| Wednesday, 22nd March 2017, 11:29 am

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടക്കാഞ്ചേരി: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു.

വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. അതേസമയം ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൃഷ്ണദാസിന് ജാമ്യം അനുവദിച്ചാല്‍ തെളിവുനശിപ്പിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസിലെ ആറാം പ്രതി സുകുമാരന് കോടതി ജാമ്യം അനുവദിച്ചു.

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പി. കൃഷ്ണദാസിനെയും മറ്റു നാലു പ്രതികളെയും വടക്കാഞ്ചേരി കോടതി ഇന്നലെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷഹീറിനെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ പിആര്‍ഒ വല്‍സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായിരുന്നു.

ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷഹീറിനെ കൃഷ്ണദാസ് മര്‍ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.

കോളജില്‍ നടന്ന അനധികൃതമായ പണപ്പിരിവിനെ ചോദ്യം ചെയ്തതും ഇതിനെതിരെ പരാതി നല്‍കിയതിലുമുള്ള പകയാണ് ഷഹീറിനെ മര്‍ദ്ദിക്കാനുള്ള കാരണമായി പരാതിയില്‍ പറയുന്നത്. ഷഹീറിനെ എട്ടു മണിക്കൂറോളമാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. പുറത്തുപറഞ്ഞാല്‍ റാഗിങ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.


Dont Miss ജിഷ്ണു കേസ്; കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ –


പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്.

ഇതിനു പിന്നാലെയാണ് ഏതാണ്ടു സമാനമായ ഷഹീറിന്റെ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. ജിഷ്ണു ആത്മഹത്യ ചെയ്യുന്നതിന് മൂന്നു ദിവസം മാത്രം മുന്‍പായിരുന്നു ഷഹീറിനെതിരായ മര്‍ദ്ദനം. നേരത്തെ, തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more