മലയാളികള്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന ശബ്ദമാണ് ഗായിക കെ.എസ്. ചിത്രയുടേത്. പാട്ട് പോലെ തന്നെ ചിത്രയുടെ ചിരിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ തന്നോട് അമ്മ അറിയാത്തവരോട് ചിരിക്കാന്‍ പാടില്ലെന്ന് ഉപദേശിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഗായികയിപ്പോള്‍.
ഇതിന്റെ പേരില്‍ അമ്മയുടെ കയ്യില്‍ നിന്ന് ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ടെന്നും പെണ്‍കുട്ടിയാണ് ചീത്തപ്പേരുണ്ടാകുമെന്ന് അമ്മ പറഞ്ഞതായും ചിത്ര പങ്കുവെച്ചു. ബിഹൈന്‍വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ ജനിക്കുമ്പോഴേ ഇങ്ങനെയായിരുന്നു. എന്റെ അമ്മയില്‍ നിന്ന് ഒരുപാട് വഴക്കെനിക്ക് പണ്ട് കിട്ടിയിരുന്നത് ചിരിക്കാണ്. എന്റെ മുഖത്ത് ഒരാള്‍ നോക്കിയാല്‍ ഞാന്‍ ചിരിക്കും. അത് എന്തുകൊണ്ടാണങ്ങനെ എന്ന് എനിക്കറിയില്ല.
ഞാന്‍ ചിരിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നില്ല. അമ്മ പിന്നെ എന്റെയടുത്ത് പറയും അറിയാത്തയാളുകളോട് ചിരിച്ച് കഴിഞ്ഞാല്‍, പെണ്‍കുട്ടിയല്ലേ, ചീത്ത പേര് കിട്ടുമെന്ന്. അമ്മയുടെ കയ്യില്‍ നിന്ന് ഒരുപാട് ചീത്ത കിട്ടും.
ഇക്കാര്യങ്ങള്‍ കൊണ്ട് ഞാന്‍ മനപ്പൂര്‍വം ഗൗരവത്തില്‍ നില്‍ക്കും. എന്റെ തുടക്ക കാലത്തെ സ്റ്റേജ് ഷോയൊക്കെ നോക്കി കഴിഞ്ഞാല്‍ അത് മനസിലാകും. അറിയാവുന്നയാളോട് നീ ചിരിച്ചോ അറിയാത്ത ആളുകളോട് ചിരിക്കരുത് അത് തെറ്റായി വ്യഖ്യാനിക്കപ്പെടുമെന്ന് അമ്മ പറയും. അമ്മയും അച്ഛനും സ്‌കൂള്‍ ടീച്ചറാണ്. അതുകൊണ്ട് സ്ട്രിക്റ്റായി വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു,’ ചിത്ര പറഞ്ഞു.
പിന്നണി ഗാനരംഗത്ത് വരുന്നതിന് അമ്മയ്ക്ക് എതിര്‍പ്പായിരുന്നുവെന്നും ചിത്ര പറഞ്ഞു.
‘പിന്നണിഗാനരംഗത്ത് വരുന്നതിന് തന്നെ അമ്മയ്ക്ക് എതിര്‍പ്പായിരുന്നു. സിനിമയോ എന്താണ് മേഖലയെന്ന് അറിഞ്ഞു കൂടായെന്ന് അമ്മ പറഞ്ഞു. അപ്പോള്‍ ഞാനല്ലേ കൊണ്ടുപോകുന്നത്, ഞാന്‍ കൂടെയില്ലേയെന്ന് അച്ഛന്‍ പറഞ്ഞു.
ഈ പ്രായത്തിലും എന്റെ കൂടെ ഒരാളില്ലാതെ ഞാന്‍ ഒറ്റ സ്ഥലത്തും പോയിട്ടില്ല. യാത്രയായാലും റെക്കോഡിങ്ങിനാണെങ്കിലും. എന്റെ മാനേജറോ ആരെങ്കിലും എപ്പോഴും കൂടെയുണ്ടാകും. എനിക്ക് ഒരു പേടി വന്നാല്‍ എന്റെ കണ്‍മുന്നില്‍ ഒരാള്‍ വേണമെന്നുമുള്ളത് അന്ന് മുതലേയുള്ളതാണ്,’ കെ.എസ്. ചിത്ര പറഞ്ഞു.
content highlight: ks chithra about her mother