| Tuesday, 4th April 2017, 7:20 pm

'അറസ്റ്റ് നാടകം'; പി.കൃഷ്ണദാസിന്റെ അറസ്റ്റ് സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കമെന്ന് ജിഷ്ണുവിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പ.കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. നാളെ ആരംഭിക്കുന്ന സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അറസ്റ്റിനു പിന്നിലെന്നും മഹിജ പ്രതികരിച്ചു. പ്രവീണ്‍ ഉള്‍പ്പടെയുള്ള കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും മഹിജ പറഞ്ഞു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് ചെയ്തതിനു ശേഷം കൃഷ്ണദാസിനെ വിട്ടയക്കും.

കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളുകയായിരുന്നു. കൃഷ്ണദാസിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്ന ഹര്‍ജികള്‍ തള്ളിയത്. അതേസമയം, കേസിലെ മറ്റ് പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നേരത്തെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക് തീരുമാനിച്ചിരുന്നു. ജിഷ്ണു മരണപ്പെട്ട് 89 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. ഈ മാസം അഞ്ചിന് ഡിജിപി ഓഫീസിനു മുന്നിലാണ് കുടുംബാംഗങ്ങളുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.


Also Read: സഞ്ജയ് യാദവ് എന്ന ഐ.പി.എല്ലിലെ ‘രഹസ്യായുധം’ നിറം പിടിക്കുന്നത് മകനു വേണ്ടി നാടുവിട്ട കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക്


കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വാട്ട്‌സാപ്പ് സന്ദേശങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഇത് കേസന്വേഷണത്തില്‍ കൂടുതല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

We use cookies to give you the best possible experience. Learn more