| Tuesday, 23rd March 2021, 7:16 pm

അരങ്ങേറ്റത്തില്‍ അതിവേഗ അര്‍ധസെഞ്ച്വറി; താരമായി ക്രുണാള്‍ പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി ക്രുണാള്‍ പാണ്ഡ്യ. 26 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രുണാളിന്റെ ഇന്നിംഗ്‌സ് ലോകറെക്കോഡാണ്.

അരങ്ങേറ്റ മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന വേഗമേറിയ അര്‍ധസെഞ്ച്വറി എന്ന റെക്കോഡാണ് ഈ മുംബൈ ഇന്ത്യന്‍സ് താരം സ്വന്തമാക്കിയത്. അരങ്ങേറ്റത്തില്‍ ഇത് 15-ാം തവണയാണ് ഒരു ഇന്ത്യന്‍ താരം അര്‍ധസെഞ്ച്വറി നേടുന്നത്.

31 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുണാള്‍, കെ.എല്‍ രാഹുലിനൊപ്പം ആറാം വിക്കറ്റില്‍ നിര്‍ണായകമായ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

രാഹുല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും (28) ശിഖര്‍ ധവാനും (98) നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രോഹിത് വീണ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും (56) ധവാന് ഉറച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 105 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ കോഹ്‌ലി വീണതോടെ മധ്യനിര നിലംപൊത്താന്‍ തുടങ്ങി.

ശ്രേയസ് അയ്യര്‍ (6), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ വന്നപോലെ മടങ്ങി. സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ ധവാനും വീണു.

അപകടം മണത്ത ഇന്ത്യയെ പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍-ക്രുണാള്‍ സഖ്യമാണ് രക്ഷിച്ചത്. ആക്രമണശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Krunal Pandya record-breaking ODI debutant

We use cookies to give you the best possible experience. Learn more