തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കുമെതിരെ വീണ്ടും വിദേഷ പോസ്റ്റുമായി അഭിഭാഷകന്‍ കൃഷ്ണരാജ്.
ജിഹാദികളുടെ മണ്ടക്ക് തന്നെ തന്റെ കുറിപ്പ് കൊണ്ടുവെന്നും എന്തൊരു വെറിയും വെപ്രാളവും ആയിരുന്നെന്നും ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടിയെന്നും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായെന്നും ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നെന്നും തന്റെ ഉദ്ദേശ്യവും അത് തന്നെയായിരുന്നെന്നും കൃഷ്ണരാജ് ഫേസ്ബുക്കിലെഴുതി.
”ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു. ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു.
എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ.
ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു.
എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു.
ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി,” എന്നായിരുന്നു ഇയാള്‍ എഴുതിയത്.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറില്‍ വെച്ച് കളിച്ച 30 സെക്കന്‍ഡുള്ള നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
”റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍…” എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാന്‍സ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വിഡിയോ മിനുറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇരുവരേയും അഭിനന്ദിച്ചും വീഡിയോ പങ്കുവെച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെ നവീന്റേയും ജാനകിയുടേയും മതം തിരഞ്ഞ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ജാനകി ഓം കുമാര്‍ എന്ന പേരും നവീന്‍ റസാഖ് എന്ന പേരുമായിരുന്നു ഇവരെ ചൊടിപ്പിച്ചത്.
കൃഷ്ണരാജ് ആയിരുന്നു നവീന്റെയും ജാനകിയുടെയും നൃത്തത്തില്‍ ‘എന്തോ ഒരു പന്തികേട് മണക്കുന്നു’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റിട്ടത്. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നുമായിരുന്നു ഇയാള്‍ എഴുതിയത്.
‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.’ – എന്നായിരുന്നു കുറിപ്പ്.
ഈ പോസ്റ്റിന് താഴെ സമാനപരാമര്‍ശവുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ജാനകിയേയും നവീനിനേയും പിന്തുണച്ചുകൊണ്ടായിരുന്നു വലിയൊരു വിഭാഗം പേരും എത്തിയത്. എല്ലാത്തിലും വര്‍ഗീയതയും വിദ്വേഷവും കണ്ടെത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കേരള ജനത പ്രതികരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
വിദ്വേഷ പ്രചാരണങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നും ഇനിയും ഡാന്‍സ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
‘ഒന്നിച്ചാണ് ക്ലാസില്‍ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാന്‍ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാന്‍സ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെന്‍സില്‍ എടുക്കണം. ഞങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയില്‍ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങള്‍ തന്നെ ആകണമെന്നില്ല. ഡാന്‍സ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജില്‍. ഇതിനും തീര്‍ച്ചയായും എടുക്കും.’ – എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Krishnakumar post Against Janaki and Naveen