| Saturday, 23rd May 2020, 8:54 pm

ഷാനു ഉമ്മാനോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടു...ഇക്ക് ഓളെ കാണണം, ചിത്തിരയെ; ചിത്ര ചേച്ചി വിളിച്ചു, പാട്ടും പാടികൊടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്നെ കാണണമെന്ന് ആവശ്യപ്പെട്ട ഭിന്നശേഷിക്കാരനായ കുട്ടിയെ ഫോണില്‍ വിളിച്ച് പാട്ടുപാടി കൊടുത്ത് മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര. തിരൂര്‍ തൃപ്പങ്ങോട്ടിലെ നജ്മുദ്ധീന്‍-ഷബ്‌ന ദമ്പതികളുടെ മകന്‍ ഷാനിനെയാണ് ചിത്ര കഴിഞ്ഞ ദിവസം വീഡിയോ കോള്‍ ചെയ്ത് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് പാടികൊടുത്തത്.

ഫേസ്ബുക്ക് ഗ്രൂപ്പായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ ഷബ്‌ന മകനെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. മെന്റല്‍ റിഡ്രാടേഷന്‍ എന്ന അവസ്ഥയില്‍ കഴിയുന്ന മകന് ചിത്രയേയും ചിത്രയുടെ പാട്ടിനേയും ഇഷ്ടമാണ് എന്ന് ഷബ്‌ന പറഞ്ഞിരുന്നു.


ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിത്ര ഷാനുവിനെ വിളിക്കുകയായിരുന്നു. ഷാനുവിന് ഇഷ്ടപ്പെട്ട ചിത്ര തന്നെ പാടിയ ‘ഉമ്മാന്റെ കാലടിപ്പാടിലാണ് സുവര്‍ഗം’ എന്ന പാട്ടും പാടികൊടുക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഷാനുവിനെ നേരില്‍ കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഷബ്‌ന പറയുന്നു.

ഷബ്‌ന മകനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ്

എന്റെ ഷാനു ,അവന് ആറുമാസം തികഞ്ഞപ്പൊ പല പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍ പറഞ്ഞു MR ( മെന്റല്‍ റിഡ്രാടേഷന്‍).’മരുന്ന് കഴിച്ചാല്‍ മാറുന്ന അസുഖമാണോ ഡോക്ടറെ’ എന്റെ നിഷ്‌കളങ്കമായ ചോദ്യം കേട്ട് ഡോക്ടര്‍ പറഞ്ഞു ‘സാവധാനം നമുക്ക് മാറ്റിയെടുക്കാം ശരിയാകും’. അതു വരെ ഇങ്ങനെയൊന്ന് കേട്ടിട്ടില്ലാത്ത ഞാന്‍ കാലക്രമേണ മനസ്സിലാക്കി ഇതൊരു രോഗമല്ല, അവസ്ഥയാണ്.

നമുക്കു ചുറ്റും ഒരുപാട് പേര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരുണ്ട്.
ആദ്യമായി ജനിച്ച കുഞ്ഞ്, സമപ്രായക്കാരായ കുട്ടികളെ പോലെ ഒന്നും ചെയ്യാതായപ്പൊ മനസ്സിലെ ആശങ്ക കൂടി വന്നു.’ എന്തുകൊണ്ട് എന്റെ ഷാനു മാത്രം…? പിന്നീടങ്ങോട്ട് ഓട്ടപ്പാച്ചിലുകളായിരുന്നു അവനെ കൊണ്ട്.പല ഡോക്ടര്‍മാര്‍ ,വിവിധ തെറാപ്പികള്‍. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ,ചില ദിവസങ്ങളില്‍ ഞെട്ടലോടെ എണീക്കും നേരം പുലരും വരെ അവനെ മാറോട് ചേര്‍ത്ത് കരയും.

ഒരമ്മ ഏറ്റവും സന്തോഷിക്കേണ്ട ദിവസങ്ങളില്‍ കരയാന്‍ വിധിക്കപ്പെട്ടവരാണോ ഞങ്ങള്‍ ഭിന്നശേഷീകുട്ടികളുടെ അമ്മമാര്‍ ?ഇടക്കിടെ മനസ്സില്‍ ആ ചോദ്യമുയരും
വര്‍ഷങ്ങളായുള്ള തെറാപ്പികള്‍ക്കൊടുവില്‍ അവന്‍ നടക്കാനും ഏറെ വൈകി അവ്യക്തമായി സംസാരിക്കാനും തുടങ്ങി.

