| Thursday, 8th April 2021, 8:49 pm

കൃഷ്ണന്‍കുട്ടി പണിതുടങ്ങി - ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മുറുകുന്ന ഭീതി | Krishnankutty Pani Thudangi | Film Review

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Krishnankutty Pani Thudangi  Film Review: മലയാള സിനിമയില്‍ ഇത് ത്രില്ലറുകളുടെ കാലമാണ്. ഹൊറര്‍ ത്രില്ലറുകള്‍ കൊണ്ടും, സസ്‌പെന്‍സ് ത്രില്ലറുകള്‍ കൊണ്ടും മലയാള സിനിമ പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ്.

ആനന്ദ് മധുസൂദനന്‍ തിരക്കഥ എഴുതി സൂരജ് ടോം സംവിധാനം ചെയ്ത കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രവും ത്രില്ലര്‍ സ്വഭാവമുള്ള മറ്റൊരു പരീക്ഷണ ചിത്രമാണ്. എന്നാല്‍ പൂര്‍ണ്ണമായും ഒരു പരീക്ഷണ ചിത്രമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട ചിത്രവുമല്ല കൃഷ്ണന്‍കുട്ടി പണിതുടങ്ങി.

പാവ മുതല്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ആനന്ദ് മധുസൂദനന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങി. ആദ്യം മുതലേ ചിത്രത്തിന് ഒരു ഹൊറര്‍ ത്രില്ലര്‍ പരിവേഷമാണ് ആനന്ദ് തിരക്കഥയില്‍ നല്‍കിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് തന്നെ അന്യഭാഷാ ചിത്രങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ ഇത്തരം ഹൊറര്‍ ത്രില്ലറുകള്‍ കണ്ട് പ്രശംസിക്കുകയും എന്ത് കൊണ്ട് ഇത്തരം സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുന്നില്ലായെന്ന് പരിഭവിക്കാറുമുണ്ട്.

തമിഴ് സിനിമകളിലടക്കം ധാരാളം പരീക്ഷണ ചിത്രങ്ങളുണ്ട്. പിസ,മായാ, ഡിമോത്തി കോളനി അങ്ങനെ ഒട്ടേറെ ഹൊറര്‍ ത്രില്ലറുകള്‍ക്ക് അവിടെ പിന്തുണ ലഭിക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രം അത്തരം പരീക്ഷണങ്ങളുടെ വലിയ സാധ്യതകള്‍ നിറഞ്ഞ ഒരു ചിത്രമാണ്.

ഒരു മുത്തശ്ശി കഥപോലെ വിചിത്രവും, ലളിതവുമാണ് ചിത്രം. നാട്ടിലെ നമ്മള്‍ കേട്ട് വളര്‍ന്ന അനേകം പ്രേതകഥകളുണ്ട്. അവയെല്ലാം നമ്മള്‍ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ച ഭയങ്ങളും അവയുടെ സ്വാധീനങ്ങളുമുണ്ട് നമ്മുടെയെല്ലാം ജീവിതത്തില്‍. കൃഷ്ണന്‍കുട്ടി പണി തുടങ്ങി തുടങ്ങുന്നതും അത്തരമൊരു നാട്ടുകഥയില്‍ നിന്നാണ്. ഭയമുണര്‍ത്തുന്ന, നിഗൂഢതകള്‍ നിറഞ്ഞ ഒരു ഗ്രാമീണ കഥയില്‍ നിന്ന്.

എന്നാല്‍ ചിത്രത്തിന്റെ പ്രധാന പ്രമേയം അവയില്‍ മാത്രമായി ഒതുങ്ങുന്നില്ല. അതില്‍ നിന്ന് മറ്റൊരു നിഗൂഢ ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു കൊണ്ട് പോവുകയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്ന പോലെ കാടിനുള്ളില്‍ ഒരു ഒറ്റപ്പെട്ട വീട്, അതിനുള്ളില്‍ തളര്‍ന്ന് കിടക്കുന്നൊരു വൃദ്ധന്‍, അയാളുടെ കൊച്ചുമകള്‍ ബിയാട്രിസ്സ്(സാനിയ ഇയ്യപ്പന്‍). ശരീരം തളര്‍ന്ന് കിടക്കുന്ന വൃദ്ധന്റെ ശുശ്രൂഷയ്ക്കായി വരുന്ന ഹോം നഴ്സ് ഉണ്ണി കണ്ണന്‍(വിഷ്ണു ഉണ്ണികൃഷ്ണന്‍).

അയാളുടെ വരവോടു കൂടി ആ വീടിനുള്ളില്‍ അരങ്ങേറുന്ന നിഗൂഢ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തുടക്കം മുതലേ ചിത്രത്തില്‍ ബില്‍ഡ് ചെയ്യുന്ന ഒരു മിസ്റ്ററി എലമെന്റ് ഉണ്ട്. ലൂക്ക പാലസ് , അവിടുത്തെ ചുറ്റുപാടുകള്‍, തളര്‍ന്ന് കിടക്കുന്ന വൃദ്ധന്‍,അവിടുത്തെ ജോലിക്കാരി അങ്ങനെ നിഗൂഢതകളേറെയാണ് ചിത്രം മുഴുവനും.

