സ്ഥാപനവത്കൃത കൊലകളുടെ കാലം; ജാതിയും വര്‍ഗ്ഗവും ലിംഗവും ക്യാമ്പസുകളില്‍- കെ.എസ് മാധവന്‍ സംസാരിക്കുന്നു
കവിത രേണുക

അറിവ്, സാങ്കേതിക വിദ്യ, ശാസ്ത്രം എന്നിവ ഇന്ത്യയില്‍ എല്ലാക്കാലത്തും അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടന്നിരുന്ന ഒന്നാണ്. കാരണം സാമൂഹിക ബന്ധങ്ങളുമായി വളരെ അഭേദ്യമായി ബന്ധപ്പെട്ടാണ് ഈ അറിവുല്‍പ്പാദന വ്യവസ്ഥ പ്രവര്‍ത്തിച്ചത്. പാരമ്പര്യമായിട്ടുള്ള അറിവുകളാണെങ്കിലും പരമ്പരാഗതമായി നിലനിന്നിട്ടുള്ള അറിവുകളാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ വ്യവസ്ഥാപിതമായ ക്രമം സാമൂഹികമായി നിയന്ത്രിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

ധര്‍മ്മം, ധര്‍മ്മശാസ്ത്രം എന്ന് പറയുന്ന രീതിയിലുള്ള മനുഷ്യബന്ധങ്ങളും മനുഷ്യന്റെ സാമൂഹികബന്ധങ്ങളും മനുഷ്യന്‍ സമൂഹത്തില്‍ ഇടപെടുകയും അവന്റെ ഇടപാടിന്റെ ഭാഗമായി മനുഷ്യന്‍ നിര്‍മ്മിക്കുന്ന അറിവ്, സാങ്കേതിക വിദ്യ, നിപുണത തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടെല്ലാം ധര്‍മ്മമായിട്ടാണ് പൊതുവെ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്.

വര്‍ണ്ണവ്യവസ്ഥയില്‍ മുകള്‍ത്തട്ടില്‍ വരുന്ന വര്‍ണവിഭാഗങ്ങള്‍ക്ക് മാത്രമേ ജ്ഞാനം, അറിവ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശങ്ങള്‍ ഉണ്ടാകുന്നുള്ളൂ. അതുകൊണ്ടുതന്നെ പുറംതള്ളല്‍ വ്യവസ്ഥ കൂടിയാണ് ധര്‍മ്മശാസ്ത്രപാരമ്പര്യം. ഇന്ത്യയില്‍ ശാസ്ത്രം അടിസ്ഥാനപരമായി മനുഷ്യരെ പുറംതള്ളുന്ന പ്രക്രിയയാണ് എന്നാണ് ചുരുക്കം. അത് സ്ത്രീ-പുരുഷ ബന്ധങ്ങളുടേയാകാം, വര്‍ണ്ണബോധ്യങ്ങളുടേയാകാം, ജാതി മര്യാദകളുടേയാകാം വരേണ്യമായിട്ടുള്ള ശുദ്ധി-അശുദ്ധി ബോധങ്ങളില്‍ നിന്നാണ് ഈ പുറംതള്ളലുണ്ടാകുന്നത്. ഈ പുറംതള്ളല്‍ വ്യവസ്ഥയു െഭാഗമായിട്ടാണ് വിഖ്യാതമായിട്ടുള്ള മനുസ്മൃതിയില്‍ പറയുന്ന ശൂദ്രന്‍ അറിവ് നേടാന്‍ പാടില്ല എന്നുള്ള സങ്കല്‍പ്പങ്ങളുണ്ടാകുന്നത്.

സാമൂഹികമായിട്ടുള്ള പുറംതള്ളലിന്റെ തുടര്‍ച്ചായായിട്ടാണ് ഇന്ത്യയില്‍ ഈ ജ്ഞാനം എന്ന് പറഞ്ഞാല്‍ പാഠവല്‍ക്കരിക്കപ്പെട്ട, ക്രോഡീകരിക്കപ്പെട്ട സംസ്‌കൃതത്തിലുള്ളതും സംസ്‌കൃതത്തിന് ആധിക്യമുള്ളതുമായ വിജ്ഞാനരൂപങ്ങള്‍ അത് സാങ്കേതികവിദ്യയാണെങ്കിലും മറ്റേത് തരത്തിലുള്ള അറിവാണെങ്കിലും നിയന്ത്രിച്ചിരുന്നത് ഈ ത്രൈവര്‍ണികരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ്.

