| Sunday, 15th September 2024, 6:31 pm

ആ നടിയുടെ പഴയ സിനിമകളാണ് ഞാന്‍ എ.ആര്‍.എമ്മില്‍ റഫറന്‍സായി എടുത്തത്: കൃതി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച സംവിധായകരില്‍ ഒരാളായ സുകുമാര്‍ നിര്‍മിച്ച ഉപ്പെനയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കൃതി ഷെട്ടി. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ കൃതിക്ക് സാധിച്ചു. തെലുങ്കിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച കൃതി ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലും അരങ്ങേറി. മികച്ച പ്രതികരണമാണ് കൃതിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

മലയാളത്തില്‍ ആദ്യമായി ചെയ്യുന്ന ചിത്രം 90കളുടെ പശ്ചാത്തലത്തിലുള്ളതിനായതിനാല്‍ അതിന് വേണ്ടി ഒരുപാട് തയാറെടുപ്പുകള്‍ നടത്തേണ്ടി വന്നിരുന്നുവെന്ന് കൃതി പറഞ്ഞു. ഹെയര്‍സ്റ്റൈല്‍ അടക്കം പല കാര്യത്തിനും അന്നത്തെ കാലത്തെ സിനിമകള്‍ കണ്ടാണ് റെഫറന്‍സ് എടുത്തതെന്നും കൃതി കൂട്ടിച്ചേര്‍ത്തു. മലയാളതതില്‍ ഡയലോഗ് എഴുതി റെക്കോഡ് ചെയ്താണ് പഠിച്ചതെന്നും തന്നെ സഹായിക്കാനായി മാത്രം സെറ്റില്‍ ഒരാള്‍ കൂടെയുണ്ടായിരുന്നെന്നും കൃതി പറഞ്ഞു.

ഷൂട്ടിന് മുമ്പ് തയാറെടുക്കാന്‍ ഒരുപാട് സമയം ലഭിച്ചിരുന്നെന്നും മലയായളത്തിലെ പഴയ കുറച്ച് സിനിമകള്‍ കണ്ടിരുന്നെന്നും കൃതി പറഞ്ഞു. ശോഭനയുടെ സിനിമകളാണ് താന്‍ കൂടുതലും കണ്ടിരുന്നതെന്നും ശോഭനയുടെ വലിയ ഫാനാണ് താനെന്നും കൃതി കൂട്ടിച്ചേര്‍ത്തു. ലക്ഷ്മി എന്ന കഥാപാത്രത്തിനായി ശോഭനയുടെ കഥാപാത്രങ്ങള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും കൃതി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃതി ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമ 90കളുടെ ബാക്ക്ഗ്രൗണ്ടിലാണ് കഥ പറയുന്നത്. അപ്പോള്‍ ആ സമയത്തുള്ള ഹെയര്‍സ്‌റ്റൈലും ബാക്കി കാര്യങ്ങളുമൊക്കെ നോക്കാന്‍ വേണ്ടി ആ സമയത്തിറങ്ങിയ മലയാളസിനിമകള്‍ കണ്ടു. പിന്നെ എന്റെ ഡയലോഗ് മൊത്തം റെക്കോഡ് ചെയ്ത് കേട്ടാണ് പഠിച്ചത്. എന്നെ സഹായിക്കാന്‍ വേണ്ടി മാത്രം ആ സെറ്റില്‍ ഒരു അസിസ്റ്റന്റിനെ ജിതിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു.

അതുപോലെ ഈ സിനിമയുടെ ഷൂട്ടിന് മുമ്പ് എനിക്ക് തയാറെടുക്കാന്‍ ഒരുപാട് സമയം കിട്ടി. ആ സമയത്താണ് ഞാന്‍ ഈ മലയാളസിനിമകളൊക്കെ കാണുന്നത്. ഞാന്‍ കണ്ടതില്‍ കൂടുതലും ശോഭന മാമിന്റെ സിനിമകളായിരുന്നു. ഞാന്‍ അവരുടെ വലിയ ഫാനാണ്. അഭിനയമായാലും ഓരോ സിനിമയിലെയും പെര്‍ഫോമന്‍സായാലും നമ്മള്‍ കണ്ടിരുന്നുപോകും. ഈ സിനിമയിലെ ലക്ഷ്മിക്ക് റഫറന്‍സായി എടുത്തത് ശോഭന മാമിനെയാണ്,’ കൃതി ഷെട്ടി പറഞ്ഞു.

Content Highlight: Krithi Shetty saying that Shobhana was the reference for her character in ARM

We use cookies to give you the best possible experience. Learn more