| Saturday, 13th May 2023, 5:30 pm

സഞ്ജുവിനെ കരയിപ്പിച്ചവനെ കരയിപ്പിച്ച് ക്രുണാല്‍; സ്മൂത്ത് ആസ് ബട്ടര്‍ എന്നല്ലാതെ അതിനെ എന്ത് വിളിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 58ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമായിരുന്നു ഓറഞ്ച് ആര്‍മിക്ക് ലഭിച്ചത്. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും പിന്നീട് ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം ചേര്‍ന്ന് അമോല്‍പ്രീത് സിങ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

സ്‌കോര്‍ 56ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി ത്രിപാഠിയും മടങ്ങി. 13 പന്തില്‍ നിന്നും 20 റണ്‍സ് നേടി നില്‍ക്കവെ യുദ്ധ്‌വീര്‍ സിങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ടീം സ്‌കോര്‍ 82ല്‍ നില്‍ക്കവെ അമോല്‍പ്രീത് സിങ്ങിനെ അമിത് മിശ്രയും മടക്കി.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയായിരുന്നു അക്ഷരാര്‍ത്ഥത്തിലെ ഗെയിം ചെയ്ഞ്ചര്‍. ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് പാണ്ഡ്യ കരുത്തായത്.

13ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോമില്‍ നില്‍ക്കുകയായിരുന്ന ഏയ്ഡന്‍ മര്‍ക്രമിനെ പുറത്താക്കിക്കൊണ്ടാണ് പാണ്ഡ്യ തുടങ്ങിയത്. പാണ്ഡ്യക്കെതിരെ സ്റ്റെപ് ഔട്ട് ഷോട്ട് കളിക്കാന്‍ തുനിഞ്ഞ മര്‍ക്രം ബീറ്റണാവുകയും ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു.

ആറാം നമ്പറില്‍ ഗ്ലെന്‍ ഫിലിപ്‌സായിരുന്നു ക്രീസിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ച ഗ്ലെന്‍ ഫിലിപ്‌സിന് ഈ മത്സരത്തിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചത്.

ഏഴ് പന്തില്‍ നിന്നും 25 റണ്ണടിച്ച ഫിലിപ്‌സിന്റെ പ്രഹരശേഷിയെ കുറിച്ച് കമന്റേറ്റര്‍മാരും വാചാലരായിരുന്നു.

എന്നാല്‍ ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ താരം പുറത്താവുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പന്‍ ഡെലിവെറിയില്‍ താരം ക്ലീന്‍ ബൗള്‍ഡായി പുറത്താവുകയായിരുന്നു.

അതേസമയം, നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഹെന്റിച്ച് ക്ലാസന്‍, അമോല്‍പ്രീത് സിങ്, അബ്ദുള്‍ സമദ് എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് തുണയായത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യുദ്ധ്‌വീര്‍ സിങ്, ആവേശ് ഖാന്‍, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Krunal Pandya dismiss Glen Philips for a golden duck

We use cookies to give you the best possible experience. Learn more