2021ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയാണ് കൃതി ഷെട്ടി. കന്നടയിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയാണിവര്‍. കൃതി ഷെട്ടി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എ.ആര്‍.എം ഓണത്തിന് റിലീസാകും. ടോവിനോ തോമസാണ് ചിത്രത്തിലെ നായകന്‍.
വളരെ കുറഞ്ഞ പ്രായത്തില്‍ തന്നെ സിനിമയില്‍ തിരക്കുള്ള അഭിനേത്രിയായി മാറിയ കൃതി, താന്‍ ഒരിക്കലും സിനിമയെ ഒരു കരിയര്‍ ആയി കണ്ടിട്ടില്ലെന്ന് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കൃതി ഷെട്ടി.
‘അഭിനയിക്കുന്നത് വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്. എന്നാല്‍ അഭിനയത്തെ ഞാന്‍ ഒരിക്കലും ഒരു കരിയര്‍ ആയി കണ്ടിട്ടില്ല. സിനിമക്കെല്ലാം ശേഷം ഒരു ദിവസം പോയി ജീവിതം കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.
എനിക്ക് സിനിമകള്‍ ചെയ്യുന്നതും അഭിനയിക്കുന്നതും സെറ്റുകളില്‍ പോകുന്നതുമെല്ലാം ഇഷ്ടമാണെങ്കിലും ഒരിക്കലും എനിക്കൊരു ആക്ടര്‍ ആകണമെന്ന് തോന്നിയിട്ടില്ല. സിനിമയെ എന്റെ കരിയര്‍ ആയിട്ട് ഞാന്‍ കണ്ടിട്ടില്ല.
പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് എന്റെ കുടുംബമാണ്. ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ് ഞാന്‍ ഒരു അഭിനേതാവാകുകയാണ് എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ ആരും അത്ഭുതപ്പെട്ടില്ല. അവരെന്നോട് പറഞ്ഞു, ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതലേ ഞാന്‍ ഇതിനാണ് ജനിച്ചതെന്ന് അവര്‍ക്കറിയാമായിരുന്നെന്ന്,’ കൃതി ഷെട്ടി പറയുന്നു.
പരസ്യങ്ങളിലൂടെയാണ് കൃതി ഷെട്ടി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പരസ്യം ചെയ്യാന്‍ തീരുമാനിക്കുന്നത് തന്നെ മാതാപിതാക്കളോട് കാശ് ചോദിക്കാനുള്ള മടികൊണ്ടാണെന്നും കോളേജില്‍ പഠിക്കാനുള്ള പൈസ സ്വന്തമായി ഉണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നതായും കൃതി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ആരംഭിച്ചതുതന്നെ എന്റെ മാതാപിതാക്കളോട് പൈസ ചോദിക്കാന്‍ മടിയായതുകൊണ്ടാണ്. കോളേജില്‍ പഠിക്കാറാകുമ്പോള്‍ അതിനു വേണ്ട പൈസ എല്ലാം എനിക്ക് തന്നെ ഉണ്ടാക്കണമെന്ന് തോന്നി,’ കൃതി ഷെട്ടി പറയുന്നു.
Content Highlight: Krithi Shetty Talks About Her Career