പൊതുവായിട്ടുള്ള ജ്ഞാനനിക്ഷേപം എന്ന രീതിയില്‍ അറിവെല്ലാവര്‍ക്കും പകര്‍ന്ന് കിട്ടേണ്ട ഒന്നായി കണ്ടത് ത്രൈവര്‍ണിക സംസ്‌കാരത്തിന് പുറത്തുള്ള സംസ്‌കാരങ്ങളോ അല്ലെങ്കില്‍ ത്രൈവര്‍ണ്ണിക-ബ്രാഹ്മണിക് അധികാരങ്ങള്‍ക്ക് എതിരായിട്ട് നടന്നിട്ടുള്ള മുന്നേറ്റങ്ങളൊക്കെയാണ്, അതായത് ബുദ്ധ-ജൈന രീതിയിലുള്ള മുന്നേറ്റങ്ങളൊക്കെ തന്നെയാണ് എല്ലാവര്‍ക്കും അറിവ് വേണമെന്ന് പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ഈ അടിച്ചമര്‍ത്തപ്പെട്ടവരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പടെയുള്ള പൊതുവെ നമ്മള്‍ കീഴാളരെന്ന് വിളിക്കപ്പെടുന്ന സമൂഹങ്ങള്‍ അല്ലാതെ തന്നെ അറിവ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതവര് ദൈനംദിന ജീവിതത്തില്‍ ഭൗതികമായിട്ടുള്ള വിഭവോല്‍പ്പാദനപ്രക്രിയയില്‍ പങ്കെടുത്തുകൊണ്ടാണ് അവര്‍ അറിവുല്‍പ്പാദിപ്പിക്കുന്നത്.

പ്രാക്ടിക്കലായിട്ടുള്ള അറിവ് കൈകാര്യം ചെയ്യുന്നത് ഹീനരും മോശക്കാരും അപരത്വമുള്ളവരും അല്ലെങ്കില്‍ അസൃപ്ശരായി മാറ്റുന്ന എന്നാല്‍ ജ്ഞാനപരമായിട്ടുള്ള മനനം, ചിന്ത അറിവിനെ സംഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ബ്രാഹ്മണര്‍ക്കും അങ്ങനെയുള്ള വിഭാദങ്ങള്‍ക്ക് മാത്രം സാധ്യമാകണമെന്നുള്ള ഒരു വര്‍ണവരേണ്യതയിലാണ് ശരിക്കും ഇന്ത്യയില്‍ അറിവ് വ്യവസ്ഥ നിലനില്‍ക്കുന്നത്.

അപ്പോള്‍ ഈ അറിവ് വ്യവസ്ഥ തന്നെ ഇന്ത്യയില്‍ ത്രൈവര്‍ണികര്‍ക്ക് നിയന്ത്രണമുള്ള ഒരു അറിവധികാര ബന്ധമായി മാറുകയും നിരന്തരം മറ്റ് മനുഷ്യരെ അപരത്വങ്ങളായി അല്ലെങ്കില്‍ ഹീനരായി അസ്പൃശ്യരായി തള്ളിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ആധുനിക കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം അതാണ്. കീഴാളരെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരിക്കലും ഈ അറിവ് സമൂഹത്തിലേക്ക് എത്തിപ്പെടാന്‍ സാഹചര്യമില്ലായിരുന്നു എന്ന് മാത്രമല്ല, അതിന് വേണ്ടി നടത്തിയുള്ള ശ്രമങ്ങളെല്ലാം ഹീനവും ഹിസാത്മകവുമായി തല്ലിയൊതുക്കി പുറംതള്ളിയൊരു വ്യവസ്ഥയാണ് നമ്മുടേത്.

പാരമ്പര്യമായി ഈ അധികാര കുത്തക നിലനിര്‍ത്തിയ ഈ വര്‍ണ്ണ സമൂഹങ്ങള്‍ക്കായിരുന്നു ഈ പശ്ചാത്യമായിട്ടുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഉള്ള ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും ആധിപത്യം സ്ഥാപിക്കാനായത്.

