അല്ലയോ മനുഷ്യ സ്‌നേഹിയായ ബൈക്ക് റൈഡറേ.. മരണത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ട് എന്നെ വിട്ടേക്കുക
FB Notification
അല്ലയോ മനുഷ്യ സ്‌നേഹിയായ ബൈക്ക് റൈഡറേ.. മരണത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ട് എന്നെ വിട്ടേക്കുക
കൃഷ്ണന്‍ ബാലേന്ദ്രന്‍
Friday, 28th June 2019, 3:20 pm

മരിച്ചു കഴിഞ്ഞാലെന്തുവാന്ന് ചോദിച്ചാല്‍ ഞാന്‍ പറയും മരിച്ചാപ്പിന്നെയൊന്നും നടക്കില്ലെന്ന്. വായിലോട്ട് ആരെങ്കിലും ഒരു തണുത്ത ലാര്‍ജ് സിങ്കിള്‍ മാള്‍ട്ടൊഴിച്ച് തന്നാലും അത് സൈഡിക്കൂടി ഒലിച്ചങ്ങ് പോകും. വാട്ടേ ട്രാജഡി…

Thanatology (മരണത്തെ സംബന്ധിച്ച ശാസ്ത്രീയപഠനം) ഫോറെന്‍സിക്ക് പരിശീലന ത്തിന്റെയും അധ്യയനത്തിന്റെയും മുഖ്യവും മൗലീകവുമായ ഒരു വിഷയമാണ്.
We’re all gonna die some day.. എന്ന് പറഞ്ഞു കൊണ്ടൊക്കെയാണ് ക്ലാസ്സെടുക്കുമ്പോഴുള്ള തള്ള് തുടങ്ങുന്നതെങ്കിലും എന്റെ ക്ലാസ്സുകളിലിരുന്നിട്ടുള്ള കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഓര്‍മ്മ വരാന്‍ സാധ്യതയുള്ള ഒരു സംഗതിയാണ് അവരുടെ അധ്യാപഹയനായ എനിക്ക് മരണത്തോടും മരിക്കുന്നതിനോടുമുള്ള സങ്കല്‍പ്പങ്ങളേപ്പറ്റി.

എനിക്ക് മരിക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ടില്‍ പോകണമെന്നുണ്ട്. ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പോകണമെന്നുണ്ട്.
അതിന് ശേഷം സ്‌കോച്ചിന്റെ നാടായ Scotland ല്‍ പോയി Johny Walker Double black ഉണ്ടാക്കി സ്റ്റോറ് ചെയ്ത് വച്ചിരിക്കുന്ന ഒരു വല്യ ടാങ്കിലേക്ക് (അങ്ങനയൊന്നില്ലെങ്കിലും അങ്ങനൊന്നുണ്ട്) വല്ല പഴത്തൊലിയിലൊ മറ്റോ ചവിട്ടി തെന്നിയടിച്ച് വീണ് അകത്തും പുറത്തും ഡബിള്‍ ബ്ലാക്കാല്‍ അഭിഷേകിതനായിട്ട് ബച്ചാവോ ബച്ചാവോന്നൊന്നും അലറിവിളിക്കാതെ തീരെണമെന്നാണ് ആഗ്രഹമെന്ന് അറ്റ്‌ലീസ്റ്റ് കുറേ സ്റ്റ്യുഡെന്റ്‌സിനെങ്കിലും അറിയാം.

ബക്കറ്റ് ലിസ്റ്റിലുള്ള പത്ത് കാര്യങ്ങളില്‍ പത്താമതായി വച്ചിരിക്കുന്നതാണ് മൌണ്ട് എവറസ്റ്റ് കയറുക എന്നുള്ളത്. അത് പത്താമത്തേതാക്കി വച്ചിരുക്കുന്നതിനും കാരണമുണ്ട്.

സിമ്പിളാണ്.

