വഴിയായിരുന്നു യാത്ര. രാത്രി മുഴുവന്‍ ജയറാം ഉറങ്ങാതെ ഇരുന്നു. ബാക്കിയെല്ലാവരും ഉറങ്ങിയിരുന്നു. അന്നു പക്ഷേ ആനയെ കാണാനായില്ല. അതു കൊണ്ട് തന്നെ ജയറാം നിരാശനായിരുന്നു. എന്നാല്‍ അടുത്ത ദിവസം അതിരാവിലെ ആനയെ കണ്ടു. നന്നായി കാണാനായി ഞങ്ങള്‍ വണ്ടി നിര്‍ത്തിയതും ആന വാഹനത്തിനടുത്തേക്ക് ഓടിയടുത്തു. എല്ലാവരും പേടിച്ചു, ഡ്രൈവര്‍ പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്തത് കൊണ്ടാണ് രക്ഷപ്പെട്ടത്. ആന വാഹനത്തിന്റെ തൊട്ടുപിറകിലെത്തിയിരുന്നു.
അതു കഴിഞ്ഞ് കുറച്ച് ദൂരെ വണ്ടി നിര്‍ത്തി. ഒരു കുളത്തിന് സമീപത്ത് വെച്ച് പല്ലുതേക്കുകയായിരുന്നു ജയറാം. ചുറ്റിലും നോക്കിയാണ് അദ്ദേഹം പല്ലുതേച്ചുകൊണ്ടിരുന്നത്. ഞാന്‍ പതുക്കെ, അദ്ദേഹത്തിന്റെ പുറകിലൂടെ പോയി ആനയുടെ ശബ്ദമുണ്ടാക്കി. ശബ്ദം കേട്ടതും ജയറാം പേടിച്ചോടി. ഞാന്‍ പിറകില്‍ നിന്നും വിളിച്ചു പറഞ്ഞു ആനയല്ല, ഞാനാണെന്ന്. കെ.എസ് പ്രസാദ് പറഞ്ഞു.
content highlights; KS Prasad talks about Jayaram who was scared by the sound of an elephant