എന്നിലവന്‍ പ്രതീക്ഷ നല്‍കി.
പുറത്തേക്ക് അവനെ കൊണ്ടിറങ്ങുമ്പോഴും പരിപാടികളില്‍ പങ്കെടുക്കുമ്പോഴും മാത്രമാണ് എനിക്ക് നിരാശ തോന്നി തുടങ്ങിയത്.ഹൈപ്പര്‍ ആക്ടീവായ അവന്‍ ചെയ്യുന്ന വികൃതികള്‍ ആളുകള്‍ക്കിടയില്‍ സംസാരമാകും’ എന്തിനാ ഇവനെ കൊണ്ടുവന്നത്, വീട്ടിലിരുത്തിക്കൂടെ ‘ ഒരു കൂസലുമില്ലാതെ ചിലര്‍ ചോദിക്കും അതുമല്ലങ്കില്‍ പാവമാണെന്ന സഹതാപത്തോടെയുള്ള നോട്ടവും പറച്ചിലും, ‘കൂടെ ഞങ്ങളുണ്ട് ‘ എന്ന് പറഞ്ഞു കേള്‍ക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.

അല്ലാതെ സഹതാപത്തോടെയുള്ള നോട്ടമോ കുത്തുവാക്കുകളോയല്ല . അവന്‍ മുടിയിഴകള്‍ വലിച്ചു പറച്ചിട്ടും ,കടിച്ചു മുറിവാക്കിയും എന്നെ വേദനിപ്പിക്കാറുണ്ട്. ശരീരത്തിലുണ്ടാകുന്ന ആ വേദനയേക്കാള്‍ സഹിക്കാന്‍ വയ്യാത്തതാണ് സ്വന്തക്കാരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും കിട്ടുന്ന ഈ സംസാരങ്ങള്‍… മറ്റു അമ്മമാര്‍ തന്റെ കുഞ്ഞുങ്ങളെ പറ്റി സന്തോഷത്തോടെ സംസാരിക്കുമ്പോള്‍ എന്തുകൊണ്ടോ എനിക്ക് ചിരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് തോന്നിപോയിരുന്നു.

ഞാന്‍ തന്നെ ചിന്തിച്ചു തുടങ്ങി ഒരുപാടങ്ങു കേള്‍ക്കുമ്പോള്‍ ശീലമാകുന്നതല്ലേയുള്ളു ഈ വാക്കുകളും നോട്ടങ്ങളും.ആദ്യം മാറേണ്ടത് നമ്മളല്ലെ, അതെ ആദ്യം മാറേണ്ടതും അംഗീകരിക്കേണ്ടതും അമ്മമാരാണ്. അല്ലെങ്കിലും ഇവരുടെ ഏറ്റവും വലിയ ഡോക്ടറും, ടീച്ചറും, തെറാപിസ്റ്റും അമ്മമാരാണല്ലൊ.

ഇറങ്ങി തുടങ്ങി അവനെ കൊണ്ട്, പോകുന്ന സ്ഥലങ്ങളിലൊക്കെ. വീട്ടിലിരുന്ന് കിണറ്റില്‍ വിലപിടിപ്പുള്ള വസ്തുക്കളിട്ടും വീട്ടിലുള്ളവരെ വികൃതി കാണിച്ചുo ഹരം കണ്ടിരുന്ന അവന് യാത്രകള്‍, പാര്‍ട്ടികള്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി. അവനെ കൊണ്ട് ബസില്‍ യാത്ര ചെയ്യാന്‍ തുടങ്ങി.ബസില്‍ കയറി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന അവനെ ആളുകള്‍ ശ്രദ്ധിക്കുന്നത് എനിക്കും ഇഷ്ട്ടമായി തുടങ്ങി. അവന്റെ തോളിലൂടെ കൈയിട്ട് ഞാന്‍ പറയും, ‘താനൊരു സംഭവാണല്ലോ ‘

എന്തുകൊണ്ട് അവരുടെ നല്ല സുഹൃത്ത് അമ്മമാര്‍ക്കായിക്കൂടാ നമ്മുടെ ഓരോ അഭിരുചിയും സാധാരണക്കാരായ മക്കളെ പോലെ അറിയുന്നുണ്ടവര്‍. അവന് ആറ് വയസ്സുള്ളപ്പോഴാണ് ഞാന്‍ മകള്‍ക്ക് ജന്മം നല്‍കിയത്. എന്റെ കണ്ണുവെട്ടിച്ച് അവളെ ഉപദ്രവിക്കുമായിരുന്നു അവന്‍, അവനെ വഴക്കു പറയുന്നതിനു പകരം ഞാനാ കരയുന്ന മോളോട് പറയും ‘ വാവ വലുതായാല്‍ ഇക്കയെ എവിടേം കൊണ്ടു പോകേണ്ടട്ടൊ ‘.

