ടി.പി ചന്ദ്രശേഖരന്‍ ജീവിതവും പ്രത്യയശാസ്ത്രവും
Discourse
ടി.പി ചന്ദ്രശേഖരന്‍ ജീവിതവും പ്രത്യയശാസ്ത്രവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th July 2012, 5:23 pm

 

എസ്സേയ്‌സ്/കെ.എസ്.ഹരിഹരന്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ 2012 മെയ് 4ന് മുമ്പും പിമ്പും എന്നു നെടുകെ വിഭജിച്ച് സ. ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായി. വര്‍ഗശത്രുക്കളെക്കാള്‍ അപകടകാരികളായി തീര്‍ന്ന റിവിഷനിസ്റ്റുകളുടെ ഫാസിസ്റ്റ് മുറയിലുള്ള ആക്രമണത്തിലാണ് ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത്. ചരിത്രത്തില്‍ ഇതിനു സമാനമായി മറ്റൊരു രക്തസാക്ഷിത്വമേയുള്ളൂ. അത് ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന റോസ ലക്‌സംബര്‍ഗിന്റേതാണ്.[]

വലതുപക്ഷത്തേക്ക് ചുവടുമാറിയ സ്വന്തം നേതാക്കളാല്‍ കൊലചെയ്യപ്പെടുകയായിരുന്നു റോസ. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ തൊഴിലാളി വര്‍ഗ്ഗവിരുദ്ധമായ സമീപനങ്ങളോട് വിയോജിച്ച് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിക്കുകയും അതിനകത്തെ വിപ്ലവപക്ഷമായ സ്പാര്‍ട്ടക്കസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുകയും ചെയ്ത റോസ ലക്‌സംബര്‍ഗിനെ നാസാക്കെഗാര്‍ഡ് എന്നു വിളിക്കപ്പെട്ട പ്രതിവിപ്ലവകാരികളുടെ ക്രിമിനല്‍ സംഘം 1919 ജനുവരി 15ന് വെടിവെച്ചുവീഴ്ത്തി വെള്ളമൊഴുകുന്ന കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

നിരവധി മാസങ്ങള്‍ക്കുശേഷമാണ് റോസയുടെ ഭൗതികദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വലതുപക്ഷവുമായുള്ള തെരുവുയുദ്ധത്തിലോ അല്ലെങ്കില്‍ ജയില്‍മുറിയിലോ കിടന്ന് മരിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കൊല്ലപ്പെടുന്നതിന് രണ്ടു വര്‍ഷം മുമ്പേ റോസ ലക്‌സംബര്‍ഗ് തന്റെ സുഹൃത്ത് സോല്‍ജലീബക് നെഹ്റ്റിനെഴുതിയ കത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ടി.പി ചന്ദ്രശേഖരനും റോസയെപ്പോലെ മരണം മുന്‍കൂട്ടിക്കണ്ട് കൊലക്കത്തിയുടെ മുമ്പിലേക്ക് ധീരമായി നടന്നുവന്ന കമ്മ്യൂണിസ്റ്റായിരുന്നു. രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്കാണ് ടി.പി ചന്ദ്രശേഖരനും സഞ്ചരിച്ചത്.

പതിനെട്ടാം വയസ്സില്‍ തന്റെ ജന്മഗ്രാമമായ നെല്ലാച്ചേരിയിലെ സി.പി.ഐ.എം ബ്രാഞ്ചിന്റെ സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ടി.പി ചന്ദ്രശേഖരന്‍ ബാലസംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും രാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങള്‍ സ്വാംശീകരിച്ച വിപ്ലവകാരിയാണ്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സമരപരമ്പരകളുടെ വേലിയേറ്റക്കാലത്ത് അതിന്റെ നേതൃനിരയില്‍ ഉറച്ചുനിന്ന് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ നെഞ്ചേറ്റുവാങ്ങിയ ഈ ചെറുപ്പക്കാരന്‍ തന്റെ നിലപാടുകള്‍ ആരുടെ മുഖത്തുനോക്കിയും ഉറപ്പിച്ചു പറയുന്ന ധീരനായിരുന്നു. അതിനാല്‍തന്നെ അതാതുകാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാദസേവയും സ്തുതിപാടലും മൂലധനമാക്കി പാര്‍ലമെന്ററി പദവിയിലേക്ക് കാലെടുത്തുവെച്ചവരും അതിന്റെ സുഖഭോഗങ്ങള്‍ ജീവിതാന്ത്യംവരെ ആസ്വദിക്കാനായി നിലപാടുകളെ വഴിയിലുപേക്ഷിക്കുന്നവരുമായ ഇക്കാലത്തെ സി.പി.ഐ.എം നേതൃനിരയ്ക്ക് ചന്ദ്രശേഖരന്‍ അസ്വീകാര്യനായി.