മിക്കവാറും അതില് തട്ടി പോകും. സത്യം പറഞ്ഞാല്‍ മുപ്പത് വര്‍ഷത്തോളം നീണ്ടുനിന്ന സിഗററ്റ് വലി നിറുത്തിയിട്ടും അത് വീണ്ടും തുടങ്ങാതെ തുടരുന്നതിന്റെയും ഒരു പ്രധാന കാരണം മൗണ്ട് എവറസ്റ്റ് മോഹമാണ്. വലിച്ചോണ്ട് അങ്ങോട്ട് ചെന്നേച്ചാ മതി. അവിടെ തന്നെ ഒടുങ്ങും. കാര്യമിങ്ങനൊക്കെയാണെങ്കിലും എവറസ്റ്റില്‍ തട്ടിപ്പോയാല്‍ (ശരിയോ തെറ്റോന്നറിയില്ല) ബോഡി അവിടുന്ന് ഒരു സൈഡിലോട്ട് തള്ളിയങ്ങിട്ടേക്കുമെന്നാണ് കേട്ടിട്ടുള്ളത്. പിന്നെ ലോകത്തിന്റെ നെറുകയില്‍ മഞ്ഞിലങ്ങനെ കല്പാന്തകാലത്തോളം കിടക്കാം.
ഇന്‍ ഓള്‍ പ്രിസ്റ്റീന്‍ ഗ്ലോറി.
ഐ ലൈക്ക് ദാറ്റ് ഐഡിയ.

ബിക്കോസ്,

ഇന്നു കാണുന്ന മനുഷ്യവര്‍ഗ്ഗത്തിനും എന്തായാലും ഒരു വംശനാശം ഉണ്ടാവുമല്ലോ. ഭൂമിയില്‍ ജീവനെടുത്തിട്ട് വംശനാശം വന്ന് ഇവിടുന്നപ്രത്യക്ഷരായ അനേകമായിരം ജീവജാലങ്ങളേപ്പോലെ തന്നെ നമ്മളും തീരും. പോക്കങ്ങോട്ടേക്കാണ്.

അങ്ങനെ സംഭവിച്ചാല്‍ പ്രകൃതിക്ക് പ്രത്യേകിച്ചെന്തെങ്കിലും സംഭവിക്കുമെന്നൊന്നും തോന്നേണ്ടതുമില്ല. നേയ്ച്ചര്‍ ഡോന്റ് ഗിവ് ഏ റാറ്റ്‌സാസ് ടു അസ് ഹ്യുമന്‍്‌സ്..

അങ്ങനെ വീണ്ടും മനുഷ്യര്‍ ഇല്ലാതെയാകുന്ന ഭൂമിയില്‍ അനേകം കോടി വര്‍ഷം കഴിഞ്ഞെങ്ങാനം ഒരു intelligent civilization വന്നാല്‍ അതിലും കുറെ പേര്‍ മൌണ്ട് എവറസ്റ്റ് കേറാന്‍ വന്നാല്‍ ചിലപ്പോ ഞാന്‍ അവിടങ്ങനെ കിടപ്പുണ്ടാവും. അന്നേരം അവന്മാര് പൊക്കിയെടുത്ത് ഇന്നത്തെ ലണ്ടന്‍ മ്യൂസിയം പോലൊരു അന്നത്തെ ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെങ്ങാനം കൊണ്ട് വച്ചാല്‍ സൂപ്പറല്ലേ?
ല്ലേ…. സൂപ്പറല്ലേ?

ആഗ്രഹങ്ങളങ്ങനൊക്കെ പോകുമെങ്കിലും, അതിന് ട്രൈ ചെയ്യുമെങ്കിലും, അത്ര ഡാര്‍ക്കല്ലാത്ത ആഗ്രഹങ്ങളുമുണ്ട്.
Galapagos ദ്വീപില്‍ പോകുക, Antarcticaയില്‍ പോകുക, ആഫ്രിക്കന്‍ സവാനയിലെ wildebeest കളുടെ ദേശാന്തരഗമനം കാണുക,

Arctic ദേശങ്ങളിലേതിലെങ്കിലും ചെന്ന് ഒരു രാത്രിയില്‍ പാറൂന്റെ കൈയും പിടിച്ച് aurora borealis കാണുക… അങ്ങനെ….

 

 

തൊഴിലിന്റെ ഭാഗമായി മരണത്തിനോടും അതിനേചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളോടും വളരെയടുത്തും, ചേര്‍ന്നും, ചിലപ്പോഴെങ്കിലും മുഖാമുഖമായും നില്‍ക്കുന്നത് കൊണ്ട്, ഫോറെന്‍്‌സിക്‌സിലുള്ള ഒരാള്‍ക്ക് മരണമെന്ന യാഥാര്‍ത്ഥ്യത്തോട് മാനസികമായി ഒരു പ്രോക്‌സിമിറ്റിയുണ്ടാവും എന്നത് ഒരു പ്രബലമായ ചിന്താഗതിയാണ്. തെറ്റാണത്.

