| Tuesday, 30th May 2023, 6:54 pm

അദ്ദേഹം എന്നെ മ്യൂസിക് അസിസ്റ്റന്റായി ക്ഷണിച്ചു; ഗായകര്‍ക്ക് പാട്ട് പഠിപ്പിക്കാന്‍ കൂടെ കൂടിക്കോയെന്ന് പറഞ്ഞു: കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും ഓര്‍മയിലെത്തുന്ന സ്വരമാണ് കെ.എസ്. ചിത്രയുടേത്. സംഗീത ലോകത്ത് വലിയ അനുഭവ സമ്പത്തുള്ളയാളാണ് ചിത്ര. ജോണ്‍സണ്‍ മാഷുമായുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ജോണ്‍സണ്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ മ്യൂസിക് അസിസ്റ്റന്റ് ആയി ക്ഷണിച്ചുവെന്ന് ചിത്ര പറഞ്ഞു. തനിക്ക് തിരക്കുണ്ടാകുന്ന സമയത്ത് ഗായകരെ പാട്ട് പഠിപ്പിക്കാന്‍ കൂടെ കൂടിക്കോയെന്നും അദ്ദേഹം പറഞ്ഞതായി ചിത്ര പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ജോണ്‍സണ്‍ മാഷ് എന്നോട് അദ്ദേഹത്തിന്റെ മൂസിക് അസിസ്റ്റന്റ് ആവാന്‍ പറഞ്ഞിട്ടുണ്ട്. ജോണ്‍സണ്‍ മാഷ് ഒര്‍ക്കസ്ട്രേഷനൊക്കെ നോക്കി തിരക്കായി ഇരിക്കുന്ന സമയത്ത് ഗായകര്‍ വരുമ്പോള്‍ പാട്ട് പഠിപ്പിക്കാന്‍ എന്റെ മ്യൂസിക് അസിസ്റ്റന്റ് ആയി കൂടിക്കോ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ മാഷിന് ജോലി കുറയുകയും ചെയ്യും എന്ന വിധത്തിലാണ് അത് പറഞ്ഞത്,’ ചിത്ര പറഞ്ഞു.

വളരെ സ്ട്രിക്റ്റ് ആയുള്ള രീതിയിലായിരുന്നു തന്നെ വളര്‍ത്തികൊണ്ടു വന്നിരുന്നതെന്നും താന്‍ പിന്നണി ഗാനരംഗത്ത് വരുന്നത് പോലും അമ്മക്ക് എതിര്‍പ്പായിരുന്നെന്നും ചിത്ര പറഞ്ഞു. താന്‍ ഇന്നുവരെ അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഒരാളോ ഇല്ലാതെ എങ്ങോട്ടും പോവാറില്ലെന്നും ചിത്ര പറഞ്ഞു.

‘അമ്മയും അച്ഛനുമൊക്കെ അധ്യാപകരായിരുന്നു അതുകൊണ്ട് തന്നെ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള രീതിയിലായിരുന്നു വളര്‍ത്തിയത്. അമ്മക്ക് ഞാന്‍ പിന്നണിഗാനരംഗത്ത് വരുന്നത് തന്നെ എതിര്‍പ്പായിരുന്നു.

സിനിമ എന്താണ് മേഖല എന്ന് പോലും അറിയില്ല. എങ്ങനെ അങ്ങോട്ട് വിടും എന്ന ചിന്തയായിരുന്നു. അപ്പോള്‍ അച്ഛന്‍ ഞാന്‍ കൂടെ പോകുന്നുണ്ടല്ലോ എന്ന് പറയുമായിരുന്നു. അച്ഛനോ അമ്മയോ ആരുമില്ലാതെ ഞാന്‍ ഇന്നു വരെ എങ്ങോട്ടും പോയിട്ടില്ല.

ട്രാവല്‍ ആവട്ടേ റെക്കോര്‍ഡിങ്ങിനു പോകുന്നതാവട്ടെ എന്റെ സ്റ്റുഡിയോയില്‍ പോകുമ്പോള്‍ പോലും മാനേജറോ അല്ലെങ്കില്‍ ആരെങ്കിലുമൊരാള്‍ കൂടെയുണ്ടാവും. എനിക്കൊരു പേടി വന്നാല്‍ കണ്‍മുന്നില്‍ എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ ഉണ്ടാവണമെന്ന് പണ്ട് മുതലേ ഉള്ള ഒരു സ്വഭാവമാണ്. പിന്നെ കല്യാണമൊക്കെ കഴിഞ്ഞതോട് കൂടി കുറച്ച് ഭേദമായി,’ ചിത്ര പറഞ്ഞു.

content highlight: ks chithra about jhonson master

We use cookies to give you the best possible experience. Learn more