ശശി പറവൂരിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്ത് വന്ന ചിത്രമാണ് കാറ്റ് വന്ന് വിളിച്ചപ്പോള്‍. ചിപ്പി, കൃഷ്ണകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. ചിത്രം റിലീസ് ചെയ്ത സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് കൃഷ്ണകുമാര്‍.
തിയേറ്ററില്‍ നിന്നും ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും തിയേറ്ററില്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
‘സീരിയലില്‍ ഞാന്‍ ഏത് വേഷം ചെയ്താലും ഹിറ്റാവും. സിനിമയില്‍ നായക വേഷം ചെയ്തതൊക്കെ പൊട്ടിപ്പോയിട്ടുണ്ട്. കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്നൊരു പടമുണ്ട്. നല്ല വേഷമാണ്. നല്ല പാട്ടുകളൊക്കെയുണ്ടായിരുന്നു.
ആ പടം കാണാന്‍ പോയിട്ട് തിയേറ്ററില്‍ നിന്നും ഭാര്യയും മക്കളും വിളിച്ചു. കിച്ചുവിന്റെ പടം കാണാന്‍ വന്നിരിക്കുവാ, തിയേറ്ററിനകത്തിരുന്നപ്പോള്‍ സത്യം പറഞ്ഞാല്‍ പേടിച്ചുപോയെന്ന് അവള്‍ പറഞ്ഞു. എന്തു പറ്റിയെന്ന് ഞാന്‍ ചോദിച്ചു. തിയേറ്ററില്‍ ഞാനും പിള്ളേരും മാത്രമേയുള്ളുവെന്ന്. നമുക്ക് സിനിമില്‍ വിധിയില്ലെന്ന് അന്ന് എനിക്ക് തോന്നി,’ കൃഷ്ണകുമാര്‍ പറഞ്ഞു.
താന്‍ ചെയ്തതില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട ചിത്രമായ സമ്മര്‍ പാലസിനെ പറ്റിയും ഹിറ്റ് സീരിയലായ സ്ത്രീയെ പറ്റിയും കൃഷ്ണകുമാര്‍ സംസാരിച്ചു. ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ കൂട്ടച്ചിരിയായിരുന്നുവെന്നും വലിയ സാമ്പത്തികമില്ലാതെ ചെയ്ത ചിത്രമായിരുന്നു സമ്മര്‍ പാലസെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് സമ്മര്‍ പാലസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ കൂട്ടച്ചിരിയാണ്. കാരണം വലിയ സാമ്പത്തികമുള്ള സെറ്റല്ലായിരുന്നു. ചെറിയ സെറ്റാണ്. പല്ലൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കുവാണ്, ആഞ്ഞൊന്ന് ചിരിച്ചാല്‍ പല്ലൊക്കെ താഴെ പോവും.
മെഗാ സീരിയലുകള്‍ തുടങ്ങുന്ന കാലത്ത് ഏറ്റവും പോപ്പുലറായ സീരിയലാണ് സ്ത്രീ. സിദ്ദീഖേട്ടനായിരുന്നു അതില്‍ നായകന്‍. ഞാന്‍ അതില്‍ അഭിനയിച്ച ഒരു സീന്‍ കേറി അങ്ങ് കൊളുത്തി. പിന്നെ കഥയില്‍ മാറ്റം വരുത്തി. അങ്ങനെ പത്ത് ദിവസത്തേക്ക് വിളിച്ച ഞാന്‍ 183 ദിവസം അതില്‍ അഭിനയിച്ചു. സമയം നന്നാവുമ്പോള്‍ സാഹചര്യം നമുക്ക് വേണ്ടി മാറിത്തരും,’ കൃഷ്ണകുമാര്‍ പറഞ്ഞു.
Content Highlight: Krishnakumar about a funny incident of his partner