| Sunday, 11th October 2020, 10:28 am

ബി.ജെ.പിയില്‍ തര്‍ക്കം മുറുകുന്നു; വി.മുരളീധരനെതിരെ കൃഷ്ണദാസ് - ആര്‍.എസ്.എസ് വിഭാഗം; മുതിര്‍ന്ന നേതാക്കള്‍ മേഖല യോഗം ബഹിഷ്‌കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വി മുരളീധരനെതിരെ ബി.ജെ.പിയില്‍ തര്‍ക്കം മുറുകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മേഖല യോഗങ്ങള്‍ ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചു.

പി.കെ കൃഷ്ണദാസ് – ആര്‍.എസ്.എസ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് മുരളീധരനെതിരെ രംഗത്ത് എത്തിയത്. തൃശ്ശൂരില്‍ വെച്ച് നടന്ന മേഖല യോഗത്തില്‍ നിന്ന് മുന്‍സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭനും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടു നിന്നു.

നേരത്തെ കോട്ടയത്തുചേര്‍ന്ന മേഖലാ യോഗത്തില്‍നിന്ന് മറ്റൊരു വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനും വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റിയിലും സി.കെ പത്മനാഭന്‍ പങ്കെടുത്തിരുന്നില്ല.

നേരത്തെ കുമ്മനം രാജശേഖരനെ തഴഞ്ഞ് എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതിനെതിരെ കോര്‍കമ്മറ്റി യോഗത്തില്‍ വിമര്‍ശനം ഉയരുകയും ആര്‍.എസ്.എസ് തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ മുരളീധരനൊപ്പം പി.ആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ചതും വിവാദമായത്. സ്മിത മേനോന്‍ മഹിളാമോര്‍ച്ച ഭാരവാഹിയായതും തര്‍ക്കം രൂക്ഷമാക്കി.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

കുമ്മനത്തിനെ തഴഞ്ഞതിനുള്ള അമര്‍ഷം ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെ ആര്‍.എസ്.എസ് നേരിട്ടറിയിക്കുകയും ചെയ്തു.

കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്നും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

തങ്ങളെ നിരന്തരം അവഗണിക്കുന്നതായാണ് കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്ന ആരോപണം. കെ. സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നിരുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനമാണ് ശോഭ സുരേന്ദ്രന് ബി.ജെ.പി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.

ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.ഇതിനിടയ്ക്ക് അബ്ദുള്ള കുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുരളീധരനെതിരെ പുതിയ ആയുധം കൃഷ്ണദാസ് പക്ഷത്തിന് ലഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Krishnadas – RSS faction against V Muraleedharan; Senior leaders boycotted the regional meeting

We use cookies to give you the best possible experience. Learn more