അതുകൊണ്ടാണ് ഈ കീഴാളരും പിന്നാക്കക്കാരും മുസ്ലീങ്ങളും ന്യൂനപക്ഷക്കാരും അടക്കമുള്ള വിഭാഗങ്ങള്‍ക്ക് കൊളോണിയല്‍ കാലത്ത് ആധിപത്യം സ്ഥാപിച്ച ശാസ്ത്ര സാങ്കേതിക- ഭാഷാ ജ്ഞാനങ്ങള്‍ സ്വായത്തമാക്കുന്നതിന് വലിയ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടിവന്നത്. ശാസ്ത്രം മുന്നോട്ടുവച്ച സാങ്കേതികവിദ്യയും അന്വേഷണത്വരയും വിമര്‍ശചിന്തയും ചുറ്റുപാടുകളെ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ സമീപിക്കുന്ന രീതിയൊന്നുമായിരുന്നില്ല ത്രൈവര്‍ണ്ണിക സമൂഹം സ്വീകരിച്ചിരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെയും പഠിപ്പിക്കുന്ന ശാസ്ത്രം, അതിനെ സാമൂഹിക പരിവര്‍ത്തനത്തിനുതകുന്ന രീതിയിലല്ല ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക വിദ്യ യാഥാസ്ഥിതികത്തേ അല്ലെങ്കില്‍ നവയാഥാസ്ഥിതികത്വത്തേയും സാമൂഹിക ആധിപത്യത്തേയും ജാതിയുടേയും വര്‍ണ്ണത്തിന്റേയും പുരുഷാധിപത്യത്തിന്റേയും അടിസ്ഥാനത്തിലുള്ള ക്രമത്തെ ഒരു രീതിയില്‍ സ്ഥാപിച്ചുറപ്പിക്കാനാണ് ശാസ്ത്രപഠനങ്ങള്‍ കാരണമായിട്ടുള്ളത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക ശാസ്ത്രം മാനവിക വിഷയം പഠിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികരും അന്ധവിശ്വാസികളും ഇന്ത്യയില്‍ ശാസ്ത്രം പഠിക്കുന്ന ആളുകളാണ്.

എന്നുവെച്ചാല്‍ സമൂഹത്തിലെ നവയാഥാസ്ഥിതികയ്ക്കും സവര്‍ണ്ണര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും പലപ്പോഴായിട്ട് മെറിറ്റ് വാദത്തിന്റെ പേരില്‍ സംവരണവിരുദ്ധതയുടെ പേരില്‍ ഒക്കെ ഇവര്‍ വലിയ യാഥാസ്ഥികരും ജനാധിപത്യവിരുദ്ധരും സാമൂഹിതനീതിയ്‌ക്കെതിരായ നിലപാടെടുക്കുന്നവരുമാണ് ഇന്ത്യയിലെ പല ശാസ്ത്രജ്ഞന്‍മാരും. വളരെ ചുരുക്കം പേരാണ് അതിനൊരപവാദം.

അത് കാണിക്കുന്നത് ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടത്തില്‍ കൊളോണിയല്‍ ശാസ്ത്രസാങ്കേതിക വിദ്യയായി വരികയും വികസിക്കുകയും ചെയ്ത ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക വിദ്യ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യത്യസ്ത ശാസ്ത്ര സാങ്കേതിക വിദ്യയായി മാറുകയും ഇപ്പോള്‍ കാണുന്നതെല്ലാം തന്നെ പരമ്പരാഗതമായി ത്രൈവര്‍ണിക ജാതി മേധാവികളുടെ നിയന്ത്രണത്തിലാണ്. കാരണം അധികാരബന്ധങ്ങളവര്‍ക്കായിരുന്നു, അതിനുള്ള സാഹചര്യങ്ങള്‍ അവര്‍ക്കായിരുന്നു. പ്രിവിലേജ്ഡായിട്ടുള്ള സാമൂഹികവിഭാഗങ്ങളാണ് ശാസ്ത്രവും സാങ്കേതികവിദ്യയും കൈയടക്കിയത്. അത് തങ്ങളുടെ ഒരു പിതൃസ്വത്തായി അവര്‍ കാണുകയും ചെയ്തു.

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