അതു കേട്ടാല്‍ ശാന്തനാകും അവന്‍. അവരുടെ ഉള്ളിനുള്ളില്‍ അറിയുന്നു എല്ലാം. നമ്മള്‍ കാണിക്കുന്ന സൗഹൃദം അവരിലുള്ള കഴിവുകളെ പുറത്തു കൊണ്ടുവരും.
അഞ്ചാം വയസ്സില്‍ സാധാരണ സ്‌ക്കൂളില്‍ ചേര്‍ത്ത അവന്റെ വികൃതി സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ മാഷെന്നെ വിളിച്ചു പറഞ്ഞു. ‘ദയവു ചെയ്തു കൊണ്ടു പോകണം, ഞങ്ങള്‍ക്കിവനെ നോക്കിയിരിക്കാന്‍ വയ്യ’. ഒട്ടും വിഷമം പുറത്തു കാണിക്കാതെ ഞാനവനെ കൂട്ടികൊണ്ടു വന്നു.

സ്‌ക്കൂളില്‍ പോകാന്‍ ഇഷ്ടപ്പെടുന്ന അവനെ സ്‌പെഷ്യല്‍ സ്‌ക്കൂളിലാക്കി.അവിടേയും ഹീറോയായി വിലസുവാ അവനിപ്പം .

സ്‌ക്കൂളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ‘നമ്മുടെ ദേശീയ പക്ഷി ഏത് ?എന്ന ചോദ്യത്തിന് യാതൊരു സംശയവും കൂടാതെ അവന്‍ ഉത്തരം പറഞ്ഞു ‘ കാക്കാ’ അവനെ ഉത്തരം പറഞ്ഞു പഠിപ്പിച്ച ടീച്ചര്‍ നിരാശയോടെ നോക്കി നിന്നപ്പൊ ചിരിച്ചോണ്ട് ഞാന്‍ പറഞ്ഞു ‘കാക്ക പക്ഷിയാണെന്ന് അവനറിയാമെങ്കില്‍ അതൊരു മാറ്റമല്ലെ ടീച്ചറേ’..

അതെ മാറ്റമുണ്ട് ഒരുപാട് ഒരുപാട്, മാറ്റത്തിനായി ചെയ്യേണ്ടത് ഒന്നേയുള്ളു അവരെ സ്വാതന്ത്ര്യമായി വിടുക, സ്‌ക്കൂള്‍ വിട്ടു വന്നാല്‍ അയല്‍പക്കത്തെ വീടുകളില്‍ പോയി സൗഹൃദ സംഭാഷണം പതിവാക്കി അവരുടേയും കണ്ണിലുണ്ണിയായി ഇന്നവന്‍. എന്തുകൊണ്ട് നമ്മളവരെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്ഥരാക്കണം.?

സാധാരണ മക്കളെ പോലെ ആവശ്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല ഞങ്ങളുടെ പൊന്നോമനകള്‍. പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ട്ടമുള്ള അവന് കെ.എസ് ചിത്ര പാടിയ ‘ഉമ്മാന്റെ കാലടി പാടിലാണ് സുവര്‍ഗ്ഗം ‘ എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ട്ടമാണ്. ഒരു ദിവസ്സം ,മറ്റാരും കേള്‍ക്കാതെ എന്റെ ചെവിയിലവന്‍ പറഞ്ഞു, ‘ഇക്ക് ഓളെ കാണണം, ‘ആരേയാടോ ? ആശങ്കയോടെ ഞാന്‍ ചോദിച്ചു .

‘ചിത്തിരയെ ‘ അവനുത്തരം പറഞ്ഞു. എന്റെ ഷാനു ആദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യം ,ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം ‘ ഉമ്മയെ പറ്റി ഭംഗിയായി അവതരിപ്പിച്ച ആ പാട്ട് പാടിയ കെ.എസ്.ചിത്ര യെ കാണണം.എന്റെ ഷാനുവിന്റെ ആ ചെറിയ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്ന ആ നിമിഷമായിരിക്കും എന്റേയും അവന്റെയും ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷം.

ഭിന്നശേഷിക്കാരായ കുഞ്ഞുകളെ ഓര്‍ത്ത് കരയുന്ന അമ്മമാരോട് ഒന്നേ പറയാനുള്ളൂ, അവരെയോര്‍ത്ത് കരയുകയല്ല അവരെ അംഗീകരിക്കുകയാണ് വേണ്ടത് ,നമ്മളവരെ അംഗീകരിച്ചാല്‍ ലോകമവരെ അംഗീകരിക്കും. നെഞ്ചത്ത് കൈ വെച്ച് ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ വിളിച്ചു പറയൂ ”ഞാനും ഒരു ഭിന്നശേഷീ കുട്ടിയുടെ അമ്മയാണ് ”…!

ശബ്‌ന നജ്മുദ്ദീന്‍

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more