ഈ നിഗൂഢതകള്‍ നിലനിര്‍ത്തി കൊണ്ട് പോവുകയാണ് ഉണ്ണി കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ വരവോടു കൂടി. അയാളിലൂടെയാണ് പ്രേക്ഷകരും ആ വീട്ടിലെ കുരുക്കില്‍ പെട്ട് പോകുന്നത്. അയാളിലൂടെയാണ് പ്രേക്ഷകര്‍ നിഗൂഢതകള്‍ നിറഞ്ഞ യാത്രയ്ക്ക് പോകുന്നത്. പോകുംതോറും ബലം മുറുകുന്ന കുരുക്കിലേക്കാണ് ചിത്രം പ്രേക്ഷകനെയും കൊണ്ട് പോകുന്നത്. ഉണ്ണിക്കണ്ണനൊപ്പമാണ് പ്രേക്ഷകനും സഞ്ചരിക്കുന്നത്. അയാള്‍ കണ്ട് മുട്ടുന്ന കഥപാത്രങ്ങള്‍, അയാള്‍ നേരിടുന്ന ദുരൂഹ സാഹചര്യങ്ങള്‍,അയാള്‍ തിരിച്ചറിയുന്ന സത്യങ്ങള്‍ ഇതൊക്കെ ത്രില്ലടിച്ചു കാണാന്‍ പറ്റിയ ഒരു ചിത്രമാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി.

മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ ഛായാഗ്രഹണവും ബാക്ക് ഗ്രൗണ്ട് സ്‌കോറും എല്ലാം നിലവാരം പുലര്‍ത്തുമ്പോഴാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി സമീപകാലത്തെ ഒരു മികച്ച ഹൊറര്‍ ത്രില്ലര്‍ അനുഭവമായി മാറുന്നത്. ഒറ്റപെട്ട വീടിനുള്ളിലെ നിഗൂഢതകള്‍ക്കുള്ളില്‍ പ്രേക്ഷകനെയും കുരുക്കുവാന്‍ സംവിധായകന് സാധ്യമായി. ഓരോ നിമിഷവും അരങ്ങേറുന്ന ത്രില്ലിംഗ് മൊമെന്റ്‌സാണ് പിന്നീട് ചിത്രത്തില്‍. വിരലില്‍ എണ്ണാവുന്ന കഥപാത്രത്തിലൂടെ നീങ്ങുന്ന കഥയാണ് കൃഷ്ണന്‍കുട്ടിയുടേത്.

സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ച ബിയാട്രിസ്സ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ഉണ്ണിക്കണ്ണന്‍ എന്ന കഥപാത്രങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും നീങ്ങുന്നത്. സാനിയ സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്ന കഥപാത്രമാണ് ബിയാട്രിസ്സ്.

ബിയാട്രിസ്സ് എന്ന കഥാപാത്രത്തിന് ഒരു വേറിട്ട വ്യക്തിത്വം നല്‍കാന്‍ സാനിയക്ക് സാധ്യമായി. ഒരു ഗ്രേ ഷേഡ് നിലനിര്‍ത്തികൊണ്ട് തന്നെയുള്ള പ്രകടനമാണ് സാനിയക്ക് ചിത്രത്തില്‍ ഉടനീളം.വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്റെ വ്യത്യസ്തമായ ശൈലിയിലിലൂടെയും,കൗണ്ടറുകളിലൂടെയും ഉണ്ണി കണ്ണന്‍ എന്ന കഥാപാത്രം ഭംഗിയാക്കി.

ഒരേസമയം പേടിച്ചും, ചിരിപ്പിച്ചും കഥപാത്രത്തിന്റെ ഒപ്പം സഞ്ചരിക്കുവാന്‍ അദ്ദേഹത്തിന് സാധ്യമായി.പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ടെക്‌നിക്കല്‍ സൈഡിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം, കിരണ്‍ ദാസിന്റെ എഡിറ്റിങ്ങ്, ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തെ ഒരു മികച്ച ഹൊറര്‍ ത്രില്ലര്‍ അനുഭവമാക്കി മാറ്റുന്നുണ്ട്. ഇത്തരം സാങ്കേതിക മികവ് പുലര്‍ത്തുന്ന ചിത്രം ഒരു മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വഴിയൊരുക്കുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ കൃഷ്ണന്‍ കുട്ടി പണിതുടങ്ങി ഒ.ടി.ടി. റിലീസാണ്. പ്രേക്ഷകന് നഷ്ടമാകുന്നത് ഒരു മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. ഏപ്രില്‍ 11 മുതല്‍ ചിത്രം Zee 5 പ്രീമിയറില്‍ ലഭ്യമാണ്.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്