കോഴിക്കോട്: ആര്‍.എം.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ സ്ത്രീവരുദ്ധ പരമാര്‍ശത്തെ തള്ളിപ്പറഞ്ഞ് ആര്‍.എം.പിയും കോണ്‍ഗ്രസും. ഹരിഹരന്റെ പരമാര്‍ശം ഒരിക്കലും സഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പാര്‍ട്ടി തള്ളിപ്പറഞ്ഞത് മാതൃകാപരമാണെന്നും കെ.കെ. രമ എം.എല്‍.എ പറഞ്ഞു.
ഹരിഹരന്‍ മാപ്പ് പറഞ്ഞതിന് ശേഷവും സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോട് കൂടിയാണെന്നും കെ.കെ. രമ വടകരയില്‍ പറഞ്ഞു. സംസാരിക്കുമ്പോള്‍ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെ.കെ.രമ പറഞ്ഞു.
അതേസമയം കെ.എസ്. ഹരിഹരന്റേത് നാക്കുപിഴയാണെന്നും അതിന്റെ പേരില്‍ വേദനയുണ്ടായ എല്ലാ സ്ത്രീകളോടും താന്‍ മാപ്പ് ചോദിക്കുന്നതായും പരിപാടിയുടെ സംഘാടകന്‍ കൂടിയായ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും, ദൗര്‍ഭാഗ്യകരമായതുമായ പ്രസ്താവനയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
സംഭവിച്ചത് നാക്കുപിഴയാണെന്നും പ്രസംഗം കഴിഞ്ഞപ്പോള്‍ തന്നെ അത് തിരുത്തിയിരുന്നെന്നും കെ.എസ്. ഹരിഹരനും പറഞ്ഞു. വ്യക്തിപരമായ തന്റെ പിഴവിന് പാര്‍ട്ടി ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ചത് തെറ്റിന് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് കൊടുത്ത് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വടകരയില്‍ ആര്‍.എം.പിയും യു.ഡി.എഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് കെ.എസ്. ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കെ.കെ. ശൈലജയെയും നടി മഞ്ജുവാര്യരെയും ലൈംഗികമായി അധിക്ഷേപിക്കുന്നതായിരുന്നു.
പ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് നേതാവ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പടെയുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രസംഗം കഴിഞ്ഞതിന് പിന്നാലെ തന്നെ കെ.എസ്. ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കെ.എസ്. ഹരിഹരന്റെ പ്രസ്താവനയെ നിയമപരമായി നേരിടാനാണ് ഡി.വൈ.എഫ്.ഐയും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ഇന്ന് റൂറല്‍ എസ്.പിക്ക് പരാതി നല്‍കും. സൈബര്‍ മേഖലയിലും കെ.എസ്. ഹരിഹരന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
content highlights: KS Hariharan’s anti-women remarks; Denied by RMP and Congress