കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുകയായിരുന്നു. ഒന്നൊഴിയാതെയുള്ള എല്ലാ മത്സരത്തിലും ഒരുപോലെ പരാജയപ്പെട്ടാണ് മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
രോഹിത് ശര്‍മയൊഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡായിരുന്നു ചെറിയൊരു ചെറുത്തുനില്‍പിന് ശ്രമിച്ചത്.
യുവതാരം തിലക് വര്‍മയ്‌ക്കൊപ്പം സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ച പൊള്ളാര്‍ഡും അവസാന ഓവറില്‍ വീഴുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്.
വിക്കറ്റ് നഷ്ടപ്പെട്ട് പവലിയനിലേക്ക് മടങ്ങുകയായിരുന്ന പൊള്ളാര്‍ഡിന്റെ തോളില്‍ തൂങ്ങി ഉമ്മവെച്ചും കെട്ടിപ്പിടിക്കുകയും ചെയ്തായിരുന്നു മുന്‍ സഹതാരം ക്രുണാല്‍ പാണ്ഡ്യ യാത്രയാക്കിയത്.
2016 മുതല്‍ 2021 വരെ ഒരേ ടീമില്‍, ഒരേ ഓര്‍ഡറില്‍ ഒരേ റോളില്‍ കളിച്ച താരങ്ങളായിരുന്നു പൊള്ളാര്‍ഡും പാണ്ഡ്യയും. 2022 മെഗാ താരലേലത്തിലാണ് പാണ്ഡ്യ സഹോദരന്‍മാര്‍ രണ്ട് പേരെയും മുംബൈയ്ക്ക് നഷ്ടമായത്.
ഇപ്പോഴിതാ, പൊള്ളാര്‍ഡിന്റെ തോളില്‍ തൂങ്ങിയതിനെ കുറിച്ചും താരത്തോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കിയതിനെ കുറിച്ചും സംസാരിക്കുകയായിരുന്ന പാണ്ഡ്യ.
‘അവന്റെ (പൊള്ളാര്‍ഡിന്റെ) വിക്കറ്റ് നേടിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അല്ലെങ്കില്‍ ജീവിതത്തിലൊന്നാകെ അവനെന്റെ തല തിന്നേനെ.
അവനാണ് എന്റെ വിക്കറ്റ് നേടിയത്. ഞാനിപ്പോള്‍ അവന്റെ വിക്കറ്റുമെടുത്തു. ഇപ്പോള്‍ 1-1 എന്ന നിലയിലായില്ലേ. ഞാന്‍ അവന്റെ വിക്കറ്റ് എടുത്ത സ്ഥിതിക്ക് ഇനി വല്ലാതെ അവന്‍ സംസാരിക്കില്ല,’ ക്രുണാല്‍ പറഞ്ഞു.
ക്രുണാലിന്റേയും പൊള്ളാര്‍ഡിന്റേയും വീഡിയോ വൈറലായതോടെ നിരവധി ആരാധകരും അഭിനന്ദനവുമായി എത്തുന്നുണ്ട്.
അതേസമയം, 36 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ലഖ്‌നൗ മുംബൈയ്‌ക്കെതിരെ സ്വന്തമാക്കിയത്. ഇതോടെ 8 മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 10 പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാമതാണ് ലഖ്‌നൗ.
ഏപ്രില്‍ 29നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.