ചെറുപ്പം മുതലേ താന്‍ സ്വാംശീകരിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളോട് വിടപറയാന്‍ ഒരു ഘട്ടത്തിലും ചന്ദ്രശേഖരന്‍ തയ്യാറായില്ല. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവുകഴിവായി കണ്ടെത്തി റിവിഷനിസ്റ്റ് പാതയിലേക്ക് സി.പി.ഐ.എം ചുവടുമാറ്റിയപ്പോഴും ചന്ദ്രശേഖരന്‍ വിപ്ലവകരമായ പ്രത്യയശാസ്ത്രമായി മാര്‍ക്‌സിസത്തെ മുറുകെ പിടിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി സി.പി.ഐ.എം നേതൃത്വം മാറിയപ്പോഴും ചന്ദ്രശേഖരന്‍ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഉള്‍പാര്‍ട്ടി പോരാട്ടത്തിലൂടെ സി.പി.ഐ.എമ്മിനെ ഇടത്തോട്ടു നയിക്കുക അസാധ്യമാണെന്ന് അന്തിമമായി ബോധ്യപ്പെടുന്ന 2008 ജൂലൈ വരെ ചന്ദ്രശേഖരനും സഖാക്കളും സി.പി.ഐ.എമ്മിനകത്തെ വിമതപക്ഷമായി പോരടിച്ചു.  ഈ സമരത്തിന്റെ ഫലമായി പുറത്താക്കപ്പെട്ടപ്പോള്‍ അല്പം പോലും വലത്തോട്ടു പോകാതെ ഇടത്തോട്ടു തന്നെ സഞ്ചരിച്ചു. പുതിയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒഞ്ചിയത്തു രൂപം നല്‍കി. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായി കേരളത്തിന് പ്രതീക്ഷനല്‍കുന്ന കമ്മ്യൂണിസ്റ്റ് ബദലിന്റെ നായകനായി. ഇടതുപക്ഷ ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുമായി.

റോസ ലക്‌സംബര്‍ഗ്‌

2008 ജൂലൈ 24ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ 2012 മെയ് നാലിന് വള്ളിക്കാട്ടെ തെരുവില്‍ കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ ആശീര്‍വദിച്ചയച്ച ക്വട്ടേഷന്‍ സംഘത്തിന്റെ വടിവാളുകളാല്‍ 51 വെട്ടേറ്റു പിടഞ്ഞു വീഴുന്നതു വരെയുള്ള ചന്ദ്രശേഖരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വമായ ഒരധ്യായമാണ്. ധീരതയും നിശ്ചയദാര്‍ഢ്യവും സാഹസികതയും അഗാധമായ മനുഷ്യസ്‌നേഹവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള ആഴമേറിയ ബോധ്യവുമെല്ലാം ഒത്തുചേരുന്നതാണ് അത്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലിരിക്കുന്ന മുസോളിനിമാര്‍ക്ക് തിരിച്ചറിയാനാകാത്തത്ര ഭാരമേറിയതാണ് ആ രക്തസാക്ഷിത്വം.

ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടനയോട് അസാമാന്യമായ ചങ്കുറപ്പോടെ പോരാടി നിന്ന ഒരു മാര്‍ക്‌സിസ്റ്റിനെക്കുറിച്ചാണ് വരുംതലമുറകള്‍ക്ക് പഠിക്കാനുള്ളത്.

