വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഓവലില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമായിരുന്നില്ല ഓസീസിന് ലഭിച്ചത്. ആദ്യ സെഷന്‍ അവസാനിക്കും മുമ്പ് തന്നെ രണ്ട് ഓപ്പണര്‍മാരെയും കങ്കാരുക്കള്‍ക്ക് നഷ്ടമായിരുന്നു. അര്‍ധ സെഞ്ച്വറി പ്രതീതി സൃഷ്ടിച്ച് അതിനാകാതെ വാര്‍ണര്‍ മടങ്ങിയപ്പോള്‍ പൂജ്യനായിട്ടായിരുന്നു ഉസ്മാന്‍ ഖവാജയുടെ മടക്കം.
ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെയാണ് ഖവാജയെ ഓസീസിന് നഷ്ടമാകുന്നത്. നാലാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്. പത്ത് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് ഖവാജക്ക് പുറത്താകേണ്ടി വന്നത്.
വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാനെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഇരുഭാഗത്ത് നിന്ന് രണ്ട് പേരും മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡ് ചലിച്ചു.
ബൗണ്ടറികളുമായി ഡേവിഡ് വാര്‍ണറാണ് ഇന്നിങ്‌സിനെ മുമ്പില്‍ നിന്നും നയിച്ചത്. അര്‍ധ സെഞ്ച്വറി നേടുമെന്ന് ആരാധകരെക്കൊണ്ട് തോന്നിച്ച ശേഷമാണ് വാര്‍ണര്‍ പുറത്തായത്. 60 പന്തില്‍ നിന്നും ഏട്ട് ബൗണ്ടറിയുള്‍പ്പെടെ 43 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ എസ്. ഭരത് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
വാര്‍ണറിനെ പുറത്താക്കാന്‍ ഭരത് നേടിയ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. താക്കൂറിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ച വാര്‍ണറിന് പിഴയ്ക്കുകയായിരുന്നു.
View this post on Instagram
ബാറ്റില്‍ ചെറിയ എഡ്ജ് ചെയ്ത പന്തിനെ അസാമാന്യ മെയ്‌വഴക്കത്തോടെയാണ് ഭരത് കൈപ്പിടിയിലൊതുക്കിയത്. കൃത്യമായി ഇടതു ഭാഗത്തേക്ക് ഡൈവ് ചെയ്ത ഭരത്തിന്റെ ടൈമിങ്ങില്‍ വാര്‍ണറിന് മടങ്ങേണ്ടി വരികയായിരുന്നു. ഈ ക്യാച്ചിലൂടെ പലതും പറയാതെ ഉറക്കെ വിളിച്ച് പറയാനും ഭരത്തിന് സാധിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ ഒരു മത്സരത്തില്‍ ഭരത്തിനെക്കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ക്യാച്ച്.
അതേസമയം, ലഞ്ചിന് പിന്നാലെ ഓസീസിന് മൂന്നാം വിക്കറ്റും നഷ്ടമായിരുന്നു. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സൂപ്പര്‍ താരം ലബുഷാനാണ് ക്ലീന്‍ ബൗള്‍ഡായി മടങ്ങിയത്. 62 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 26 റണ്‍സാണ് ലബുഷാന്‍ നേടിയത്.
നിലവില്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 116 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 40 പന്തില്‍ നിന്നും 13 റണ്‍സുമായി സ്റ്റീവ് സ്മിത്തും 21 പന്തില്‍ നിന്നും 29 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
Content Highlight: KS Bharat’s brilliant catch to dismiss David Warner