മോര്‍ച്ചറിയിലെത്തുന്ന മരണങ്ങളുടെ രീതികള്‍ ഒരിക്കല്‍ ജീവിച്ചിരുന്ന ആ മനുഷ്യരുടെ ജീവിതങ്ങളിലേക്കും, അവരുടെ ജീവിതസാഹചര്യങ്ങള്‍ക്കും സമൂഹത്തിന്റേയും നേര്‍ക്ക് ഒരു ദയയുമില്ലാതെ പിടിച്ച് വച്ചിരിക്കുന്ന, സത്യം മാത്രം പറയുന്നതുമായ ഒരു മിററാണ്. മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം ടേബിളും അത് പോലെ തന്നെ.
അത് കാണണം, പക്ഷെ.
ഈസിയര്‍ സെഡ് ദാന്‍ ഡണ്‍.

മനുഷ്യര്‍ മിക്കവരും എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ മരിക്കുന്നു. അതില്‍ പലരിലും നമ്മളുണ്ടെന്നും, അതില്‍ ചിലര്‍ നമ്മളേക്കാള്‍ കുറച്ച് മുന്‍പ് നടന്നുനീങ്ങിയ നമ്മള്‍ തന്നെയെന്നും മനസ്സിലാക്കേണ്ടതാണ്. ഈസിയാവേണ്ടതാണ് അങ്ങനെ ചിന്തിക്കാന്‍.
പക്ഷെ അതത്ര സ്വാഭാവികമായി നടക്കുന്ന ഒരു ചിന്തയല്ല.

മരണത്തോട് നമ്മള്‍ എത്രയടുത്താണ് എന്ന് ഒരു റൂഡ് അവേക്കനിങ്ങിലൂടെ ചിലപ്പോഴൊക്കെ മോര്‍ച്ചറിക്ക് പുറത്തെ സംഭവങ്ങള്‍ ബോധ്യപ്പെടുത്തിത്തരുമ്പോഴും ആ സത്യങ്ങളിത്രയും കാലം പോസ്റ്റുമോര്‍ട്ടം ടേബിളും പറഞ്ഞിരുന്നുവെന്നും, ഇപ്പോഴും പറയുന്നുവെന്നും അറിയാതെ എത്രമാത്രം യാന്ത്രികമായി പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ ചെയ്ത് മറിക്കുന്നവരെ ഞാന്‍ കാണുന്നുണ്ട്.

ചിലപ്പോഴെങ്കിലും ഞാനുമങ്ങനെ ഫ്രോസണാകുമായിരുന്നിരിക്കും.

ഉറപ്പാണ്.

അല്ലെങ്കില്‍ എനിക്ക് മുന്‍പ് അനേകമായിരം മനുഷ്യര്‍ നിന്നത് പൊലെ കഴിഞ്ഞയാഴ്ച്ച ഞാനങ്ങനെ റോഡിന്റെ നടുക്ക് മരവിച്ച് നില്‍ക്കില്ലായിരുന്നു. മരണത്തിന്റെ തണുത്ത കാറ്റിന് മരിച്ചു മരവിച്ച് എന്റെ ടേബിളില്‍ കിടക്കുന്നവരുടെ വിരലുകളിലുള്ള അത്രയും തന്നെ തണുപ്പ്.

 

 

 

പത്ത് ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ്. പാറൂന്റെ ഫോണിന്റെ സിംകാര്‍ഡിനെന്തോ കുഴപ്പമായിട്ട് അത് കൊല്ലത്ത് കമ്പനി ഷോറില്‍ പോയി മാറ്റിയിട്ടു. കണക്ഷനുകളെല്ലാം എന്റെ പേരിലായതിനാല്‍ ഞാന്‍ തന്നെ നേരിട്ട് ചെന്ന് ഒപ്പിട്ട് കൊടുത്തോ ഫോട്ടോയെടുക്കാന്‍ നിന്നു കൊടുക്കുകയൊക്കെ ചെയ്യണമെന്നുള്ളത് കൊണ്ട് കാര്യം നടന്നില്ല. ഞാന്‍ തന്നെ നേരിട്ട് അവരുടെ ഏതെങ്കിലും ഓഫീസില്‍ പോകണമെന്നുള്ളത് കൊണ്ടാണ് ആലപ്പുഴയിലെ അന്നത്തെ പോസ്റ്റ്മോര്‍ട്ടം പണിയെല്ലാം കഴിഞ്ഞ് ഹരിപ്പാട്ടുള്ള ഐഡിയയുടെ ഒരു ഷോപ്പില്‍ പോകേണ്ടി വന്നത്.

