| Saturday, 26th October 2019, 6:33 pm

'ഞങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത്';അവധിയെടുത്ത് അധ്യാപകരുടെ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ അവധിയെടുത്ത് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക, കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ശമ്പളം വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കുക, പി.എഫ് ആനുകൂല്യം നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം മൗലിക അവകാശമാക്കി നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു അധ്യാപകന് മൂന്ന് വിദ്യാലയങ്ങളില്‍ വരെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കേണ്ടി വന്നിരുന്നു. വിദ്യാലയങ്ങളില്‍ എത്തിപ്പെടാന്‍ തന്നെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 28815 രൂപ ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ശമ്പളം കിട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ശമ്പളം 27500 രൂപയായി കുറക്കുകയും ഈ വര്‍ഷം അത് 25000 രൂപയായി വീണ്ടും കുറക്കുകയും ചെയ്തതായി അധ്യാപകര്‍ പറയുന്നു. എം.എച്ച്.ആര്‍.ഡി(മാനവശേഷി വകുപ്പ് മന്ത്രാലയം)ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് സര്‍വ ശിക്ഷാ അഭിയാന്‍ നല്‍കുന്ന ശമ്പളത്തിലും കുറവ് വന്നതെന്ന് കെ.ആര്‍.ടി.എ പ്രതിനിധി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പത്തും അഞ്ചും വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ജോലി സ്ഥിരപ്പെടുത്തണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മൗലികാവകാശ ലംഘനമാണ് ഇത്തരം അധ്യാപകരെ സ്‌കൂളുകളില്‍ സ്ഥിരപ്പെടുത്താതിരിക്കുമ്പോള്‍ സംഭവിക്കുന്നതെന്നും കെ.ആര്‍.ടി.എ പ്രതിനിധി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന സര്‍ക്കാരിന്റെ ആശയം കൃത്യമായി നടപ്പാക്കണമെന്നും അധ്യാപകര്‍ ഈവശ്യപ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന 225 പേരില്‍ 200 അധ്യാപകര്‍ ധര്‍ണയില്‍ പങ്കെടുത്തു. സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ധര്‍ണ നടത്തുന്നുണ്ട്.

കോഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ് ആണ്. മാര്‍ച്ചിനും ധര്‍ണക്കും പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more