ജയ്പൂര്‍: ഇന്നലെ ഐ.പി.എല്ലില്‍ നടന്ന രാജസ്ഥാന്‍ മുംബൈ മത്സരത്തില്‍ യുവതാരങ്ങളായ സഞ്ജു സാംസണിന്റെയും കൃഷ്ണപ്പ ഗൗതമിന്റെയും മികച്ച ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ രാജസ്ഥാന്‍ മുംബൈയെ മറികടക്കുകയായിരുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഗൗതം ഇന്നലെ മുംബൈക്കെതിരെ കുറിച്ചത്.
അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയരായ രാജസ്ഥാന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ്ങിന്റെ മികവില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് 167 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയും ചെയ്തു.
39 പന്തില്‍ നിന്ന് 52 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന് മികച്ച പിന്തുണ നല്‍കിയ ബെന്‍ സ്റ്റോക്‌സാണ് 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടി. ഇരുവരും മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായെങ്കിലും 11 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ടീമിനു ജയം സമ്മാനിച്ചത്.
വാലറ്റത്ത് അസാമാന്യ പ്രകടനം കാഴ്ചവെച്ച ഗൗതമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാജസ്ഥാന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. “ഗൗതമിന്റെ ഇന്നിങ്‌സ് മനോഹരമായിരുന്നു. ജീവിതത്തിലേക്ക തന്നെയുള്ള അനുഭവമാണ് ഇന്നലെ ലഭിച്ചത്. അവനു മാത്രമല്ല, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും.” സഞ്ജു പറഞ്ഞു.
“ഒരു ടീം സ്‌കോര്‍ പിന്തുടരുമ്പോള്‍ ബൗളിങ്ങ് വിഭാഗം സമ്മര്‍ദ്ദത്തിലാവുമെന്ന് എനിക്കറിയാം. സ്‌കോര്‍ പിന്തുടരുമ്പോള്‍ കഴിയുന്നത്ര മത്സരം അനുകൂലമാക്കാന്‍ ശ്രമിക്കണം” സാംസണ്‍ കൂട്ടിച്ചേര്‍ത്തു.