Advertisement
Entertainment news
അങ്ങനെയുള്ള കഴിവൊന്നും എനിക്കില്ല; പാട്ടില്‍ എന്റെ പാഠപുസ്തകം അദ്ദേഹം: കെ.എസ്. ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 03:38 pm
Wednesday, 12th March 2025, 9:08 pm

ഏതെങ്കിലുമൊരു സിറ്റ്വേഷന്‍ തന്ന് അതിനനുസരിച്ചുള്ള മ്യൂസിക് ക്രിയേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് കെ.എസ്. ചിത്ര. എന്നാല്‍ സംഗീതസംവിധാനം ചെയ്തിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും പ്രാര്‍ത്ഥനകളും കൊച്ചു ശ്ലോകങ്ങളുമെല്ലാം ചെയ്തുനോക്കിയിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.

പാട്ടുകാരിയായി അല്ലാതെ കെ.എസ്. ചിത്രയെ മറ്റേതെങ്കിലും മേഖലയില്‍ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ചിത്ര ഇക്കാര്യം പറഞ്ഞത്.

 

‘സംഗീതസംവിധാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഞാന്‍ ശ്രമിച്ചിട്ടില്ല എന്നൊരിക്കലും പറയുന്നില്ല. കൊച്ചു കൊച്ചു പ്രാര്‍ത്ഥനയോ ശ്ലോകമോ ഒക്കെ ചെയ്തുനോക്കിയിട്ടുണ്ട്.

ഒരു സിറ്റ്വേഷന്‍ തന്നിട്ട് അതിനനുസരിച്ച് മ്യൂസിക് ക്രിയേറ്റ് ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല. പാട്ടുകാരിയായി കാണാനേ നിവൃത്തിയുള്ളൂ,’ മുമ്പ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറഞ്ഞു.

സംഗീത ലോകത്ത് പകരക്കാനില്ലാത്ത എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പമുള്ള തന്റെ അനുഭവങ്ങളെ കുറിച്ചും ചിത്ര അഭിമുഖത്തില്‍ സംസാരിച്ചു. താന്‍ ഏറ്റവുമധികം ഡ്യുയറ്റ് പാടിയത് എസ്. പി ബാലസുബ്രഹ്‌മണ്യത്തിനൊപ്പമാണെന്നും തന്നെ സംബന്ധിച്ച് പാട്ടിലെ പാഠപുസ്തകമായിരുന്നു അദ്ദേഹമെന്നും ചിത്ര പറഞ്ഞു.

 

‘ഏറ്റവും കൂടുതല്‍ ഡ്യുയറ്റ് പാടിയത് എസ്.പി.ബി സാറിനൊപ്പമാണ്. എപ്പോഴും ബോള്‍ഡാണ്. ഒരു റെക്കോഡിങ് സമയത്ത് പോലും മൂഡ് ഓഫായി കണ്ടിട്ടില്ല. പാട്ടില്‍ എനിക്കൊരു കൊച്ചു പാഠപുസ്തകം തന്നെയായിരുന്നു.

എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കോണ്‍ഫിഡന്‍സ് ഇല്ലാത്ത ദിവസമാണ് സ്റ്റേജ് ഷോയ്ക്ക് പോകുന്നതെങ്കില്‍ കൂടെ നിന്ന് നമുക്ക് ആത്മവിശ്വാസം നല്‍കും. അദ്ദേഹം കൂടെയുള്ളപ്പോള്‍ ഒരു തരത്തിലുള്ള അപരിചിതത്വം തോന്നുകയേ ഇല്ല.

ഞങ്ങള്‍ ഒപ്പമുള്ള ഗാനമേളകളൊക്കെ രസമാണ്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ വെറുതെ അതുമിതും പറഞ്ഞ് കളിയാക്കും. എല്ലാം മധുരമുള്ള കളിയാക്കലുകള്‍.

ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്കിടെ ‘കളഭം തരാം’ എന്ന പാട്ട് പാടിയപ്പോള്‍ അതൊന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് കളഭം എന്ന വാക്കിന്റെ ഇംഗ്ലീഷ് കിട്ടാതെ കുഴങ്ങിയിരുന്നു. അങ്ങനെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇത് എന്റെ അനുഭവം മാത്രമല്ല. ഏത് പാട്ടുകാരനോട് ചോദിച്ചാലും ഇതുതന്നെ പറയും. ജീവിതത്തില്‍ തളര്‍ന്നിരിക്കുന്നവരെ വീട്ടില്‍പ്പോയി വിളിച്ചുകൊണ്ടുവന്ന് അവരെ ഇന്‍സ്ട്രുമെന്റ്സിന്റെ മുമ്പില്‍ ഇരുത്തുമായിരുന്നു. സംഗീതത്തില്‍ അദ്ദേഹത്തിനുള്ള ടീം സ്പിരിറ്റ് മാത്രം മതി കൂടെ പാടുന്നവര്‍ക്കും രസകരമായ അനുഭവമാക്കി മാറ്റാന്‍,’ ചിത്ര പറഞ്ഞു.

 

Content highlight: KS Chithra shares her experience with S. P. Balasubrahmanyam