| Tuesday, 27th November 2018, 7:56 am

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനതാദള്‍ എസ്സിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണന്‍കുട്ടിക്കും കിട്ടുക.

ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

ALSO READ:ശബരിമലയില്‍ നിരോധനാജ്ഞ 30 വരെ നീട്ടി; ക്രമസമാധാന പ്രശ്‌നം തുടരുന്നുവെന്ന് കലക്ടര്‍

മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറഞ്ഞിരുന്നത്. കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു.ടി.തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.

ധാരണപ്രകാരം മാത്യു.ടി.തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെ.ഡി.എസ്സില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു.ടി. തോമസ്സിനെതിരെ എം.എല്‍.എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും പല തവണ ദേശീയനേതൃത്വത്തിന് മുന്നില്‍ പരാതിയുമായെത്തിയിട്ടുണ്ട്.

ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്‌നത്തിലിടപെട്ടത്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയിരുന്നില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more