2012 മെയ് നാലിനുശേഷമുള്ള നാളുകളില്‍ മലയാളികളടക്കം രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന ഏതൊരാളും ചന്ദ്രശേഖരന്‍ എന്തായിരുന്നു എന്നു സ്വന്തം നിലയ്ക്കു തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.ഐ.എം നേതൃത്വത്തിലിരിക്കുന്ന ഗീബല്‍സുമാരുടെ നുണക്കഥകള്‍ക്കു ചെവിക്കൊടുക്കാതെ കേരളീയര്‍ (കേരളത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് മനുഷ്യരും) ടി.പി ചന്ദ്രശേഖരന്റെ  രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥം തിരിച്ചറിയുന്നു. മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റിന്റെ സമരങ്ങളുടെയും സഹനങ്ങളുടെയും അനുഭവപാഠങ്ങള്‍ അവര്‍ വരുംതലമുറകള്‍ക്കായി ഓര്‍ത്തുവെക്കുന്നു. ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടനയോട് അസാമാന്യമായ ചങ്കുറപ്പോടെ പോരാടി നിന്ന ഒരു മാര്‍ക്‌സിസ്റ്റിനെക്കുറിച്ചാണ് വരുംതലമുറകള്‍ക്ക് പഠിക്കാനുള്ളത്. ഇരട്ടചങ്കുള്ള ഈ മാര്‍ക്‌സിസ്റ്റിനെക്കുറിച്ച് അമ്മമാര്‍ കുഞ്ഞുങ്ങളോട് ചരിത്രമുള്ളിടത്തോളം കാലം പറഞ്ഞുകൊണ്ടേയിരിക്കും.

ടി.പി ചന്ദ്രശേഖരന്റെ പ്രത്യയശാസ്ത്രം

സി.പി.ഐ.എം എന്ന മാഫിയ സംഘത്തിന്റെ മുഖംമൂടി വലിച്ചുകീറിയ ടി.പി ചന്ദ്രശേഖരന്റെ അരുംകൊല കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിയെ ഇനിയും ഏറെ നാള്‍ വേട്ടയാടിക്കൊണ്ടിരിക്കും. സി.പി.ഐ.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തെക്കുറിച്ച് ഡോ. പ്രഭാത് പട്‌നായക്കിനെപ്പോലുള്ള ആ പാര്‍ട്ടിയുടെ തന്നെ സഹയാത്രികര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളും നിരീക്ഷിക്കേണ്ടത്.

ഇടതുപക്ഷ ഏകോപനസമിതിയുടെ മുഖപത്രമായ “ഇടതുപക്ഷ”ത്തിന്റെ  ആദ്യലക്കത്തില്‍ ” സോഷ്യലിസ്റ്റ് ബദലിനായി പോരാടുക” എന്ന തലക്കെട്ടില്‍ ടി.പി ചന്ദ്രശേഖരന്‍ എഴുതിയ ശ്രദ്ധേയമായ ഒരു ലേഖനമുണ്ട് സി.പി.ഐ.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ അക്കമിട്ട് നിരത്തി വിമര്‍ശിക്കുന്ന ആ ലേഖനത്തില്‍ എന്തുകൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള സംഘടനങ്ങള്‍ സി.പി.ഐ.എമ്മിനോട് വിമര്‍ശനാത്മക സമീപനം പുലര്‍ത്തുന്നു എന്നു വിശദമാക്കിയിരുന്നു. ടി.പി ചന്ദ്രശേഖരന്റെ പ്രസ്ഥാനത്തിന് സി.പി.ഐ.എമ്മുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളൊന്നുമില്ല എന്ന് വിമര്‍ശിക്കുന്ന സി.പി.ഐ.എം നേതൃത്വവും അവരുടെ പെട്ടിപ്പാട്ടുകാരായി അധ:പതിച്ചുപോയ ചില മുന്‍കാല നക്‌സലൈറ്റ് നേതാക്കളും ഈ ലേഖനം ഒരാവര്‍ത്തി വായിക്കണമെന്നാണ് എന്റെ അപേക്ഷ. ടി.പി ചന്ദ്രശേഖരനെ നയിച്ചിരുന്ന പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നു മനസ്സിലാക്കാന്‍ അതു സഹായിക്കും.