ഗൂഗിള്‍ മാപ്‌സില്‍ നിന്നും സ്ഥലമൊക്കെ കണ്ടുപിടിച്ചിട്ട് കടയില്‍ നിന്നും ഏതാണ്ട് നൂറ് മീറ്റര്‍ അകലെയുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വണ്ടിയൊതുക്കിയിട്ട് നടക്കാന്‍ തുടങ്ങി.

മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.

നാല് കൂടുന്ന ഹരിപ്പാട്ട് ഠൗണ്‍ഹാള്‍ ജംഗ്ഷന് ഒരു പത്ത് അമ്പത് മീറ്റര്‍ കിഴക്ക് മാറി ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സ് പോലുളള ഒരു കെട്ടിടത്തിലാണ് ഈ ഓഫീസ്. എനിക്ക് റോഡ് ക്രോസ് ചെയ്ത് പോകണം.

സമയം വൈകിട്ട് ഏതാണ്ട് നാലരനാലേമുക്കാല്. വണ്‍ വേയാണ്. ആകെ ഒരു ദിശയില്‍ നിന്നും മാത്രമാണ് വണ്ടികള്‍ക്ക് വരാന്‍ പറ്റൂ. ഞാനൊരു സീബ്ര ക്രോസ്സിങ്ങിനടത്ത് എത്തുമ്പോള്‍ വണ്ടിയൊന്നും വരുന്നില്ല. അന്നേരം ഏതാണ്ട് സ്റ്റാറ്റിക്കായിട്ട് ഒരു കറുത്ത ബൈക്കില്‍ ഒരു ചങ്ങൈ ഞാന്‍ റോഡ് മുറിച്ചു കടക്കുന്ന ദിശയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

വ്‌റൂം….എന്നൊരു കാതടപ്പിക്കുന്ന മുരള്‍ച്ചയാണ് പിന്നെ കേള്‍ക്കുന്നത്. ഞാന്‍ റോഡിന്റെ ഒത്ത നടുക്കാണ്. മരണപ്പാച്ചില് പാഞ്ഞോണ്ട് ഒരു കറുത്ത രൂപമാണ് ഞാന്‍ പിന്നെ അനുഭവിച്ചത്. റോഡിന്റെ നടുക്ക് തന്നെ ഞാന്‍ ഫ്രീസ് ചെയ്തു നിന്നു.

ബൈക്കുകാരന് എന്റെ ഇടത്തൂടോ വലത്തൂടോ പോകാം. ഞാന്‍ അനങ്ങുന്നില്ല. നോക്കുമ്പോ പുള്ളി എനിക്ക് നേരേയാണ് ചീറി പാഞ്ഞ് വരുന്നത്. ഒരൂ സൈഡിലോട്ടും തിരിഞ്ഞ് എന്നേ ഒഴിവാക്കുന്ന ഒരു ലക്ഷണവും കാണിക്കുന്നില്ല.
സ്‌റ്റ്രെയിറ്റ് ഹെഡിങ്ങ് ടുവേഡ്‌സ് മി…

അമ്പത് നാല്‍പത് മുപ്പത് ഇരുപത് പത്ത് … ജസ്റ്റ് സ്‌ട്രെയ്റ്റ്..

ഞാന്‍ കണ്ണുകളടച്ചു. ഒരു തരം തണുത്ത ശാന്തതയാണ് അന്നേരം തോന്നിയത്. തൊട്ടു തൊട്ടില്ല എന്നായിരുന്നിരിക്കണം… എന്റെ മുഖത്ത് മരണത്തിന്റെ തണുത്ത കാറ്റടിച്ചു….മനസ്സിലൊന്നും തെളിഞ്ഞില്ല. ന്യു ജനറേനഷ്ന്‍ KTM ബൈക്കിന്റെ പോലൊരു ശബ്ദവും… കണ്ണ് തുറന്ന് നോക്കുമ്പോ ചങ്ങായി ഒരൂ നൂറ് മീറ്ററിനപ്പുറം ബ്രേയ്ക്കിട്ട് നിറുത്തി ഇറങ്ങാന്‍ തുടങ്ങുന്നു. പുള്ളി അവിടെ വരയേ ഉള്ള്.

