| Thursday, 9th February 2023, 11:38 pm

നാളത്തെ ഷൂട്ടില്‍ അവനുണ്ടെങ്കില്‍ ഞാന്‍ കാണില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു: കൃഷ്ണ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനോട് തനിക്ക് വലിയ സ്‌നേഹവും കടപ്പാടുമാണുള്ളതെന്ന് നടന്‍ കൃഷ്ണ പ്രസാദ്. ഷൂട്ടിനിടയില്‍ അമ്മയുടെ കര്‍മത്തിന് പോകാന്‍ തടസമുണ്ടായെന്നും മോഹന്‍ലാല്‍ ഇടപെട്ടാണ് അന്ന് തന്നെ വിട്ടയച്ചതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രസാദ് മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചത്.

‘അമ്മയും അച്ഛനും മരിച്ചതിന് ശേഷം ഞാന്‍ എല്ലാ വര്‍ഷവും ബലിയിടും. ഒരു വട്ടം ഷൂട്ടിനിടക്കാണ് ബലിയിടുന്ന ദിവസം വന്നത്. നാളെ ഷൂട്ടിന് കാണില്ല, ബലിയിടാന്‍ പോകണമെന്ന് നേരത്തെ പറഞ്ഞുവെച്ചിരുന്നു. അന്ന് ലാലേട്ടനെ കണ്ടപ്പോള്‍ നാളെ ഷൂട്ടിന് കാണില്ലെന്നും അമ്മയുടെ ബലിയിടാന്‍ പോകണമെന്നും പറഞ്ഞിരുന്നു.

ഉച്ചയായപ്പോള്‍ അസോസിയേറ്റ് വന്ന് പോവാന്‍ പറ്റില്ല, നാളെ ഷൂട്ട് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാനങ്ങ് ഉരുകി വെണ്ണീറായി പോവുന്ന അവസ്ഥയിലായി. അതുകഴിഞ്ഞ് ലാലേട്ടനുമായുള്ള രംഗമായിരുന്നു. ഞാനാകെ നിരാശനായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ വിളിച്ചിട്ട് നാളെ കര്‍മങ്ങള്‍ കഴിഞ്ഞ് എപ്പോള്‍ തിരിച്ച് വരാന്‍ പറ്റുമെന്ന് ചോദിച്ചു. ഇത്ര സമയത്തിനുള്ളില്‍ തിരിച്ചുവരാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. മോന്‍ അപ്പോള്‍ വന്നാല്‍ മതിയെന്ന് ലാലേട്ടന്‍ പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മഹത്വം ഞാന്‍ അറിയുന്നത്.

ലാലേട്ടന്‍ അസോസിയേറ്റുമായി സംസാരിച്ചിരുന്നു. പിറ്റേദിവസം ഷൂട്ട് ഏത് ഭാഗമാണെന്ന് അദ്ദേഹം അന്വേഷിച്ചപ്പോള്‍ ഞാനുമുണ്ട് ആ ഭാഗത്തില്‍. ആ പയ്യന്റെ അമ്മയുടെ എന്തോ കര്‍മത്തിന്റെ ദിവസമല്ലേ അതെന്ന് ലാലേട്ടന്‍ ചോദിച്ചു. ഓ, അതൊന്നും കുഴപ്പമില്ലെന്ന് ഈ അസോസിയേറ്റ് പറഞ്ഞു. നിങ്ങള്‍ക്ക് അമ്മയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചു. ഞാനാണെങ്കില്‍ ചെയ്യുമെന്ന് അയാള്‍ പറഞ്ഞു. അവന്‍ അവന്റെ അമ്മയോട് അങ്ങനെ ചെയ്യില്ല, നാളെ അവനുമായിട്ടുള്ള സീനാണ് എനിക്ക് വെക്കുന്നതെങ്കില്‍ ഞാന്‍ കാണില്ല കേട്ടോ എന്ന് ലാലേട്ടന്‍ പറഞ്ഞു.

അദ്ദേഹത്തിന് അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഷൂട്ടിങ് തീര്‍ത്താല്‍ പോരേ, എന്റെ അമ്മേടെ കര്‍മമോ, ഞാന്‍ ചെയ്യേണ്ട കാര്യങ്ങളോ നോക്കണ്ട കാര്യമില്ല. അന്ന് വൈകിട്ട് ഷൂട്ടിങ്ങില്‍ നിന്നും എന്നെ വിട്ടു. അദ്ദേഹത്തിനോട് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്‌നേഹവും ബന്ധവും കടപ്പാടുമാണത്,’ കൃഷ്ണ പ്രസാദ് പറഞ്ഞു.

Content Highlight: krishnaprasad talks about mohanlal

We use cookies to give you the best possible experience. Learn more