ക്രിഷ് 4 ഷൂട്ടിങ്ങ് ഉടന്‍; ഹൃത്വിക് റോഷനൊപ്പം പ്രിയങ്ക ചോപ്രയും തിരിച്ചെത്തും
ബോളിവുഡില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ക്രിഷ് 4. ഹൃത്വിക് റോഷന് നായകനാകുന്ന ഈ സിനിമയുടെ അപ്ഡേറ്റുകള് ഈ വര്‍ഷം തുടക്കം മുതല്‍തന്നെ വരുന്നുണ്ടായിരുന്നു. എറ്റവും പുതിയ അപ്ഡേറ്റനുസരിച്ച് 2024ന്റെ തുടക്കത്തില്‍ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും.
ഹൃത്വിക് റോഷന് തന്റെ ഹിറ്റ് സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ക്രിഷിന്റെ നാലാം ഭാഗത്തിന്റെ തിരക്കഥ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സിനിമക്കായി തിരക്കഥ എഴുതിയിരിക്കുന്നത് ഹൃത്വികിന്റെ അച്ഛനും സംവിധായകനുമായ രാകേഷ് റോഷനാണ്. മുമ്പ് രാകേഷ് റോഷന് സിനിമ ഉടനെയുണ്ടാകുമെന്ന വിവരം പുറത്തു വിട്ടിരുന്നു. ‘ക്രിഷ് 4’ന്റെ തിരക്കഥയില്‍ പൂര്‍ണ തൃപ്തി വന്നാല്‍ മാത്രമെ ഷൂട്ടിങ്ങിലേക്ക് പോവുകയുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
സിനിമക്കായി അണിയറ പ്രവര്‍ത്തകര്‍ പ്രിയങ്ക ചോപ്രയെ സമീപിച്ചിട്ടുണ്ട്. പ്രീതി സിന്റ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ല. എന്നാല്‍ ഹൃത്വിക് റോഷന് തന്റെ ഫൈറ്റര്‍ സിനിമ ഏകദേശം പൂര്‍ത്തിയാക്കി ക്രിഷ് 4ന് വേണ്ടി തയ്യാറെടുക്കുന്നതായാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
2003ലായിരുന്നു ക്രിഷ് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമ റിലീസ് ചെയ്തത്. ‘കോയി മില്‍ ഗയ’ എന്ന പേരിലിറങ്ങിയ സിനിമയില്‍ പ്രീതി സിന്റ, രേഖ എന്നിവരും അഭിനയിച്ചിരുന്നു. 2003 ആഗസ്റ്റില്‍ റിലീസായ ‘കോയി മില്‍ ഗയ’ ഈ വര്‍ഷം ആഗസ്റ്റില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
പിന്നീട് 2006ല്‍ ക്രിഷും 2013ല്‍ ക്രിഷ് 3യും പുറത്തിറങ്ങി. ‘കോയി മില്‍ ഗയ’യും ക്രിഷും ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്. എന്നാല്‍ ക്രിഷ് 3ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. വലിയ ഹൈപ്പോടെയായിരുന്നു ആ സിനിമ തിയേറ്ററുകളിലെത്തിയിരുന്നത്. 2006ല്‍ ക്രിഷിന് വേണ്ടി ഹൃത്വികിനൊപ്പം പ്രിയങ്ക ചോപ്രയായിരുന്നു അഭിനയിച്ചത്. ക്രിഷ് 3യില്‍ കങ്കണയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
Content Highlight: Krissh 4 Shooting Starts Soon