ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 190 റണ്‍സ് നേടിയിരുന്നു. 64 റണ്‍സ് നേടിയ നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മികച്ച തുടക്കമായിരുന്നു രോഹിത്തും സൂര്യകുമാറും ഇന്ത്യക്കായി നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ ടീം ടോട്ടല്‍ 44ല്‍ നില്‍ക്കെയാണ് 24 റണ്‍സുമായി സൂര്യ പുറത്താകുന്നത്. പിന്നീട് വന്ന മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായി സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ഏഴാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
കഴിഞ്ഞ രണ്ട് പരമ്പരയില്‍ ടീമിലെ പ്രധാന ഘടകമായിരുന്നു ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. എന്നാല്‍ വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അദ്ദേഹത്തിനെ ടീമില്‍ കളിപ്പിച്ചില്ലായിരുന്നു.
അദ്ദേഹത്തിനെ ടീമിലെടുക്കാത്തതില്‍ പ്രതിധേഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോകകപ്പ് വിജയിയായ കൃഷ്ണമാചാരി ശ്രീകാന്ത്. ഏകദിനത്തിലും ട്വന്റി-20യിലും മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന് ടീമില്‍ ഒരു സ്ഥാനം നല്‍കാമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
‘ടോസിന് ശേഷം ഫാന്‍കോഡിനോട് സംസാരിച്ച ശ്രീകാന്ത് പറഞ്ഞു. ”ഹൂഡ എവിടെയാണ്? ടി-20യില്‍ മികച്ച പ്രകടനം അയാള്‍ പുറത്തെടുത്തിരുന്നു. ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അവന്‍ ടീമില്‍ ഉണ്ടായിരിക്കേണ്ട ആളാണ്. ടി-20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഓള്‍റൗണ്ടര്‍മാരെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍, അങ്ങനെ കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമിന് നല്ലതാണ്,’ ശ്രീകാന്ത് പറഞ്ഞു.
ഹൂഡക്ക് പകരം മികച്ച ഫോമിലുള്ള അയ്യരായിരുന്നു കളത്തിലിറങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ അയ്യര്‍ പൂജ്യനായി മടങ്ങിയിരുന്നു.
ട്വന്റി-20 ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ട് മാസമായി മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെക്കുന്നത്. 68.33 ശരാശരിയില്‍ 205 റണ്‍സ് അദ്ദേഹം ട്വന്റി-20യില്‍ സ്വന്തമാക്കിയിട്ടുണ്ട്. 172.26 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അയര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഹൂഡ സെഞ്ച്വറി നേടിയിരുന്നു.