|

അയാളെ ഫിനിഷര്‍ എന്ന് വിളിച്ചാല്‍ ഫിനിഷിങ്ങിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഒരിക്കലും ഫിനിഷറല്ലെന്ന് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഒരു സ്ഥാനം നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നിരയിലെ ഓരോ താരങ്ങളും. ഫിനിഷിങ് റോളില്‍ നിലവില്‍ കളിക്കുന്നത് 37 വയസുള്ള വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തിക്കാണ്. അവസാന ഓവറില്‍ വന്ന് തകര്‍ത്തടിക്കുന്നത് അദ്ദേഹത്തിന് ഇപ്പോള്‍ ശീലമാണ്.

37 വയാസായെങ്കിലും അദ്ദേഹം തന്റെ റോള്‍ ഭംഗിയായി ചെയ്യുന്നുണ്ട്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 41 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ലോകകപ്പിന് ഇന്ത്യന്‍ ടീമിനാവശ്യമുള്ള ലോവര്‍ ഓര്‍ഡര്‍ ബാറ്ററാകാന്‍ തനിക്ക് സാധിക്കുമെന്ന് കാര്‍ത്തിക്ക് ഒരുപാട് തവണ തെളിയിച്ചു കഴിഞ്ഞു.

എന്നാല്‍ കാര്‍ത്തിക് ഒരു ഫിനഷറല്ലെന്നാണ് മുന്‍ താരമായ ക്രിഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം. ഒരു ഇന്നിങ്‌സിന്റെ മധ്യ ഓവര്‍ മുതല്‍ അവസാനം വരെ ക്രീസില്‍ നിന്നുകൊണ്ട് മത്സരം ഫിനിഷ് ചെയ്യുന്ന താരങ്ങളാണ് ഫിനഷര്‍മാരെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഒരു ഫിനിഷറെക്കുറിച്ചുള്ള നിങ്ങളുടെ ഡെഫിനിഷന്‍ തെറ്റാണ്. കാര്‍ത്തിക് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഫിനിഷറല്ല. എട്ടാമത്തെയോ ഒമ്പതാമത്തെയോ ഓവറില്‍ നിന്ന് ഗെയിം എടുത്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു ബാറ്ററെ ഫിനിഷര്‍ എന്ന് വിളിക്കാം. കളിയുടെ അവസാനം കാമിയോകള്‍ മാത്രമാണ് ദിനേഷ് നല്‍കുന്നത്.

സൂര്യകുമാര്‍ യാദവിനെ ഉദാഹരണമായി എടുക്കുക. ഇംഗ്ലണ്ടില്‍ അദ്ദേഹം ഏതാണ്ട് ഒരു കളി ഒറ്റക്ക് ജയിപ്പിച്ചു. അതാണ് ഫിനിഷിങ് റോള്‍. ഹാര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും നിലവില്‍ ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍മാരാണ്,” ശ്രീകാന്ത് ഫാന്‍കോഡില്‍ പറഞ്ഞു.

കാര്‍ത്തിക് തന്റെ ജോലി മികച്ച രീതിയിലാണ് ചെയ്യുന്നതെന്നും എന്നാല്‍ ഒരു ഫിനിഷറിന്റെ ജോലി വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു യഥാര്‍ത്ഥ ഫിനിഷര്‍ ഡെത്ത് ഓവറുകളില്‍ മാത്രം കളിക്കില്ല. ഡി.കെ ഒരു അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ഫിനിഷര്‍ ആകുന്നതിന് പകരം അദ്ദേഹം ഫിനിഷിങ് റോള്‍ എന്താണെന്ന് മാറ്റിയെഴുതുന്നു,’ ശ്രീകാന്ത് പറഞ്ഞു.

Content Highlights: Krishnamachari Srikanth says Dinesh Karthik is not a finisher