| Friday, 23rd August 2024, 12:10 pm

എന്റെ വാതിൽ ചുമ്മാ വന്ന് മുട്ടല്ലേ, ഇപ്പോ മറ്റേ കമ്മീഷനൊക്കെയുണ്ട്; സ്ത്രീ വിരുദ്ധ പരാമർശവുമായി കൃഷ്ണകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണന്റെ യൂട്യൂബ് വീഡിയോയിലാണ് കൃഷ്ണ കുമാർ ഹേമ കമ്മിറ്റിയെ പരിഹസിച്ചു കൊണ്ട് സംസാരിച്ചത്.

വീഡിയോ ഷൂട്ട്‌ ചെയ്യുന്ന സിന്ധുവിനോട്, നീ ഓരോന്നൊന്നും പറയല്ലേ ഓരോ കമ്മീഷനൊക്കെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന കാലമാണ്. നീ എന്റെ വാതിലിൽ ഒന്നും ചുമ്മാ വന്ന് മുട്ടരുത്,’ എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.

പിന്നാലെ വീഡിയോയിൽ പൊട്ടിച്ചിരിക്കുന്ന കൃഷ്ണ കുമാറിനെയും എന്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് മനസിലാവാതെ ചിരിക്കുന്ന മകൾ ദിയ കൃഷ്ണനെയും കാണാം.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് കൃഷ്ണകുമാറിനെതിരെ ഉയരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സ്ത്രീ വിരുദ്ധവും പരിഹാസവുമായ ട്രോളുകൾക്ക് സമാനമാണ് കൃഷ്ണകുമാറിന്റെ ഈ പരിഹാസമെന്ന് വിമർശനം ഉയരുന്നുണ്ട്.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച് ഉണ്ടാക്കിയ റിപ്പോർട്ടിനെ ഒട്ടും ഗൗരവമായി കാണാതെ പരിഹസിച്ച കൃഷ്ണ കുമാറിനെതിരെ നടപടി വേണമെന്നും കമന്റുകൾ വരുന്നുണ്ട്. മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തെ കുറിച്ചും അതിന്റെ ആവശ്യകതെയെ കുറിച്ചും കൃഷ്ണകുമാർ ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ഒടുവിലാണ് ഇന്ന് വലിയ ചർച്ചയായിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ചു കൊണ്ട് കൃഷ്ണകുമാർ ചിരിച്ച് തള്ളിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ കമ്മിറ്റി പറഞ്ഞിരുന്നത്. മൊഴികള്‍ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ സഹിതമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

Content Highlight: Krishnakumar made fun of the Hema committee report

We use cookies to give you the best possible experience. Learn more