തൊട്ടടുത്ത് ഒരു പാവം ഹോംഗാര്‍ഡ് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അയാളെ നോക്കി ഒരൂ റൈ സ്‌മൈല്‍ ചിരിച്ചിട്ട് നടന്ന് നീങ്ങി.

 

 

നോക്കൂ മിസ്റ്റര്‍ അനോണിമസ് ബൈക്ക് റൈഡര്‍,

നിങ്ങളേ പോലെ സ്വന്തം ജീവന് വില കല്പിക്കാത്ത ഒരു പാട് പേര് പത്തും നൂറുമൊന്നുമല്ല… ഏതാണ്ട് നാലായിരത്തിയിരുന്നൂറ് പേരേയാണ് എല്ലാ വര്‍ഷവും കേരളത്തിലെ റോഡുകളില്‍ ഇടിച്ച് കൊന്ന് എന്നേപ്പോലെയുള്ളവരുടെ പോസ്റ്റുമോര്‍ട്ടം ടേബിളിലില്‍ എത്തിക്കുന്നത്.
സ്വന്തം ജീവനും സുരക്ഷയ്ക്കും പുല്ല് വില പോലും കല്പിക്കാത്ത നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ജീവനോട് എന്ത് വില കാട്ടുന്നു എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊക്കെ ഇവിടുള്ളവര്‍ക്കുണ്ട്.

‘നിനക്കൊക്കെ ചാകണമെങ്കില്‍ പോയി ചാക്.
ഒരു വിലയുമില്ലാത്ത ജീവനല്ലെ… പോയി തുലയ്’….ഇതായിരുന്നു പണ്ടൊക്കെ ഇവറ്റകളേപ്പറ്റി തോന്നിയിരുന്നത്.
വയസ്സായി വരുന്നു.
അല്ല, ആയി.

അതോണ്ട് ഇപ്പോ തോന്നുന്നത് ഇവരൊക്കെയാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹികളെന്നാ. എങ്ങനെങ്കിലുമൊക്കെ ഒന്ന് വണ്ടിയിടിച്ച് ചണ്ടിയായി വല്ല ആശുപത്രിയുടേയും ICUവില്‍ കിടന്ന് brain death ആയിട്ട് സ്വന്തം അവയവങ്ങള്‍ ആര്‍ക്കെങ്കിലുമൊക്കെ മരണാനന്തരം സംഭാവന ചെയ്ത് ജന്മത്തിന് ഒരു ഉദ്ദേശവും അര്‍ത്ഥവും കണ്ടെത്താന്‍. ശരിക്കും കഷ്ടപ്പെടുന്ന യഥാര്‍ത്ഥ മനുഷ്യ സ്‌നേഹികള്‍.
ആയിക്കോട്ടെ… നോപ്രോബ്ലം.

പക്ഷെ ഇയ്യാള് തന്നെയങ്ങ് പോയാ മതി. വല്ല മരത്തിലോ പോസ്റ്റിലോ ഇടിച്ചു തീര്‍ത്തേരേ. അതിന് ബാക്കിയുള്ളവരേങ്കൂടി കൂട്ടണോ?

 

 

യു സീ…,

എനിക്കാണേലിതൊന്നുമല്ല പദ്ധതി.
ഗാലപ്പഗോസ് ദ്വിപുകള്‍.
അന്റാര്‍ട്ടിക്ക.
ആഫ്രിക്കയിലെ wildebeestകളുടെ മൈഗ്രേഷന്‍.
പാറൂന്റെ കൈ പിടിച്ചോണ്ട് ഒരു രാത്രിയില്‍ aurora borealis കാണണം.
മൗണ്ട് എവറസ്റ്റ്.
എന്നിട്ട് ചിലപ്പോ അടുത്ത സിവിലിസേഷനിലെ ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ സ്‌പെസിമെനാവണം….

Sorry dear bike rider philanthropist.
ഐ ഡോണ്ട് ഫിറ്റിന്റു യുവര്‍ ബോറിങ്ങ് പ്ലാന്‍.
My plans are just MORE THAN yours.

അതില്‍ excitement ഉണ്ട്.
പ്രണയവുമുണ്ട്.

സോ… കൈന്റ്‌ലി അഡ്ജസ്റ്റ്.

 

കൃഷ്ണന്‍ ബാലേന്ദ്രന്‍
ഫോറന്‍സിക് സര്‍ജന്‍, അസി. പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി പോലീസ് സര്‍ജന്‍