“…. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും നാടടക്കി ഭരിക്കാവുന്ന സാമ്പത്തിക അധികാരശേഷിയുള്ള ഒരു വന്‍കിട സ്ഥാപനമായി സി.പി.ഐ.എമ്മിനെ മാറ്റിയെടുക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണുണ്ടായത്. താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമെല്ലാം ഈ കോര്‍പ്പറേറ്റ് സംവിധാനത്തിന്റെ ആശ്രിതരും ഗുണഭോക്താക്കളുമായി മാറ്റിത്തീര്‍ക്കപ്പെട്ടു. വഴങ്ങാത്തവര്‍ അടിമുതല്‍ മുടിവരെ പാര്‍ട്ടിയില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടു. ലെനിനിസ്റ്റ്  സംഘടനാ തത്വങ്ങളുടെ ദുരുപയോഗം വ്യാപകമായി. മാര്‍ക്‌സിസം കൈയ്യൊഴിഞ്ഞ ഒരു പാര്‍ട്ടി ലെനിനിസം കൊണ്ടുനടക്കുന്നത് ഫാസിസത്തിന് കാരണമാകുമെന്ന നിരീക്ഷണങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ അനുഭവങ്ങളുണ്ടായി. ഇടതുവലത് ഭേദമില്ലാത്ത നേതൃത്വചങ്ങാത്തങ്ങള്‍ക്കു പിറകില്‍ ജനവിരുദ്ധ മാഫിയാ താല്‍പര്യങ്ങള്‍ അടവെച്ചു വിരിയിക്കപ്പെട്ടു. ഇരുപക്ഷത്തുമുള്ള അഴിമതിക്കാരും പെണ്‍വാണിഭക്കാരുമെല്ലാം ഭരണമാറ്റകാലത്ത് പരസ്പരം സഹായിച്ചും കേസുകള്‍ ഒതുക്കിക്കൊടുത്തും നാടിനെ വഞ്ചിച്ചതിന്റെ നാണംകെട്ട കഥകളെത്രയോ പുറത്തുവന്നു.

ജീര്‍ണ്ണതകളുടെയും നയംമാറ്റങ്ങളുടെയും ഈ ഘോഷയാത്രയോടൊപ്പം വര്‍ഗവിരുദ്ധമായ പുത്തന്‍ സിദ്ധാന്തങ്ങളും പാര്‍ട്ടിക്കകത്തേക്ക് ഒളിച്ചു കടത്തപ്പെട്ടതും ഇക്കാലയളവില്‍ തന്നെയായിരുന്നു. പങ്കാളിത്ത ജനാധിപത്യം വര്‍ഗസമര സിദ്ധാന്തത്തിന് പകരം വെക്കാനിറങ്ങിയവരും വിദേശ ഫണ്ടിങ്ങ് ഗവേഷണങ്ങള്‍കൊണ്ട് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാനൊരുങ്ങിയവരും വര്‍ഗസംഘര്‍ഷങ്ങള്‍ക്കുമേല്‍ സ്വത്വസങ്കല്‍പ്പങ്ങളെ പ്രതിഷ്ഠിക്കാനൊരുങ്ങിയവരുമെല്ലാം പാര്‍ട്ടിയുടെയും സാംസ്‌കാരിക സംഘത്തിന്റെയും ഭരണത്തിന്റെയും നയരൂപീകരണ സംവിധാനങ്ങളുടെയും മുഖ്യസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഒരു വിപ്ലവപദ്ധതി രണ്ടു പതിറ്റാണ്ടുകൊണ്ട് സമ്പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രമാണ് കേരളത്തിലെ സി.പി.ഐ.എമ്മിന്റെ വര്‍ത്തമാനകാല ചരിത്രം”. (ഇടതുപക്ഷം ജനുവരി 2012)

ടി.പി ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയിട്ടുള്ള വ്യതിയാനങ്ങള്‍ സി.പി.ഐ.എമ്മിന്റെ ഉള്ളടക്കത്തില്‍ പ്രബലമായിരിക്കുന്നുവെന്ന് അതിന്റെ നേതാക്കളും അണികളും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ പരസ്യമായി വ്യത്യസ്തനിലപാടെടുക്കാന്‍ നിര്‍ബന്ധിതരാണെങ്കിലും മാനസികമായി അവര്‍ സി.പി.ഐ.എമ്മിന്റെ നയവ്യതിയാനങ്ങളോട് വിയോജിപ്പുള്ളവരാണ്. ഫ്യൂഡല്‍ അധികാരഘടനക്കുമേല്‍ ഫാസിസ്റ്റ് മാനസികഘടന സ്വാംശീകരിച്ചുറപ്പിച്ച നേതൃനിരയ്‌ക്കൊഴികെ മറ്റെല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യമാണ്. ഈ നേതൃനിരയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഒരു ജനകീയ കലാപത്തിനു മാത്രമേ സാധിക്കുകയുള്ളൂ. കാരണം അവരുടെ മനോഘടന സംവാദങ്ങള്‍ക്കു ചെവികൊടുക്കുന്നതോ ജനാധിപത്യപരമായ പ്രവര്‍ത്തനശൈലിയെ ആദരിക്കുന്നതോ നിയമവാഴ്ചയെ അംഗീകരിക്കുന്നതോ അല്ല.

