ഇന്ത്യയാകെ വലിയ ആരാധകവൃന്ദമുള്ള ഗായികയാണ് കെ.എസ്. ചിത്ര. 1980കള്‍ മുതല്‍ പിന്നണി ഗാനരംഗത്തുള്ള ചിത്ര ഹിന്ദിയുള്‍പ്പെടെ പല ഭാഷകളിലും പാടിയിട്ടുണ്ട്. തനിക്ക് ഇപ്പോഴും അടുപ്പമുള്ള കടുത്ത ആരാധികയെ പറ്റി പറയുകയാണ് ചിത്ര. വളര്‍മതി എന്ന് പേരുള്ള പെണ്‍കുട്ടി കയ്യില്‍ തന്റെ പേര് പച്ച കുത്തുകയും മാലയുടെ ലോക്കറ്റില്‍ തന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ടെന്നും ചിത്ര പറഞ്ഞു. എം.ഇ. സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തിലാണ് ആരാധികയെ പറ്റി ചിത്ര സംസാരിച്ചത്.
‘എനിക്ക് ആരാധകരെ പറ്റി അങ്ങനെ അറിയില്ല. ലണ്ടിനില്‍ ഒരു ഷോയ്ക്ക് പോയ സമയത്ത് വളര്‍മതി എന്നൊരു പെണ്‍കുട്ടി എന്നെ തപ്പികണ്ടുപിടിച്ച് വരുകയായിരുന്നു. എന്റെ അമ്മയെ ആണ് അവള് ആദ്യം കണ്ടുപിടിച്ചത്. അമ്മയെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. അവിടെ മുണ്ടും നേര്യതും ഉടുത്താണ് അമ്മ നില്‍ക്കുന്നത്. അമ്മയാണ് വളര്‍മതിയെ എന്റെ അടുത്തേക്ക് കൊണ്ടുവരുന്നത്. നോക്കുമ്പോള്‍ എന്റെ പേര് പച്ച കുത്തിയിരിക്കുന്നു, മാലയുടെ ലോക്കറ്റില്‍ എന്റെ ചിത്രം. ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ തന്നെ അന്തിച്ചുപോയി. ഇങ്ങനെ ഒരാളുണ്ടോ?
എനിക്ക് പലരോടും ആരാധന ഉണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യാറില്ല. അതുകൊണ്ട് എന്നോട് ഇത്രയും സ്നേഹമുള്ള ഒരാളോ എന്നാണ് ചിന്തിച്ചത്. വളര്‍മതി ഇപ്പോഴും ടച്ചിലുണ്ട്. എന്റെ വീടിനടുത്ത് വളര്‍മതിയും ഒരു അപ്പാര്‍ട്ട്മെന്റ് മേടിച്ചിട്ടുണ്ട്. ഞാന്‍ അവിടെ വരുന്നതിന് മുമ്പ് വളര്‍മതി ആ അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്തതാണ്. അവള് എന്റെ പേരാണ് അപ്പാര്‍ട്ട്മെന്റിന് ഇട്ടത്, ചിത്ര ഗാര്‍ഡന്‍സ്,’ ചിത്ര പറഞ്ഞു.
ഇപ്പോഴും ശബ്ദമാധുര്യം നിലനിര്‍ത്തുന്നത് എങ്ങനെയാണെന്നും ചിത്ര പറഞ്ഞു. ‘എനിക്ക് ഒരുപാട് റെസ്ട്രിക്ഷന്‍സ് ഉണ്ട്. എനിക്ക് 60 വയസാവാറായി. ഹോളിഡേ എന്ന് പറഞ്ഞ് ഞാന്‍ ഇതുവരെ പോയിട്ടില്ല. ജോലിയുടെ ഭാഗമായി ട്രാവല്‍ ചെയ്തിട്ടുള്ളതല്ലാതെ പോയിട്ടുള്ളത് രണ്ടുമൂന്ന് സ്ഥലങ്ങളില്‍ മാത്രമാണ്. എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാല്‍ തന്നെ കാറ്റടിച്ചാല്‍ ശബ്ദത്തിന് പ്രശ്നം വരുമോ എന്ന പേടി കൊണ്ട് ഞാനെങ്ങും പോകാറില്ല. പരിപാടിക്ക് കാറില്‍ പോകുമ്പോള്‍ കാണുന്ന വഴിയല്ലാതെ വേറെ ഒന്നും ഞാന്‍ കാണാന്‍ പോയിട്ടില്ല,’ ചിത്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: ks chithra talks about her fangirl