| Monday, 18th April 2022, 6:17 pm

ബാഹുബലിയെക്കാള്‍ ബ്രഹ്മാണ്ഡം, ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എങ്ങനെ സംവിധാനം ചെയ്യണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കും; ദേശ്‌ദ്രോഹിയുമായി കെ.ആര്‍.കെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ വിവാദ നായകനാണ് കമാല്‍ ആര്‍. ഖാന്‍ എന്ന കെ.ആര്‍.കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തുന്ന താരം ഈയടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ രവീന്ദ്ര ജഡേജയേയും പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ ബാഹുബലിയേക്കാള്‍ വലുത് ( ബിഗ്ഗര്‍ ദാന്‍ ബാഹുബലി) എന്ന അവകാശവാദവുമായി തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കെ.ആര്‍.കെ. ദേശ്‌ദ്രോഹി എന്ന തന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് കെ.ആര്‍.കെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളും പ്രഖ്യാപനവും താരം പങ്കുവെച്ചത്.

‘ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എങ്ങനെയാവണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാന്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു,’ എന്ന ട്വീറ്റിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.

തിങ്കളാഴ്ച തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പങ്കുവെച്ചിരുന്നു.

2008ലായിരുന്നു ദേശ്‌ദ്രോഹിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ജഗദീഷ് എ. ശര്‍മയുടെ സംവിധാനത്തില്‍ കെ.ആര്‍.കെ തന്നെ നിര്‍മിച്ച് അഭിനയിച്ച ചിത്രമായിരുന്നു ദേശ്‌ദ്രോഹി. മനോജ് തിവാരി, ഹൃഷിതാ ഭട്ട്, ഗ്രേസി സിംഗ്, സൂഫി സെയ്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം സാമ്പത്തികമായി വിജയം കണ്ടിരുന്നില്ല. അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് നായകന്റെ മോശം പ്രകടനവും. ചിത്രത്തിലെ മീമുകളും സീനുകളും ഉപയോഗിച്ച് കെ.ആര്‍.കെയെ ട്രോളന്‍മാര്‍ എയറില്‍ കയറ്റാറുണ്ട്. അതേ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് താരം ഇപ്പോള്‍ എത്തുന്നത്.

മഹാരാഷ്ട്രയൊഴികെയുള്ള ഹിന്ദി ബെല്‍റ്റില്‍ 2008 നവംബര്‍ 14നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ബോംബെ സിനിമാ റെഗുലേഷന്‍ ആക്ട് പ്രകാരം ചിത്രം മഹാരാഷ്ട്രയില്‍ ചിത്രം നിരോധിച്ചിരുന്നു. എന്നാല്‍ പ്രത്യേക കോടതി വിധി നേടിയെടുത്ത് തിയേറ്ററുകളില്‍ പരാജയപ്പെടാന്‍ വേണ്ടി മാത്രം രണ്ട് മാസത്തിന് ശേഷം മഹാരാഷ്ട്രയിലും റിലീസ് ചെയ്തിരുന്നു.

Content highlight: KRK announces his new film Deshdrohi 2, claims bigger than Baahubali

Latest Stories

We use cookies to give you the best possible experience. Learn more