കേരളരാഷ്ട്രീയം ചന്ദ്രശേഖരനുശേഷം

മെയ് നാലിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയില്‍ ഒരു കൊല്ലം മുമ്പ് എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചു വിജയിച്ച ആര്‍. ശെല്‍വരാജ് മുന്നണിയും പാര്‍ട്ടിയും മാറി ജനകീയ കോടതിയില്‍ നിന്ന് സമ്മതം തേടി യു.ഡി.എഫിന്റെ എം.എല്‍.എയായി. ഇതിനൊപ്പം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ബി.ജെ.പിയുടെ താമരവിരിഞ്ഞു എന്ന വിസ്മയവും ദൃശ്യമായി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രചാരണ വിഷയമാക്കുന്നതില്‍ സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഉള്ള അതേ അസ്വസ്ഥത അവിടെ ബി.ജെ.പിയും പ്രകടിപ്പിച്ചു എന്നതാണ് രാഷ്ട്രീയമായ അത്ഭുതം.

യുവമോര്‍ച്ചാനേതാവ് കെ.ടി ജയകൃഷ്ണന്‍മാസ്റ്ററുടേതടക്കം നിരവധി കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ വെളിപ്പെടുത്തിയിട്ടും ബി.ജെ.പി നേതൃത്വം അഗാധമായ മൗനത്തിലാണ് എന്നത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഇനി കേരളത്തില്‍ സി.പി.ഐ.എമ്മുമായി ശത്രുതവേണ്ട എന്ന സമര്‍ത്ഥമായ ഒരടവുനയത്തിലേക്ക് ബി.ജെ.പി എത്തിച്ചേര്‍ന്നുവോ എന്ന് ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ വിലപിടിപ്പുള്ള മൗനം.

ഇതേ സ്ഥിതി യു.ഡി.എഫിലെ മുസ്‌ലീം ലീഗടക്കമുള്ള ചില കക്ഷികള്‍ക്കും ബാധകമാണ്. അവരും അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണല്ലോ. ഇതിനര്‍ത്ഥം മുന്നണികളുടെ വേര്‍തിരിവുകളെയും പാര്‍ട്ടി താല്‍പര്യങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു ഒത്തുതീര്‍പ്പ് സാമ്പത്തികമണ്ഡലത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. റിയല്‍ എക്‌സ്‌റ്റേറ്റ്, ബാര്‍ഹോട്ടലുകള്‍, ഇടത്തരം വ്യവസായങ്ങള്‍ വിവിധ മാഫിയാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വവും പ്രാദേശികഘടകങ്ങളും ഒത്തുതീര്‍പ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമായ പ്രയോഗമാണ് മാഫിയാരാഷ്ട്രീയത്തിന്റെ നരബലിയായിത്തീര്‍ന്ന ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തോടു പുലര്‍ത്തുന്ന മൗനം. ഇത് മലയാളിയുടെ രാഷ്ട്രീയ സദാചാരത്തിനും ധാര്‍മ്മികതയ്ക്കും മേല്‍ പതിക്കുന്ന വടിവാളുകളാണ്.

വലതുപക്ഷം; തീവ്ര ഇടതുപക്ഷം

ടി.പി ചന്ദ്രശേഖരന്റെ നരബലിയെ വലതുപക്ഷത്തുനിന്നും തീവ്ര ഇടതുപക്ഷത്തു നിന്നും സമീപിക്കുന്ന വിശകലനങ്ങളും ഇതിനകം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ. വേണുവിനെപ്പോലുള്ളവര്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്‌നമായി ഈ കൊലപാതകത്തെ അവതരിപ്പിക്കുകയും ലെനിനിസ്റ്റ് പാര്‍ട്ടി സങ്കല്പത്തിന്റെ പ്രശ്‌നമാണിതെന്നു സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ജനാധിപത്യം പൂത്തുലയാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാണദ്ദേഹത്തിന്റെ വാദം. അദ്ദേഹം ആവേശപൂര്‍വ്വം പ്രസംഗിക്കുന്ന ജനാധിപത്യം മാഫിയാസംഘങ്ങളുടെ ആയുധപ്പുരകള്‍ക്കും കള്ളപ്പണത്തിനും മുകളിലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ഇതിനകം ബോധ്യമാണ്. ഈ ജനാധിപത്യമാണ് ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് മറയായിത്തീര്‍ന്നിട്ടുള്ളതും.

