കൊച്ചി: മലയാളികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത പാട്ടുകള്‍ സമ്മാനിച്ച ഗായികയാണ് കെ.എസ്. ചിത്ര. ചെറിയ പ്രായത്തില്‍ തന്നെ തന്റെ സ്വരമാധുരി കൊണ്ട് സംഗീത ലോകത്തെ കീഴടക്കിയ ചിത്ര യേശുദാസ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭരോടൊപ്പം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
സംഗീത മേഖലയില്‍ ദാസേട്ടനുമായി പാടിയപ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചിത്ര. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ്സുതുറന്നത്.
‘ദാസേട്ടന്‍ സ്ട്രിക്റ്റാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോലും ദാസേട്ടന്‍ ശ്രദ്ധിക്കും. പുറത്തൊക്കെ പോകുമ്പോള്‍ പ്രഭാത ഭക്ഷണത്തിന് ഓരോ സാധനങ്ങള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നത് കണ്ടാല്‍ ഞാന്‍ അത് പോയി പെട്ടെന്ന് എടുക്കും. അപ്പോള്‍ ദാസേട്ടന്‍ വന്നിട്ട് അത് എടുക്കരുതെന്നും തൊണ്ടയ്ക്ക് പിടിക്കില്ലെന്നും പറയും,’ ചിത്ര പറയുന്നു.
ഗായകന്‍ പി. ജയചന്ദ്രനോടൊപ്പവും നിരവധി ഗാനങ്ങള്‍ പാടാന്‍ ചിത്രയ്ക്ക് അവസരം ലഭിച്ചിരുന്നു. താന്‍ ആദ്യം പാടിയത് ജയചന്ദ്രന്റെ ഒപ്പമായിരുന്നുവെന്നും ചിത്ര പറഞ്ഞു. വളരെ പാവം വ്യക്തിത്വമാണ് ജയചന്ദ്രന്റേതെന്നും ചിത്ര പറഞ്ഞു.
ആറ് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്ര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. ആല്‍ബം ഗാനങ്ങള്‍ പാടിയായിരുന്നു ചിത്രയുടെ തുടക്കം. അട്ടഹാസം, സ്നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ സിനിമകളിലാണ് ആദ്യം പാടിയത്.
1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’ ഗാനമാണ് ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്. തൊട്ടടുത്ത വര്‍ഷം മലയാള ചിത്രമായ നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും ചാര്‍ത്തി’ എന്ന ഗാനത്തിനും ദേശീയ അവാര്‍ഡ് ചിത്രയെ തേടിയെത്തിയിരുന്നു.