| Saturday, 28th August 2021, 3:20 pm

അവകാശസമരങ്ങളിലെ മുന്‍നിര പോരാളി; കര്‍ഷകത്തൊഴിലാളി നേതാവ് കെ.എസ്. അമ്മുക്കുട്ടി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ.എസ്. അമ്മുക്കുട്ടി (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതത്തില്‍ കഴിഞ്ഞിരുന്നഅമ്മുക്കുട്ടിക്ക് ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് രോഗം ഭേദമായിരുന്നു.

വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും അര്‍ധരാത്രി 1.30ഓടെ മരണപ്പെടുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലും കിഴക്കന്‍ മലയോരത്തും കര്‍ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ അമ്മുക്കുട്ടി സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സര്‍വീസ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനൊപ്പമാണ് കര്‍ഷക സംഘത്തിന്റെ കേന്ദ്രകമ്മിറ്റിയില്‍ അമ്മുക്കുട്ടി പ്രവര്‍ത്തിച്ചിരുന്നത്.

1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാരിനെതിരെ കര്‍ഷക തൊഴിലാളികളായ സ്ത്രീകളെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദ്ദനത്തിന് അമ്മുക്കുട്ടി ഇരയായിരുന്നു. അബോധാവസ്ഥയിലായ അമ്മുക്കുട്ടി ഒരു വര്‍ഷത്തോളം ഐ.സി.യുവിലും ആശുപത്രിയിലുമായി കഴിഞ്ഞാ് ജീവിതത്തിലേക്ക് തിരിച്ചുവച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KS Ammukkutty CPIM Karshaka Sangham

We use cookies to give you the best possible experience. Learn more