കെ. വേണു ലെനിനിസ്റ്റ് ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചിട്ടുള്ള സി.പി.ഐ.എമ്മിന്റെ വര്‍ഗ്ഗ ഉള്ളടക്കം എന്താണെന്ന് ടി.പി ചന്ദ്രശേഖരന്‍ മുമ്പേ രേഖപ്പെടുത്തിയതുമാണ്. സി.പി.ഐ.എം ജനാധിപത്യ വല്‍ക്കരിക്കപ്പെടുമെന്ന പ്രത്യാശ തകര്‍ന്നതുപോലെ ആ പാര്‍ട്ടിക്ക് ഒരു ഫാസിസ്റ്റ് ഉള്ളടക്കമുണ്ട് എന്ന തിരിച്ചറിവിലേക്കും  കെ. വേണുവിന് വൈകാതെ എത്തിച്ചേരേണ്ടിവരും. ലെനിനിസ്റ്റ് ഉള്ളടക്കമില്ലാത്ത ഒരു പാര്‍ട്ടിയെ മുന്‍നിര്‍ത്തി കെ. വേണു നടത്തുന്ന സൈദ്ധാന്തിക ആക്രമണങ്ങള്‍ വസ്തുനിഷ്ഠമേയല്ല.

തീവ്ര ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ” ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കിടയിലെ അധികാരതര്‍ക്കത്തിന്റെ ” പ്രശ്‌നം മാത്രമാണ്. അതില്‍ വിപ്ലവരാഷ്ട്രീയത്തിന്റേതായൊന്നുമില്ല. യഥാര്‍ത്ഥ്യബോധം ഏറെ കുറഞ്ഞുപോയതിനാല്‍ സി.പി.ഐ.എമ്മിന്റെ പരോക്ഷ പിന്തുണക്കാരായി അധ:പതിച്ചുപോയ ഇക്കൂട്ടര്‍ക്കും വലതുപക്ഷ സൈദ്ധാന്തികര്‍ക്കുമിടയില്‍ നിന്ന് ടി.പി ചന്ദ്രശേഖരന്റെ രക്തം വിളിച്ചു പറയുന്നത് ഇത്രമാത്രമാണ്. ”

സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ വര്‍ഗരാഷ്ട്രീയ വീഥികളില്‍ തിരിച്ചെത്തിക്കാന്‍ കഴിയാത്തവിധം അവര്‍ അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമര പാതകളെ വീണ്ടെടുക്കാനും സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുതലാളിത്ത സാമ്രാജ്യത്വ ചൂഷണപദ്ധതികള്‍ക്കെതിരെ ലോകത്തെങ്ങും വ്യാപകമാവുന്ന സമരങ്ങളെ നയിക്കാനും ശേഷിയുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതലയാണ് നമുക്കിന്ന് നിര്‍വ്വഹിക്കാനുള്ളത്”. ( ഇടതുപക്ഷം ജനുവരി 2012) തീര്‍ച്ചയായും ഈ സ്വപ്‌നം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ രാജ്യത്തു രൂപമെടുത്ത പുതിയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു നേതൃത്വം കൊടുത്തു വിപ്ലവകാരിയുടേതാണ്.  വ്യക്തതയുള്ള പ്രത്യയശാസ്ത്ര ധാരണകളുടെ അടിത്തറയിലാണ് ടി.പി ചന്ദ്രശേഖരന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയതും ചോരയും ജീവനും പകര്‍ന്ന് ചെങ്കൊടി വാനോളമുയര്‍ത്തിപ്പിടിച്ചതും. റിവിഷനിസ്റ്റുകള്‍ക്കും അതിവിപ്ലവവായാടികള്‍ക്കും വലതുപക്ഷ സൈദ്ധാന്തികര്‍ക്കുമൊക്കെ ടി.പി ചന്ദ്രശേഖരനില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

2012 ജുലൈ 5 ന് ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചത്