|

എന്റെ ആ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത എന്നോട് പറഞ്ഞിട്ടുണ്ട്: കെ.എസ് ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് കെ.എസ്. ചിത്ര. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തിയിട്ടുണ്ട്.

2005ല്‍ പത്മശ്രീ പുരസ്‌കാരവും 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം ചിത്രയെ ആദരിച്ചു. ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ഗായിക കൂടിയാണ് കെ.എസ്. ചിത്ര. ഇപ്പോള്‍ ഗായിക സുജാതയുമായുള്ള ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്ര.

‘ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ടെന്ന് ചിത്ര പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌ ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്ര.

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ അഭിനയിച്ച് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഗാനമാണ് ഇത്.

‘പാട്ട് കേട്ട ശേഷം സുജു എനിക്ക് ഒരു മെസേജ് അയക്കുകയായിരുന്നു. ഓ.. എന്ത് പാട്ടാണ് അത്! എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്. വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്,’ കെ.എസ്. ചിത്ര പറഞ്ഞു.

ഇത്തരത്തില്‍ സുജാതയുടെ പാട്ടുകള്‍ കേട്ടിട്ട് താനും മെസേജ് അയച്ചിട്ടുണ്ടെന്ന് ചിത്ര കൂട്ടിച്ചേര്‍ത്തു. എക്‌സ്പ്രഷന്‍സിന് വലിയ പ്രാധാന്യം നല്‍കുന്ന ഗായികയാണ് സുജാത. വളരെ നാച്ചുറലായി പാടുന്ന വ്യക്തി കൂടിയാണ്. കുട്ടിക്കാലത്ത് ദാസേട്ടന്റെ കൂടെ നിന്ന് പാടുന്ന സുജാതയെ താന്‍ കസേരയുടെ മുകളില്‍ കയറി നിന്ന് കണ്ടിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

ആദ്യകാലത്ത് സുജാതയുടെ ലളിതഗാനങ്ങളാണ് ഫോളോ ചെയ്തിട്ടുള്ളതെന്നും കെ.എസ്. ചിത്ര പറഞ്ഞു. ആ പ്രായത്തിലുള്ള കുട്ടി ഇങ്ങനെയൊക്കെ പാടുമോ എന്ന് ചിന്തിപ്പിച്ച ഗാനങ്ങളാണ് സുജാതയുടേതെന്നും കെ.എസ്. ചിത്ര പറഞ്ഞു.

സംഗീതപ്രേമികള്‍ക്ക് ഏറൈ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

Content Highlight: ks chithra talks about sujatha mohan