2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം സൗത്തിന്ത്യയിൽ തന്നെ വലിയ വിജയമായി മാറിയിരുന്നു.
ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര ഒന്നിച്ച ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്.
പ്രണയത്തോടെയൊപ്പം ശംഭു, കോയ, ജോർജ് എന്നിവരുടെ സൗഹൃദവും സിനിമയിൽ അവതരിപ്പിച്ചിരുന്നു. പ്രേമത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരുന്ന സമയത്ത് ചിത്രത്തിൽ മോഹൻലാലും ഉണ്ടായിരുന്നു എന്നാണ് കൃഷ്ണ ശങ്കർ പറയുന്നത്. ഒരു പള്ളിലച്ചന്റെ വേഷത്തിലേക്കാണ് മോഹൻലാലിനെ പരിഗണിച്ചതെന്നും എന്നാൽ മൂന്ന് പ്രണയകഥ പറയുന്നതിൽ ശ്രദ്ധ കൊടുത്തപ്പോൾ അത് വേണ്ടെന്ന് വെച്ചെന്നും താരം പറയുന്നു. ചിത്രത്തിന്റെ ഫൈറ്റ് സീനുകൾക്ക് റഫറൻസ് ആയി എടുത്തിട്ടുള്ളത് മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രമാണെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് കൃഷ്ണശങ്കർ പറഞ്ഞു.
‘പ്രേമം സിനിമയിൽ സത്യത്തിൽ ലാൽ സാർ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാൽ സാറിന്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചന്റെ ഒരു കഥാപാത്രമായിരുന്നു അത്. അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കാം എന്ന കാര്യത്തിലേക്ക് മാത്രമായി. അത് ഫോക്കസ് ചെയ്തു. അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു.
അതുപോലെ പ്രേമത്തിലെ ആ ഫൈറ്റ് സീൻ, സ്ഫടികത്തിലെ ഫൈറ്റ് സീനിൽ നിന്ന് റഫറൻസ് എടുത്തതാണ്. ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. അതുറപ്പാണ്,’കൃഷ്ണ ശങ്കർ പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.
പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ ഈയിടെ പുറത്തുവന്നിരുന്നു. തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.
Content Highlight: Krishnashankar About Mohanlal’s Character In Premam Movie