| Wednesday, 30th August 2023, 10:02 pm

എന്നെ പാട്ടുകാരിയായി കാണാനേ നിവൃത്തിയുള്ളൂ; പാട്ടില്‍ എന്റെ പാഠപുസ്തകം അദ്ദേഹമാണ്: കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിറ്റുവേഷന്‍ തന്നിട്ട് അതിനനുസരിച്ച് മ്യൂസിക് ക്രിയേറ്റ് ചെയ്യാനുള്ള കഴിവ് തനിക്കില്ലെന്ന് കെ.എസ്. ചിത്ര. സംഗീത സംവിധാനം ചെയ്തുനോക്കിയിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും പ്രാര്‍ത്ഥനകളും കൊച്ചു ശ്ലോകങ്ങളുമെല്ലാം ചെയ്തുനോക്കിയിട്ടുണ്ടെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറഞ്ഞു.

പാട്ടുകാരിയല്ലാത്ത കെ.എസ്. ചിത്രയെ മറ്റേതെങ്കിലും മേഖലയില്‍ കാണാന്‍ സാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചിത്ര.

‘സംഗീത സംവിധാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറയുന്നില്ല. കൊച്ചു കൊച്ചു പ്രാര്‍ത്ഥനയോ ശ്ലോകമോ ഒക്കെ ചെയ്തുനോക്കിയിട്ടുണ്ട്. ഒരു സിറ്റുവേഷന്‍ തന്നിട്ട് അതിനനുസരിച്ച് ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല. പാട്ടുകാരിയായി കാണാനേ നിവൃത്തിയുള്ളൂ,’ ചിത്ര പറഞ്ഞു.

എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പമുള്ള തന്റെ അനുഭവങ്ങളെ കുറിച്ചും ചിത്ര അഭിമുഖത്തില്‍ സംസാരിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും, തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു എന്നും ചിത്ര പറഞ്ഞു.

‘ഏറ്റവും കൂടുതല്‍ ഡ്യുയറ്റ് പാടിയത് എസ്.പി.ബി സാറിനൊപ്പമാണ്. എപ്പോഴും ബോള്‍ഡ്‌ലിയാണ്. ഒരു റെക്കോഡിങ് സമയത്ത് പോലും മൂഡ് ഓഫായി കണ്ടിട്ടില്ല. പാട്ടില്‍ എനിക്കൊരു കൊച്ചു പാഠപുസ്തകം തന്നെയായിരുന്നു.

എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കുന്ന പ്രകൃതം. ഒരു കോണ്‍ഫിഡന്‍സ് ഇല്ലാത്ത ദിവസമാണ് സ്റ്റേജ് ഷോയ്ക്ക് പോകുന്നതെങ്കില്‍ കൂടെ നിന്ന് നമുക്ക് ആത്മവിശ്വാസം നല്‍കും. അദ്ദേഹം കൂടെയുള്ളപ്പോള്‍ ഒകു അപരിചിതത്വം തോന്നുകയേ ഇല്ല.

ഞങ്ങള്‍ ഒപ്പമുള്ള ഗാനമേളകളൊക്കെ രസമാണ്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ വെറുതെ അതുമിതും പറഞ്ഞ് കളിയാക്കും. എല്ലാം മധുരമുള്ള കളിയാക്കലുകള്‍. ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്കിടെ ‘കളഭം തരാം’ എന്ന പാട്ട് പാടിയപ്പോള്‍ അതൊന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് കളഭം എന്ന വാക്കിന്റെ ഇംഗ്ലീഷ് കിട്ടാതെ കുഴങ്ങിയിരുന്നു. അങ്ങനെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇത് എന്റെ അനുഭവം മാത്രമല്ല. ഏത് പാട്ടുകാരനോട് ചോദിച്ചാലും ഇതുതന്നെ പറയും. ജീവിതത്തില്‍ തളര്‍ന്നിരിക്കുന്നവരെ വീട്ടില്‍പ്പോയി വിളിച്ചുകൊണ്ടുവന്ന് അവരെ ഇന്‍സ്ട്രുമെന്റ്‌സിന്റെ മുമ്പില്‍ ഇരുത്തുമായിരുന്നു. സംഗീതത്തില്‍ അദ്ദേഹത്തിനുള്ള ”ടീം സ്പിരിറ്റ്’ മാത്രം മതി കൂടെ പാടുന്നവര്‍ക്കും രസകരമായ അനുഭവമാക്കി മാറ്റാന്‍,’ ചിത്ര പറഞ്ഞു.

Content Highlight: KS Chithra about SP Balasubramaniam

We use cookies to give you the best possible experience. Learn more